ഇടപെട്ടിവരൊത്തു മേവുവാ-
നിടയാക്കീടിന ദുര്‍വിധിക്കഹോ,
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവില്‍ത്താനൃണബദ്ധയായി ഞാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇടരിനവധിയെത്തുവാനഹോ
തുടരുകയായ് സ്ഥിരശീല പിന്നെയും
ഇടയിലിഹ മഹാനിപാതയാം
തടിനി കണക്കു തകര്‍ന്ന ജീവിതം.
കുമാരനാശാന്‍(ലീല)

ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ,
സതതം പിടിപെട്ടെരിക്കുമ-
ച്ചിതയാം ശങ്ക മനുഷ്യനുള്ളതാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇതുവിധമതിനിര്‍ദ്ദയം കല
മതിയില്‍ വളര്‍ന്നതു രാജസത്ത്വമായ്
പ്രതിഹതനിവനോതി, ലക്ഷ്മണന്‍
പ്രതിവിധിയൊന്നുമെഴാഞ്ഞു ദഗ്ദ്ധനായ്.
ജോയ് വാഴയില്‍(രാമാനുതാപം)

ഇത! വെള്ളിയുദിച്ചു; വാടിയില്‍
ബത കൂവാന്‍ തുനിയുന്നു പക്ഷികള്‍;
സ്ഥിതി രാവിനു മാറിടുന്ന മു-
മ്പതിദൂരം സഖി, പോക പോക നാം.
കുമാരനാശാന്‍(ലീല)

ഇതുവിധമുരചെയ്തു പിന്നിലെന്‍
ഗതിതുടരുന്നൊരു രൂപമോര്‍പ്പു ഞാന്‍.
ചതിയിലവളെയേകയായ് വിടാന്‍
ധൃതിയിലുറച്ചു, കടുത്തൊരെന്മനം.
ജോയ് വാഴയില്‍(രാമാനുതാപം)

ഇതിഹാസപുരാണസല്‍ക്കഥാ-
സ്രുതിയാല്‍ ജീവിതഭൂ നനച്ചിവര്‍
ചിതമായരുളുന്നു ചേതനാ-
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇത്ര ധന്യത തികഞ്ഞു കാണ്മതി-
ല്ലത്ര നൂനമൊരു സാര്‍വ്വഭൗമനില്‍;
ചിത്തമാം വലിയ വൈരി കീഴമര്‍-
ന്നത്തല്‍ തീര്‍ന്ന യമി തന്നെ ഭാഗ്യവാന്‍.
കുമാരനാശാന്‍(നളിനി)

ഇതരേതരഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നില്ക്കുക;
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇതി പലവിധമോര്‍ത്തുഴന്നു തന്‍
മതിയവളന്നുരുപീഡ തേടിനാള്‍;
എതിരിടുമഴല്‍ താങ്ങുമാരു,മാര്‍-
ക്കതിരുജ ഭാവിഭയങ്ങള്‍ നല്കിടാ?
കുമാരനാശാന്‍(ലീല)

ഇതി പിന്നെയുമിദ്ധരാഗയാ-
ളധികോല്‍കണ്ഠമഹോ! ത്വരിക്കവേ,
മതിശാലിനി വാച്യഭീതിയാല്‍
ക്രുധയാര്‍ന്നിങ്ങനെയോതിനാള്‍ സഖി.
കുമാരനാശാന്‍(ലീല)

ഇനി വിട പറയട്ടെ, ഞാനയോദ്ധ്യാ-
ജനതതിയോടു, സഹോദരങ്ങളോടും;
വനികകള്‍ നിറയും പ്രസൂനവല്ലീ-
സനിതകുതൂഹലരമ്യനാള്‍കളോടും.
ജോയ് വാഴയില്‍(രാമാനുതാപം)

ഇനിയൊരു പരിഹാസമുണ്ടു, ചൊല്ലാം:
ഒരുവിധമൊക്കെ വിവാഹവും കഴിഞ്ഞാൽ,
ഉടനൊരു മുതുകാള മേൽ കരേറും;
ഭവതിയെ നോക്കി മഹാജനം ചിരിക്കും.
ഏ.ആർ.രാജരാജവർമ്മ (കുമാരസംഭവം പരിഭാഷ)

ഇനി സുന്ദരമാ വചസ്സുകള്‍
കിനിയില്ലന്‍പുകള്‍ തേന്‍കണങ്ങളായ്.
കനിവാര്‍ന്നൊരു നോക്കിനാല്‍ക്കരള്‍
പനിനീര്‍ത്താരുകള്‍ ചൂടുകില്ലിനി.
ജോയ് വാഴയില്‍(മാതൃവിലാപം)

