ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൌവര്‍ണ്ണപിണ്ഡമതുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ തപനമണ്ഡലകൈതവത്താല്‍.
വി.സി.ബാലകൃഷ്ണപ്പണിക്കർ(വിശ്വരൂപം)

ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടി യമമൂര്‍ത്തി ഭീകരം
ഏകയായവിടെ നിന്നു, സൂചിയേ-
റ്റാകിലെന്നുടലറിഞ്ഞിടാതെ ഞാന്‍.
കുമാരനാശാന്‍(നളിനി)

ലോകം ശാശ്വതമല്ല, ജീവിതസുഖസ്വപ്നങ്ങള്‍ മായും, വരും
ശോകം, മായികബുദ്ബുദങ്ങള്‍ മറയും, പായും സരിത്സഞ്ചയം,
നാകം കാല്‌പനികോത്സവാങ്കിതലസത്ക്കാനല്‍ജലം - പിന്നെയെ-
ന്തേകം, സത്യ, മനശ്വരം? മൃതി - അതേ, മൃത്യോ, ജയിക്കുന്നു നീ!
ചങ്ങമ്പുഴ

ലോകം ശാശ്വതധര്‍മ്മബന്ധുരമലര്‍ക്കാവായ് ലസിപ്പാന്‍, മഹാ-
ശോകം ജീവനിലേറ്റിടുമ്പൊഴുമകക്കാലുഷ്യമേതും വിനാ,
ശ്രീകസ്വച്ഛമനോജ്ഞമായി വിലസും രാമാനനം മുത്തുവാ-
നാകമ്പ്രാനിലവീചിയായരികിലേയ്ക്കെത്തീടിനാള്‍ മൈഥിലി.
ജോയ് വാഴയില്‍(രാമാനുതാപം)

ലീലാരസത്തിനിടയില്ലധുനാ വിളംബ-
മേലാതുണര്‍ത്തുവതിനുണ്ടൊരു കാര്യമെന്നായ്
കാലാരിശിഷ്യനഗജാതനയന്‍റെ കൈക-
ളാലാഞ്ഞു പുല്കിയ പിടുത്തമുടന്‍ വിടുര്‍ത്തീ.
വള്ളത്തോൾ(ശിഷ്യനും മകനും)

ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക, മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.
കുമാരനാശാന്‍(നളിനി)

ലലിതലലിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം.
കുമാരനാശാന്‍(ലീല)

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?
വലിയകോയിത്തമ്പുരാൻ(മയൂരസന്ദേശം)

ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സത്‌കീര്‍ത്തി, വിദ്വല്‍-
ഭാവം കൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാം വന്‍പ്രതാപം
ഈവണ്ണം വര്‍ണനീയം ഗുണമഖിലമൊരേ വാതിലില്‍ തട്ടിമുട്ടി-
ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവില്‍ ചെന്നുചേരുന്നുവല്ലോ.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

ലവകുശരെ വളര്‍ത്തി ജാനകി,
വിവിധകലാവിധിശാസ്ത്രശസ്ത്രരായ്,
അവര്‍ മുനിയൊടുമൊത്തു വന്നിതെന്‍
സ്തവകസുകാവ്യസുഗേയവിശ്രുതര്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ലവകുശരിതിനാമധാരികള്‍,
യവനനിബന്ധനലക്ഷ്യമാര്‍ന്നവര്‍,
യുവഭടരെ രണത്തില്‍ നേരിടാ-
നവിടെയണഞ്ഞധിരാജനാമിവന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ലാളിച്ചു, പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍.
കുമാരനാശാന്‍(വീണപൂവ്)