ധനാഢ്യരേ, ധര്‍മ്മവഴിയ്ക്കു നിങ്ങള്‍
കാണിക്കവെക്കും നറുമുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍ തന്‍ വിയര്‍പ്പു-
നീര്‍ത്തുള്ളിയാണീശ്വരനേറെയിഷ്ടം.
വള്ളത്തോള്‍

ധനരഹിതനവന്‍, ധനത്തിനെല്ലാം
പ്രഭവ,മധീശനവന്‍, ശ്മശാനവാസി,
ശിവനവനഥ ഭീമരൂപനും താന്‍
ഉലകിതിലാര്‍ക്കറിയാം ഹരന്‍റെ തത്വം?
ഏ.ആർ. രാജരാജവർമ്മ (കുമാരസംഭവം പരിഭാഷ)

ധ്യാനശീലനവനങ്ങധിത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍,
വാനില്‍ നിന്നു നിജനീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലവേ.
കുമാരനാശാന്‍(നളിനി)

ധന്വന്തരി,ക്ഷപണകാ,മരസിംഹ,ശങ്കു:
വേതാളഭട്ട,ഘടകർപ്പര,കാളിദാസ:
ഖ്യാതോ വരാഹമിഹിരോ ന്യപതേ: സഭായാം
രത്നാനിവൈ: വരരുചിർന്നവ വിക്രമസ്യ.

ധീരശ്രീ സര്‍വ്വസൈന്യാധിപനുടെ കരവാ,ളൂഴിപന്നുള്ള ചെങ്കോ-
ലീരണ്ടിന്നും നമിക്കാത്തൊരു പഴയമഹാശക്തി മീതേ ജയിപ്പൂ;
സാരജ്ഞേ! തല്‍ പ്രയുക്തം നിയമമനുസരിച്ചിന്നുലോകങ്ങളോരോ
നേരത്തോരോ വിധത്തില്‍ തിരിയുമതു തടുത്തീടുവാനാവതല്ല.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

ധീരനായ യതി നോക്കി തന്വി തന്‍
ഭൂരിബാഷ്പപരിപാടലം മുഖം,
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍
ധാരയാര്‍ന്ന പനിനീര്‍സുമോപമം.
കുമാരനാശാന്‍(നളിനി)

ധീരത്വത്താലനതിശയിതേ! പൂരുഷന്മാരുമന്ത-
സ്സാരത്താല്‍ നിന്‍ സദൃശത കലര്‍ന്നേറെയിപ്പാരിലില്ല,
നേരത്രേ ഞാന്‍ നിരുപമഗുണേ! നിന്‍റെ ധൈര്യത്തെയാണീ
നേരത്തോര്‍ക്കുന്നതു ദൃഢതരാലംബമായംബുജാക്ഷി!
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

ധരയില്‍ക്കൃപ പെയ്യുവാന്‍ പയോ-
ധരമായീശനയച്ചു പുത്രനെ.
പെരുമാരി കണക്കു പെയ്തവന്‍
പുരുഷാരത്തിനു വിസ്മയങ്ങളെ.
ജോയ് വാഴയില്‍(മാതൃവിലാപം)

ധര്‍മ്മാധര്‍മ്മമഹാരണം ജയപരാഭൂതിപ്രകീര്‍ണ്ണം, പരം
മര്‍മ്മാഗാമിസമസ്തബന്ധനിവഹം ഭൂവില്‍ച്ചിരം ബന്ധനം.
കര്‍മ്മാധീനമശേഷ,മീ ഗഗനമിന്നെന്നേക്കുമായ് വിട്ടു ഞാന്‍;
ദുര്‍മ്മാര്‍ഗ്ഗാചരിതന്‍ പ്രവാഹകനിവന്നില്ലേറെ നാളുര്‍വ്വിയില്‍.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)