കവിപരിചയം


കുമാരനാശാന്‍(1873-1924)





എന്‍.കുമാരനാശാന്‍(1873-1924) മലയാളത്തിലെ ആധുനികകവിത്രയങ്ങളില്‍ ഒരാള്‍. മദ്രാസ് സര്‍വകലാശാല 1922-ല്‍ മഹാകവി എന്ന സ്ഥാനം സമ്മാനിച്ചു. ശ്രീനാരായണഗുരുവിന്‍റെ ശിഷ്യനായിരുന്ന തത്വചിന്തകനും സാമൂഹ്യപരിഷ്കര്‍ത്താവും. നൈതികവും ആത്മീയവുമായ അടിത്തറയില്‍ ഉറപ്പിച്ച സ്നേഹചൈതന്യത്തിന്‍റെ അനശ്വരഗായകന്‍. ജനുവരി 1924-ന് പല്ലനയുണ്ടായ ബോട്ടപകടത്തില്‍ 51 വയസ്സില്‍ യശ:ശരീരനായി. പ്രധാനകൃതികള്‍: ചിന്താവിഷ്ടയായ സീത, വീണപൂവ്, ലീല, നളിനി, കരുണ, ചണ്ഡാലഭിക്ഷുകി, പ്രരോദനം, ദുരവസ്ഥ.
 
വള്ളത്തോള്‍ നാരായണമേനോന്‍(1878-1958)




വള്ളത്തോള്‍ നാരായണമേനോന്‍(1878-1958): മലയാളത്തിലെ ആധുനികകവിത്രയത്തില്‍ ഒരാള്‍. ഇംഗ്ലീഷ് അറിയാതിരുന്നിട്ടും ആധുനികകവിതാപാത പിന്തുടര്‍ന്നു. ദേശീയവും സാമൂഹ്യപരവും സാസ്കാരികവുമായ നിരവധി കൃതികള്‍ രചിച്ചു. ചെറുതുരുത്തിയില്‍ കേരളകലാമണ്ഡലം സ്ഥാപിച്ചു. കഥകളിയുടെ ഉന്നമനത്തിനായി പ്രയത്നിച്ചു. ചിത്രയോഗം മഹാകാവ്യം രചിച്ചു. മറ്റു പ്രധാനകൃതികള്‍: സാഹിത്യമഞ്ജരി(11 ഭാഗങ്ങള്‍), മഗ്ദലനമറിയം, ബധിരവിലാപം, കൊച്ചുസീത, ശിഷ്യനും മകനും.


ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
(1877-1949)





ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍(1877-1949): മലയാളത്തിലെ ആധുനികകവിത്രയത്തില്‍ ഒരാള്‍. മലയാളത്തിലെ ക്ലാസ്സിക്കല്‍പാരമ്പര്യം പിന്തുടര്‍ന്ന കവി. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ചീഫ്സെക്രട്ടറിയായി വിരമിച്ച ഉള്ളൂര്‍ വലിയ പണ്ഡിതനും ചരിത്രകാരനും കൂടിയായിരുന്നു. ഉമാകേരളം മഹാകാവ്യം രചിച്ചു. അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച കേരളസാഹിത്യചരിത്രം മികച്ച പഠനകൃതി. മറ്റു പ്രധാനകൃതികള്‍: കര്‍ണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല.


കുഞ്ചന്‍ നമ്പ്യാര്‍
(1705-1770)




കുഞ്ചന്‍ നമ്പ്യാര്‍(1705-1770): തുള്ളല്‍സാഹിത്യത്തിന്‍റെ ഉപജ്ഞാതാവായ മലയാളകവി. ജനനം കിള്ളിക്കറിശ്ശിമംഗലം. ദീര്‍ഘകാലം ചിലവഴിച്ചത് അമ്പലപ്പുഴയില്‍. ചാക്യാര്‍കൂത്തിനു ബദലായി സാധാരണജനങ്ങള്‍ക്കുവേണ്ടി തുള്ളല്‍ക്കലാരൂപം രൂപപ്പെടുത്തി. ഹാസ്യവിമര്‍ശനാത്മകമാണ് തുള്ളല്‍ക്കൃതികള്‍. നാല്പതിലേറെ തുള്ളല്‍ക്കവിതകള്‍ രചിച്ചു. പുരാണകഥകള്‍ സാമൂഹ്യവിമര്‍ശനത്തിന് തുള്ളലുകളിലൂടെ ഉപയോഗപ്പെടുത്തി. പ്രധാനകൃതികള്‍: സ്യമന്തകം, ഘോഷയാത്ര, കിരാതം, സന്താനഗോപാലം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, ബകവധം, കല്യാണസൗഗന്ധികം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം.