ഇനി യാത്ര പറഞ്ഞിടട്ടെ, ഹാ
ദിനസാമ്രാജ്യപതേ, ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിര്‍-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇന്നാട്ടിൽത്തവ തൃക്കൊടിത്തുകിൽ പറപ്പിക്കേണമെങ്കിൽ ഭവാൻ
വന്നാലും, മടിയാതെ നല്‍കുവനതിന്നെൻ പ്രാണവാതത്തെയും;
എന്നാലീ മദമത്തനാം മുകിലനോ, കാൽകൊണ്ടു മർദ്ദിക്കുവാ–
നെന്നാളും ലഭിയാ പവിത്രതരമാം തെന്നിന്ത്യ തൻ പാംസുവും!
വള്ളത്തോൾ(കാട്ടെലിയുടെ കത്ത്‌)

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിനുമില്ല നില - ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.
കുമാരനാശാൻ(വീണപൂവ്‌)

ഇന്നേ മുതല്‍ക്കയി നിനക്കു തപോധനത്താൽ
സിദ്ധിച്ച ദാസനിവനെന്നഥ ചന്ദ്രചൂഡൻ
കല്‍പ്പിക്കവേ, സുമുഖി മാലഖിലം മറന്നാൾ;
ക്ലേശം ഫലിക്കിലതു താൻ പുതുതായ സൌഖ്യം.
ഏ.ആർ.രാജരാജവർമ്മ (കുമാരസംഭവം പരിഭാഷ)

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടും പോൽ,
സത്പുഷ്പമേ,യിവിടെ മാഞ്ഞു സുമേരുവിങ്കൽ
കല്‍പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.
കുമാരനാശാൻ(വീണപൂവ്‌)

ഇയ്യാറ്റുനീരാഴിയിലെത്ര ചെന്നു
ചാടീ, വരുന്നുണ്ടതിനിന്നിയെത്ര!
ഒഴുക്കില്‍ വേരറ്റു മറിഞ്ഞുവീണ
വൃക്ഷങ്ങള്‍ പൊയ്പ്പോയവ തന്നെയല്ലോ.
നാലപ്പാട്ടുനാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഇരുവശവുമിളന്ന പൂക്കളെ-
ത്തരുനിരയാഞ്ഞുകൊഴിച്ചു മാഴ്കവേ,
മരുവിയവിടെ വീണടിഞ്ഞതാ-
മൊരു മലര്‍ പോലെ മദീയഭാമിനി.
ജോയ് വാഴയില്‍(രാമാനുതാപം)

ഇരവാശു കഴിഞ്ഞിടുന്നിതാ!
വിരഹോല്‍ക്കണ്ഠ പൊറാഞ്ഞു വാപിയില്‍
തിരിയെ പ്രിയയെത്തലോടുവാന്‍
കരയുന്നൂ സഖി, കോകനായകന്‍.
കുമാരനാശാന്‍(ലീല)

ഇരുണ്ടലച്ചാര്‍ത്തിടുമാഴിയിങ്ക-
ലെങ്ങാണ്ടു വെള്ളപ്പത കൂടിനില്ക്കേ,
ഉച്ചൈശ്രവസ്സെന്നുകൊതിച്ചു കേറി-
ക്കുടാന്‍ നിനപ്പൂ നിലയറ്റ മര്‍ത്ത്യന്‍.
നാലപ്പാട്ടുനാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഇരുള്‍ക്കരിക്കട്ടകള്‍ കൂട്ടിയിട്ട-
തിടിച്ചു വൈരപ്പൊടി ചിന്നിടും നീ
മഹത്വമേ, മൃത്യുവില്‍ നിന്നെനിക്കെ-
ന്നനശ്വരത്വത്തെയെടുത്തുകാട്ടും?
നാലപ്പാട്ടുനാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഇരുളിലൊരു വിളക്കുമെന്നിയേ
ചരണമെടുത്തിനി വെയ്ക്കണം ഭുവി;
കരതലമതിലാര്‍ന്ന ദീപമെന്‍
കരുമനയാലെ കെടുത്തിയോനിവന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ഇരവിഴുങ്ങിയപാമ്പു മടയ്ക്കകം
വയർപെരുത്തുഴലുന്നതുപോലെയാം,
വിഷയബന്ധിതകർമ്മഫലങ്ങളാൽ
വിവശർ ഭോഗികളീ ഭവകന്ദരേ.
പി.സി.മധുരാജ്

