കേകയ്ക്കും കാകളിക്കും സരളമൊഴിയനുഷ്ടുപ്പിനും നീക്കുപോക്ക-
റ്റാകല്‍പം സ്രഗ്ദ്ധരയ്ക്കും പുതിയതലമുറക്കാരടുത്തൂണ്‍ കൊടുക്കേ,
ആകമ്രാകാരമോലും വിബുധകമനിമാര്‍, വൃത്തതന്വംഗിമാരീ
ശോകശ്ലോകത്തൊടേ പോയ്‌ ബധിരകവികളെക്കണ്ടു മിണ്ടാതെ നില്‍പാം.
യൂസഫലികേച്ചേരി(കുറുങ്കവിതകള്‍)

കല്‍ക്കണ്ടം, മുന്തിരിങ്ങാപ്പഴ, മട, വട, നെയ്പ്പായസം, തേന്‍വരിക്ക-
ച്ചക്കത്തുണ്ടം, പഴം, പാല്‍, പൊരിമല, രവി, ലപ്പം, ഗുളം, നാളികേരം
ഇക്കോപ്പെല്ലാം തരാം ഞാന്‍, കുടവയറിതു തിന്നൊട്ടു വീര്‍പ്പിച്ചൊരോട്ട-
ത്തൃക്കണ്ണിട്ടെന്നെ രക്ഷിക്കുക, തുഹിനഗിരിപ്പെണ്‍കിടാവില്‍ കിടാവേ!
ശീവൊള്ളി

കുഞ്ഞുമൊട്ടുകളെ നോക്കിയിന്നലെ
മഞ്ഞുഞാത്തുകളൊരുക്കി വാസരം.
മാഞ്ഞു പോമവയെയന്ത്യമായ് ക്ഷണ-
മാഞ്ഞുപുല്കി വിറ കൊണ്ടു തായമാര്‍.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു-
ണ്ടോടപ്പുല്‍ക്കുഴലിന്‍റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും,
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്‍റെ കണ്ണീരുമായ്‌
മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.
വയലാര്‍(സര്‍ഗ്ഗസംഗീതം)

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം - സേവിപ്പതിങ്ങജ്ഞരെ.
ഏ. ആര്‍. രാജരാജവര്‍മ്മ

കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
നാട്ടില്‍ പൊറുപ്പാനെളുതല്ല മേലില്‍;
വേട്ടയ്ക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം പിരിഞ്ഞിട്ടവനേകനായി.
കുഞ്ചന്‍ നമ്പ്യാര്‍(ശ്രീകൃഷ്ണചരിതം)

കോടക്കാറാണു മെയ്യില്‍, കൃതമതി ധവളപ്രൗഢി ചേര്‍പ്പൂ യശസ്സില്‍;
മാടഞ്ചാറാണു ചുറ്റും, നരതതി നടുവേ വാഴ്വു നിത്യം നിരീഹന്‍;
ഓടപ്പുല്ലാണു കയ്യില്‍, യദുപതി മധുതാന്‍ കോരിവീഴ്ത്തുന്നു മുറ്റും;
വേടക്കമ്പാണു കാലില്‍ ജിതമൃതി കവിതാകന്ദവര്‍ഷാംബുവാഹം!
യൂസഫലി കേച്ചേരി

കടുത്ത ദാഹമാര്‍ന്നു ഞാന്‍ വലഞ്ഞു നിങ്ങളാ ക്ഷണം
കുടിക്കുവാനെനിക്കു നല്കി നീരു, ഞാന്‍ വിശന്ന നാള്‍
മടിച്ചിടാതെനിക്കൊരുക്കി ഭോജ്യ,മെന്‍റെ നഗ്നത-
യ്ക്കുടുപ്പു നല്കി, നന്മ തന്‍ കുളിര്‍മ്മ ചേര്‍ത്തണച്ചു മേ.
ജോയ് വാഴയില്‍(മാതൃവിലാപം)

"കാടല്ലേ നിന്‍റെ ഭര്‍ത്താവിനു ഭവന?" - "മതേ, നിന്‍റെയോ?"; "നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?" - "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
"മാടല്ലേ വാഹനം നിന്‍ദയിത" - "നതിനെയും നിന്‍പ്രിയന്‍ മേയ്പ്പതില്ലേ?";
"കൂടല്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!
വെണ്മണി മഹന്‍

കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു കളി വിട്ടോടിവന്നമ്മ തന്‍റെ
മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ-
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേന്‍!
വെണ്മണി അച്ഛന്‍

കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ,
നാടന്തഃപ്രഹരങ്ങളേറ്റു കിടിലം കൊള്‍കേ, മുലപ്പാലുമായ്‌
പാടം നീന്തിവരുന്ന പൌര്‍ണ്ണമി, നിനക്കാവട്ടെ ഗീതാഞ്ജലി.
വയലാര്‍(സര്‍ഗ്ഗസംഗീതം)

കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനീം;
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കാം!
വള്ളത്തോള്‍(ശിഷ്യനും മകനും)