വെണ്മണി മഹന്‍(1844-1893)

വെണ്മണി മഹന്‍(1844-1893): കൊടുങ്ങല്ലൂര്‍കോവിലകത്തു വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ മകനായി ജനനം. തമിഴില്‍ നിന്നു സ്വതന്തമായ മലയാളത്തില്‍ രചന. ശൃംഗാരപ്രധാനമായ ശ്ലോകങ്ങള്‍ രചിച്ചു. പൂരപ്രബന്ധവും ഭൂതിഭൂഷചരിതവും പ്രധാനകൃതികള്‍.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍(1845-1914)




പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളകവിതയുടെ നവോത്ഥാനത്തിനു നേതൃത്വം വഹിച്ച പ്രതിഭ. കാളിദാസന്‍റെ ശാകുന്തളം പരിഭാഷ ചെയ്തതിനാല്‍ കേരളകാളിദാസന്‍ എന്ന് അറിയപ്പെട്ടു. ദ്വിതീയാക്ഷരപ്രാസവാദത്തില്‍ പ്രാസവാദികള്‍ക്കു നേതൃത്വം നല്കി. മയൂരസന്ദേശം എന്ന സന്ദേശകാവ്യവും വിശാഖവിജയം എന്ന മഹാകാവ്യവും രചിച്ചു.

ഏ.ആര്‍.രാജരാജവര്‍മ്മ(1863-1918)




മലയാളഭാഷാപണ്ഡിതനും കവിയും. ഇന്നത്തെ യൂണിവേഴ്സിറ്റികോളേജില്‍ പ്രൊഫസ്സര്‍ പദവി വഹിച്ചു. കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ വിജ്ഞാനകൃതികളുടെ കര്‍ത്താവാണ്. കേരളപാണിനി എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്നു. മേഘദൂത്, കുമാരസംഭവം, ശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തം എന്നീ കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്തു. കുമാരനാശാന്‍ പ്രരോദനം എന്ന വിലാപകാവ്യം രചിച്ചത് ഇദ്ദേഹത്തിന്‍റെ നിര്യാണം മൂലമാണ്.


നാലപ്പാട്ടു നാരായണമേനോന്‍(1887-1954)



പ്രിയപത്നിയുടെ നിര്യാണം മൂലം രചിച്ച കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യമാണ് കൃതികളില്‍ പ്രധാനം. കൂടാതെ, വിക്ടര്‍ ഹ്യൂഗോയുടെ ലാ മിറാബെലാ, പാവങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ആര്‍ഷാഞ്ജനം, രതിസാമ്രാജ്യം, സുലോചന, ദൈവഗതി എന്നിവയാണ് ഇതരകൃതികള്‍.

ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി(1857-1916)

ചെറുപ്പത്തില്‍ തന്നെ ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങി. കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗം. നിരവധി ദേവീസ്തുതികള്‍ രചിച്ചിട്ടുണ്ട്. ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയവ അവയില്‍ ചിലതാണ്. കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷചെയ്തു. സരസ്വതീസ്തുതി, നാരദചിന്ത, കാളീയമര്‍ദനം തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളും രചിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍(1864-1913)




വെണ്‍മണി അച്ഛന്‍ നമ്പൂതിരിയുടേയും കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടേയും മകനായി ജനിച്ചു. പതിനാറാം വയസ്സില്‍ മഴുവന്‍സമയകവിതയെഴുത്ത് ആരംഭിച്ചു. ഇരുപത്തിമൂന്നാം വയസ്സില്‍ കവിഭാരതം എന്ന ആദ്യഗ്രന്ഥം പ്രകാശിപ്പിച്ചു. പച്ചമലയാളരചനയും പുരാണപരിഭാഷയും ആരംഭിച്ചത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. 874 ദിവസം കൊണ്ട് മഹാഭാരതം മുഴുവന്‍ ഒറ്റയ്ക്ക് പരിഭാഷപ്പെടുത്തിയതിനാല്‍ കേരളവ്യാസന്‍ എന്ന് അറിയപ്പെടുന്നു. 49 വയസ്സില്‍ അന്തരിച്ച ഈ മഹാപ്രതിഭ സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികള്‍ രചിച്ചു.

പൂന്താനം (1547-1640)




മലയാളത്തിലെ ഭക്തകവികളില്‍ പ്രമുഖനായ പൂന്താനം ഗുരുവായൂരപ്പഭക്തനായിരുന്നു. മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തിന്‍റെ പേരാണ് പൂന്താനമെന്നത്. കവിയുടെ യഥാര്‍ത്ഥനാമം അജ്ഞാതം. ഏകമകന്‍റെ മരണത്തിലുള്ള ദു:ഖത്തില്‍ എഴുതിയ തത്വജ്ഞാനപ്രധാനമായ ഭക്തി കാവ്യമാണ് ജ്ഞാനപ്പാന. ഇതുകൂടാതെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം, ആനന്ദാമൃതം, സന്താനഗോപാലം പാന തുടങ്ങിയ പദ്യകൃതികള്‍ രചിച്ചു. മേല്പത്തൂര്‍ നാരായണഭട്ടതിരിയെന്ന പണ്ഡിതകവിയുടെ സമകാലീനനായിരുന്നു. പൂന്താനത്തിന്‍റെ ഭക്തിയെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും നിലവിലുണ്ട്.