ഇരുട്ടു തട്ടാത്ത നവപ്രഭാത-
മിടയ്ക്കു നില്ക്കാത്ത വിലാസഗാനം,
കണ്‍കൊണ്ടുകാണാവുമിളംകുളിര്‍ക്കാ-
റ്റനക്ഷരം കിഞ്ചന ദിവ്യകാവ്യം.
നാലപ്പാട്ടുനാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഇരവിന്‍ പ്രതിസീര മാറ്റി വിണ്‍-
പുര തന്‍ ജാലകവാതിലില്‍ വിധു,
ത്വരയാര്‍ന്നു സമീക്ഷ ചെയ്കവേ,
അരചന്‍ വിഭ്രമമാര്‍"ന്നിതോ സഖി?"
ജോയ് വാഴയില്‍(രാമാനുതാപം)

ഇരുള്‍പ്പരപ്പാം മറകൊണ്ടു തന്മെയ്
മറച്ചിരുന്നാണു മരീചിമാലി
ലോകത്തെയാഹ്ലാദവികാസിയാക്കി-
ത്തീര്‍ക്കും പ്രഭാതത്തെ രചിപ്പതല്ലോ.
നാലപ്പാട്ടുനാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഇല്ല ദീപ്തി വഴിയൊന്നു കാണുവാന്‍,
അല്ലകന്നിടുവതിന്നില്‍ മാത്രമാം.
ഇല്ല പോംവഴി നടന്നിടാതെയു-
മല്ലലാല്‍ വിധി രചിപ്പു ജീവിതം.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ഇല്ലത്തുള്ളിടനാഴിതന്നിലൊരുനാളൊറ്റയ്ക്കുകണ്ടന്നു ഞാൻ
മുല്ലപ്പൂവണിമാല നിന്‍റെ മുടിയിൽ ചൂടിച്ചതോർക്കുന്നുവോ?
മെല്ലെക്കൈവിരലൊന്നുതൊട്ടനിമിഷം നാണിച്ചു നേർത്തുള്ള നിൻ
ചെല്ലക്കണ്ണിണകൂമ്പിനിന്നു വിടരാൻ വെമ്പുന്ന പൂമൊട്ടുപോൽ !
ദേവദാസ്

ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും
മാലോകർക്കും മതിമുഖി! വരാറില്ലയോ മാലനേകം?
ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാക്കി-
ക്കാലോപേതം കദനമതിനിക്കാണികൂടി ക്ഷമിക്ക.
വലിയകോയിത്തമ്പുരാൻ(മയൂരസന്ദേശം)

ഈവണ്ണമൻപൊടു വളർന്നഥ നിന്‍റെയംഗ-
മാവിഷ്കരിച്ചു ചില ഭംഗികൾ, മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ! അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
കുമാരനാശാൻ(വീണപൂവ്‌)‌

ഇവ ഭാവന,- ഭൂതകാലവും
ഭവകാലങ്ങള്‍, ഭവിഷ്യവും സഖീ,
ഭുവിയില്‍ വ്യതിരിക്തമായ് മെന-
ഞ്ഞവികല്പം പര,നില്ല വര്‍ത്തനം.
ജോയ് വാഴയില്‍(രാമാനുതാപം)

ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും, നരേന്ദ്ര-
ദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും,
കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാൻ
ദിഷ്ടക്കേടാൽ വരുവതു പരീഹാരമില്ലാത്തതല്ലോ!
വലിയകോയിത്തമ്പുരാൻ(മയൂരസന്ദേശം)

ഇഹത്തിലേ ധനം, സുഖം, യശസ്സു,മാഭിജാത്യവും
വഹിച്ചുകൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ;
അഹന്ത കൊണ്ടഴുക്കുപെട്ടിടാത്ത പുണ്യമൊന്നുതാൻ
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.
സിസ്റ്റർ മേരിബനീഞ്ജ(ലോകമേ യാത്ര)

ഇളകിലുമിതുപോലവള്‍ക്കുടന്‍
ഗളിതഭയം മദനോന്മുഖം മനം
കള ഝടിതി പറിച്ചു ഖിന്നമാം
മുളയതുപോലെ മുതിര്‍ന്നു, പൊങ്ങുവാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഇളതന്‍ ഹൃദയം പിളര്‍ന്നതില്‍
കളവാണീമണി വീണൊടുങ്ങവേ,
പ്രളയത്തിലമര്‍ന്ന ജീവി പോല്‍
അളവറ്റാര്‍ന്നരചന്‍ മതിഭ്രമം.
ജോയ് വാഴയില്‍(രാമാനുതാപം)

ഇറുപ്പവന്നും മലര്‍ ഗന്ധമേകും;
വെട്ടുന്നവന്നും തരു ചൂടകറ്റും;
ഹനിപ്പവന്നും കിളി പാട്ടുപാടും;
പരോപകാരപ്രവണം പ്രപഞ്ചം.
ഉള്ളൂര്‍(സുഖം സുഖം)