ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ,നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ,നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!
കേരളവര്‍മ്മ പഴശ്ശിരാജാ

ജാതസൗഹൃദമുറങ്ങുവാന്‍ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോല്‍
നീ തുനിഞ്ഞു നിരസിച്ചിരിക്കില്‍ ഞാ-
നേതു സാഹസികനാമഹോ! പ്രിയേ.
കുമാരനാശാന്‍(നളിനി)

ജ്യോതിസ്സുദ്ഭൂതമായോരവികലവിമലോദാരസമ്പൂര്‍ണ്ണബോധം
നീതിത്തേരില്‍ പ്രപഞ്ചപ്രചുരിമ വെളിവാക്കീടുവാന്‍ സഞ്ചരിക്കേ,
ഏതിന്‍ നിശ്ശൂന്യവന്യത്തടവറയതിനെച്ചുറ്റി,യാ ബന്ധനത്തിന്‍
വാതില്‍ക്കല്ലിന്നു മാറീ, മരണമവനതം ചെയ്കയായ് വിണ്‍പ്രവക്തം.
ജോയ് വാഴയില്‍(മാതൃവിലാപം)

ജനയിത്രി, വസുന്ധരേ, പരം
തനയസ്നേഹമൊടെന്നെയേറ്റി നീ
തനതുജ്ജ്വലമഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മു ഞാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ജനമപവചനങ്ങളോതവേ,
വനമവളോടൊരുമിച്ചു പൂകുവാന്‍
പുനരിവനതു പോല്‍ നിനയ്ക്കുകില്‍
അനുശയമാര്‍ന്നവരഞ്ചുകില്ലയോ?
ജോയ് വാഴയില്‍(രാമാനുതാപം)

ജനമെന്നെ വരിച്ചു മുമ്പു താ-
നനുമോദത്തൊടു സാര്‍വഭൗമിയായ്,
പുനരെങ്ങനെ നിന്ദ്യയായി ഞാന്‍
മനുവംശാങ്കുരഗര്‍ഭമാര്‍ന്നനാള്‍?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ജനമുലകില്‍ വസിച്ചിടുന്നതു-
ണ്ടനവധി, ധാര്‍മ്മികനിഷ്ഠയെന്നിയേ.
ഘനരുജ,യതു മൂലമെത്തുവാന്‍
തുനിയുവതില്ലവരിങ്കലാരിലും.
ജോയ് വാഴയില്‍(രാമാനുതാപം)

ജനകാജ്ഞ വഹിച്ചുചെയ്ത തന്‍
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാന്‍;
അനയന്‍ പ്രിയനെന്നെയേകയായ്
തനതാജ്ഞയ്ക്കിരയാക്കി കാടിതില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ജ്ഞാനത്തിന്റെ വെളിച്ചമാർന്നു തുഹിനം, ഭൂവാകെയുൾക്കൊണ്ടിടും
വാനത്തിന്റെ മഹസ്സിലാർന്നു ഹൃദയാഹ്ലാദത്തൊടാശ്ചര്യവും.
സൂനത്തിങ്കൽ സുഗന്ധമോടഴകു,മീ മഞ്ഞിൻ നറുംതുള്ളിയിൽ
ആനന്ദത്തിനപാരതാപ്രണവവും, സൃഷ്ടിച്ചു വൈശ്വാനരൻ.
ജോയ് വാഴയില്‍(നിറമെഴുതുംപൊരുൾ)

ജനിച്ചനാള്‍ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ച ലോകമേ!
നിനക്കു വന്ദനം, പിരിഞ്ഞുപോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാന്‍.
സിസ്റ്റർ മേരി ബനീഞ്ജ(ലോകമേ യാത്ര)