കിട്ടാനില്ലത്രയേറെപ്പണ, മനവധിയാണാഞ്ഞടുത്തെത്തി നില്‍ക്കും
നിത്യാവശ്യങ്ങള്‍,രോഗാദികളകരുണമായ്ത്തിങ്ങിടുന്നുണ്ടു താനും;
ചിത്താനന്ദത്തിനെന്നാല്‍ പലതുമിവിടെയുണ്ടെങ്കിലും മര്‍ത്ത്യരെങ്ങും
മദ്യാസക്തിയ്ക്കു ഹാ! മാനസമടിയറ വയ്ക്കുന്നതാണദ്ഭുതം മേ.
ഡി.ശ്രീമാന്‍ നമ്പൂതിരി

കേട്ടാലെത്ര വിചിത്രമീശചരിതം! വേട്ടാള്‍ മലപ്പെണ്ണൊളി-
ക്കെട്ടാണന്യയുമായ്,സുതര്‍ക്കിഹ പലേ മട്ടായ വൈരൂപ്യവും
കൂട്ടാം കൂളിഗണങ്ങളൊത്തു നടനം, കാട്ടാളവേഷം,സദാ
പാട്ടാക്കിപ്പരമേശ്വരന്‍റെ കഥ ഞാന്‍ മീട്ടാം മനോവീണയില്‍.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

ക്ഷണചഞ്ചലമാം പ്രജാഹിതം,
അണയും മന്ദമരുത്തിലാ ശിഖ.
ക്ഷണരാമിയുയര്‍ന്നു പാറുകില്‍
പിണയാമമ്പിലപായമെപ്പൊഴും.
ജോയ് വാഴയില്‍(രാമാനുതാപം)

കണ്ടാലാര്‍ക്കും കൃതകപതഗം തന്നെയാണെ,ന്നതല്ലാ-
തുണ്ടാകൊല്ലാ മനമതില്‍ മറിച്ചെണ്ണമവ്വണ്ണമായി
മിണ്ടാതേ കണ്ടതിനുമുകളില്‍ ചേര്‍ന്നു ചേണാര്‍ന്ന നിന്നെ-
ക്കൊണ്ടാടും കണ്ടിരുകരയിലും നോക്കിനില്‍ക്കുന്ന ലോകം.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

കണ്ണില്‍ക്കണ്ണീര്‍ നിറച്ചിട്ടകമിടറിവിടും വീര്‍പ്പുകൊണ്ടാശു മിന്നി-
ട്ടെണ്ണി പ്രാപഞ്ചികക്കോളടിയുടെ നടുവില്‍പ്പെട്ടുവല്ലാതെ മുങ്ങി
മണ്ണില്‍ ചൈതന്യമില്ലാപ്പടിപൊടിപുരളും മട്ടുവാടിക്കിടക്കും
പെണ്ണിന്‍ പൂമേനി താങ്ങിദ്ദയിതനവനിരുന്നീടിനാനെന്തുചെയ്യാം.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി, സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!
കുമാരനാശാന്‍(വീണപൂവ്‌)

കണ്ടാല്‍ ശരിക്കു കടലിന്മകള്‍, നാവിളക്കി-
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.
ഉള്ളൂർ(ഉമാകേരളം)

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു.
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
കുമാരനാശാന്‍(വീണപൂവ്‌)

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ;
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ.
ഏ. ആര്‍ രാജരാജവര്‍മ്മ(ശാകുന്തളം പരിഭാഷ)

ക്ഷിതി വാഴുവതിന്നു പുത്രരെ
ക്ഷിതിജേ, തന്നെ വളര്‍ത്തി നല്കി നീ;
മതി വാഴ്ചയെനിക്കു, നീ മറ-
ഞ്ഞതിനാല്‍ വന്മരുവായ ഭൂവിതില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ക്ഷിതിയിലഹഹ! മര്‍ത്ത്യജീവിതം
പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗമാം.
പ്രതിനവരസമാമതോര്‍ക്കുകില്‍
കൃതികള്‍ മനുഷ്യകഥാനുഗായികള്‍.
കുമാരനാശാന്‍(ലീല)

ക്ഷിതിജയുടെ വിശുദ്ധിശങ്കയെന്‍
മതിയിലതോടെ ദഹിച്ചുവെങ്കിലും,
ദ്യുതിരഹിതമണിയ്ക്കു തുല്യയായ്,
ച്യുതിയവള്‍ വിശ്രുതിയിങ്കലേല്ക്കയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

കദനമഴ പൊഴിയുമൊരു പൊഴുതിലതിവേഗം
തവസവിധമണയുവതു കഴികിലനുവേലം
മധുരമണിമുരളികയിലൊഴുകുമൊരു നാദം
മമഹൃദയവനികകളിലതു സുഖദരാഗം.
ശ്രീലകം