ചങ്ങമ്പുഴ കൃഷ്ണപിള്ള
(1911-1948)






മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. സ്വരരാഗ സുധ, രമണൻ, പാടുന്നപിശാച്‌, ലീലാങ്കണം,രക്‌തപുഷ്പങ്ങൾ, മഗ്ദലമോഹിനി, സ്പന്ദിക്കുന്ന അസ്ഥിമാടം എന്നിവയാണ് പ്രധാനകൃതികള്‍.


കെ.സി. കേശവപിള്ള (1868-1913)




പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനും. കൊല്ലത്തിനടുത്ത് പരവൂരിൽ രാമൻപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രധാനകൃതികള്‍: പ്രഹ്ളാദചരിതം, ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം, വിക്രമോർവ്വശീയം, സദാരാമ, രാഘവമാധവം, ലക്ഷ്മീകല്യാണം, ആസന്നമരണ ചിന്താശതകം, കേശവീയം.

വി.സി. ബാലകൃഷ്ണപ്പണിക്കർ(1889 - 1912)



മലയാള കവിതയിലെ പരിവർത്തനയുഗത്തിന്‍റെ ശിൽപി. മലപ്പുറം ജില്ലയിലെ ഊരകം മേൽമുറിയിൽ കപ്പേടത്ത് തലാപ്പിൽ കൃഷ്ണനുണ്ണിനായരുടെയും വെള്ളാട്ട് ചെമ്പലഞ്ചീരി മാധവിക്കുട്ടി എന്ന അമ്മുണ്ണിഅമ്മയുടെയും മകനായി ജനിച്ചു. കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. പ്രധാനകൃതികള്‍: കുമാരചരിതം, ഇന്ദുമതീസ്വയംവരം, ഒരു വിലാപം, വിശ്വരൂപം. ക്ഷയരോഗബാധിതനായി 1912 ഒക്ടോബർ 20 ന് (24 വയസ്സ് തികഞ്ഞിരുന്നില്ല ) അന്തരിച്ചു.

വയലാര്‍ രാമവര്‍മ്മ
(1928-1975)



മലയാളത്തിലെ പ്രശസ്തനായ ആധുനികകവിയും ചലച്ചിത്രഗാനരചയിതാവും. ആലപ്പുഴ ജില്ലയില്‍ വയലാറില്‍ വെള്ളാരപ്പിള്ളി കേരളവര്‍മ്മയുടേയും അംബാലികത്തമ്പുരാട്ടിയുടേയും മകനായി ജനനം. പ്രധാനകൃതികള്‍ : സര്‍ഗ്ഗസംഗീതം, മുളങ്കാട്. പാദമുദ്രകള്‍, ആയിഷ, ഒരു ജൂദാസ് ജനിക്കുന്നു, എനിക്കു മരണമില്ല, കൊന്തയും പൂണൂലും. 2000-ല്‍ പരം സിനിമാ-നാടകഗാനങ്ങളും രചിച്ചിട്ടുണ്ട്.

വൈലോപ്പിള്ളി ശ്രീധരമേനോൻ(1911 - 1985)




ശ്രദ്ധേയനായ മലയാളകവിയായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായിരുന്നു. 1968-71 കാലയളവിൽ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. കൃതികൾ: മാമ്പഴം, കന്നിക്കൊയ്ത്ത്, സഹ്യന്റെ മകൻ, ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, വിത്തും കൈക്കോട്ടും,


ഡോ. ജോയ് വാഴയില്‍(1963 -)




എറണാകുളം ജില്ലയില്‍ കിങ്ങിണിമറ്റത്തു വി.വി.പത്രോസിന്‍റെയും ഏലിയാമ്മയുടെയും മകനായി ജനനം. മലയാളത്തില്‍ കവിതകള്‍ എഴുതുന്നു. തത്വശാസ്ത്രം, കല, ശാസ്ത്രം, പരിസ്ഥിതി എന്നിവ പ്രിയപ്പെട്ട മേഖലകള്‍.കൃതികള്‍: ന്യായാധിപന്‍ (നോവല്‍), മണല്‍വരകള്‍, നിമിഷജാലകം, രാമാനുതാപം, നിലാനിര്‍ഝരി, ശലഭയാനം, മാതൃവിലാപം(കവിത).

അരിയൂര്‍ ഉണ്ണിക്കൃഷ്ണന്‍
(1950-)




പള്ളിപ്പാട്ട് രാമന്‍ നമ്പീശന്‍റേയും സാവിത്രി ബ്രാഹ്മണിയമ്മയുടേയും മകനായി തൃശ്ശൂര്‍ അരിയന്നൂരില്‍ ജനനം. അക്ഷരശ്ലോകകലയ്ക്ക് മഹത്തായ സംഭാവനകള്‍ സമര്‍പ്പിക്കുന്നു. പ്രധാനകൃതികള്‍: നൂറുപൂക്കള്‍, സഹസ്രദളം, അക്ഷരശ്ലോകഡയറക്ടറി - 2000.