ജനകനതിനിരര്‍ഘവൈരമാം
തനയയെ നല്കിയെനിക്കു സീതയെ.
അനയ,നരചവൃത്തിയോര്‍ത്തു മുള്‍-
വനമതിലാ വസുവുദ്വസിച്ചു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ജനമരചനു നല്കിടും യശ-
സ്സിനു വിലയെത്രയുമേകിടാമിവന്‍;
നിനവിലുമപവാദകുത്സിതം
മനുകുലനാമകളങ്കമാകൊലാ.
ജോയ് വാഴയില്‍(രാമാനുതാപം)

ജനകജയുടല്‍ വിട്ടകന്ന നാള്‍,
ദിനകരനംബുധിയിങ്കലാഴവേ,
ഘനരുജയൊടു രാമനങ്ങണ-
ഞ്ഞനതിവിദൂരമതാം സരിത്തടം.
ജോയ് വാഴയില്‍(രാമാനുതാപം)

ജനകാത്മജ നീയൊഴിച്ചു മ-
ന്മനമാരുണ്ടറിയുന്നു ധര്‍മ്മവും?
അനഘേ,യതിനാല്‍ ക്ഷമിക്കുവാന്‍
കനിവാമോ സഖി, രാമദുര്‍ന്നയം?
ജോയ് വാഴയില്‍(രാമാനുതാപം)

ജനമൊക്കെയുമൊത്തുചേര്‍ന്നു വ-
ന്നനുതാപത്തൊടയച്ചു ഞങ്ങളെ
വനവാസദിനത്തി,ലീവിധം
പുനരപ്രീതി ഭവിച്ചതെങ്ങനെ?
ജോയ് വാഴയില്‍(രാമാനുതാപം)

ജന്തുകര്‍മ്മനിറസാഗരം കട-
ഞ്ഞന്തരാമൃതമുണര്‍ത്തുവാന്‍ വിധി
സ്വന്തലക്ഷ്യമൊടു യത്നമേലവേ,
ചിന്തിടുന്നമൃതൊടൊപ്പമായ് വിഷം.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ജീവച്ഛേദനമാകുമാധി പിടിപെട്ടാലും മനസ്വിവ്രജം
വൈവശ്യം കലരാതെ കൃത്യമതിയാല്‍ വാഴാം കുറഞ്ഞോരു നാള്‍;
പൂവറ്റാലുമുടന്‍ കരിഞ്ഞിടുവതില്ലോരില്ല തീക്ഷ്ണക്ഷതം;
ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം.
കുമാരനാശാന്‍(പ്രരോദനം)

ജവമവിടെയണഞ്ഞു രേവ നീട്ടും
ധവളതരംഗകരങ്ങളില്‍ സതോഷം
അവളുടനെ കുതിച്ചു കൊള്ളിമീന്‍ പോ-
ലവനതയാവതു ഹന്ത! തോഴി കണ്ടാള്‍.
കുമാരനാശാന്‍(ലീല)

ജീവിതേശനെയനുഗ്രഹിക്കവന്‍
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടന്‍
ഈവിധം തുനിവതാമശക്ത ഞാന്‍
ദേവി, നിന്‍പദമണയ്ക്കയംബികേ!
കുമാരനാശാന്‍(നളിനി)

ജീവല്‍കന്ദളകാന്തിയില്‍, നറുനിലാവെണ്‍പട്ടണിഞ്ഞന്‍പെഴും
ലാവണ്യാംഗി ശയിക്കവേ, തരളമായ് താരാങ്കിതാകാശവും.
പൂവല്ലിക്കുടിലില്‍ത്തളിര്‍ത്തു പുളകോന്മാദം, കരള്‍ത്താരുകള്‍
കൈവല്യാമൃതരാഗനിര്‍ഝരിണിയില്‍ ചെമ്മേ വിരിഞ്ഞാടിനാര്‍.
ജോയ് വാഴയില്‍(നിമിഷജാലകം)

ജളമതിയിഹ ദോഷമെന്നു താന്‍ നീ-
യുഴറിയതെങ്കിലുമൊന്നു സത്യമായി;
ഉലകിതു പണിയും സ്വയംഭുവിന്നും
തലവനവന്‍റെ കുലം ഗണിപ്പതുണ്ടോ?
ഏ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)