കഥയിതു വിധമാട്ടെ, ജാനകി
വ്യഥയതിമാത്രമറിഞ്ഞു രാമനാല്‍.
പ്രഥിതകണവധര്‍മ്മമേകുമു-
ന്മഥിതമനം ഗൃഹിണിയ്ക്കു,- സത്യമോ?
ജോയ് വാഴയില്‍(രാമാനുതാപം)

കന്യാകുമാരിക്ഷിതിയാദിയായ്‌ ഗോ-
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍(കേരളപ്രതിഷ്ഠ)

കൊന്നപ്പൂക്കളില്‍ നിന്‍റെ കിങ്ങിണി, നറും മന്ദാരപുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിതകാന്തി, നിന്മിഴികളിന്നിശ്ശംഖുപുഷ്പങ്ങളില്‍,
നിന്‍ മെയ്ശോഭകളിന്ദ്രനീലമുകിലില്‍, പട്ടാട പൊന്‍വെയ്ലിലും
കണ്ണാ വേറൊരു പുണ്യമെന്തു മിഴികള്‍ക്കെന്നും ഭവദ്ദര്‍ശനം.
ഓഎന്‍വി

കനലായി വിയത്തിലാളിയോന്‍
ഇനനാ മട്ടിലിരുണ്ടൊടുങ്ങവേ,
വനഗഹ്വരമാര്‍ന്ന പാറകള്‍
ഘനശബ്ദത്തൊടുലഞ്ഞുടഞ്ഞു പോയ്.
ജോയ് വാഴയില്‍(മാതൃവിലാപം)

കാന്തന്‍ സാകൂതമന്ദസ്മിതമൊടുമഭിവീക്ഷിക്കെ രുദ്രാണി ലജ്ജാ-
ക്രാന്തം വക്ത്രേന്ദു താഴ്ത്തിച്ചരണപതിതനാം രാമനെ പ്രേമഭാരാല്‍
താന്‍തന്നേ ഹന്ത, കൈക്കൊണ്ടതിഭൃശമുപലാളിച്ചിതാ; സ്വച്ഛധീര-
സ്വാന്തന്‍ വിശ്വൈകയോദ്ധാവൊരു ചെറുശിശുപോലംബികാംഗേ വിളങ്ങീ.
വള്ളത്തോള്‍(ശിഷ്യനും മകനും) 

കുന്ദാസ്ത്രോത്സവ തല്‍പ്പരത്വമിയലും വൃന്ദാരക സ്ത്രീകള്‍ തന്‍
മന്ദാക്ഷാവൃത മന്ദഹാസമതിലാനന്ദാലകം ചീര്‍ത്തുടന്‍
വൃന്ദാരണ്യമണിഞ്ഞ രാസരസികന്‍ നന്ദാത്മജന്‍,ഗോപികാ-
വൃന്ദാകാശവിഭാവരീശവിഭവന്‍ തന്‍ദാസ്യമര്‍ത്ഥിപ്പു ഞാന്‍.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

കനകമൃഗമടുത്തു വന്നു ത-
ന്മനഹരണം കളിയാര്‍ന്നു ചെയ്കവേ,
വിന ചെറുതറിയാതെ,യേണബ-
ന്ധനമതിനന്നകലേയ്ക്കു പോയി ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

കപിസഖരിപുവായ ബാലിയേ-
റ്റപമൃതി,യെന്നൊളിയമ്പിനാല്‍ ദ്രുതം.
അപകൃതനവനേകിയില്ല ഞാന്‍
സ്വപഥസമര്‍ത്ഥനവേള, മുന്നമേ.
ജോയ് വാഴയില്‍(രാമാനുതാപം)

കുംഭാണ്ഡനാ പ്രഭുകുമാരിക തന്‍ വിഷാദ-
സംഭാരവിപ്ലവമകൃത്രിമവത്സലത്വാല്‍
വന്‍ഭാവഭേദമൊടു കണ്ടു, കുറച്ചുനേരം
സ്തംഭാഭനായവിടെ നിന്നനിലയ്ക്കു നിന്നാന്‍.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)

കൊമ്പൊന്നു പോയ്‌ ചോരയിലാണ്ടു നില്‍ക്കും
ഗജാസ്യനെക്കണ്ടതി സംഭ്രമത്താല്‍
'എന്തെ,ന്തിതെ'ന്നീശ്വര പത്നി പാഞ്ഞു
ചെന്നങ്ങെടുത്തങ്കതലത്തില്‍ വെച്ചു.
വള്ളത്തോള്‍(ശിഷ്യനും മകനും)

ക്ഷമതന്‍ മകളാകയാലുമാ
പ്രമയോര്‍ത്തും നിനവാര്‍ന്നതാമിദം,
ഭ്രമസാഗരമഗ്നനിച്ഛയാം,
സമുപസ്ഥാനമണഞ്ഞ നൗകയില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ക്ഷമയുടെയനവദ്യരൂപമായ്
ക്ഷമമകളിങ്ങു വസിച്ചു മാഞ്ഞു പോയ്.
യമിസമമവള്‍ വാണു കാട്ടിലും,
ദ്രുമിണിയിലാശരപട്ടണത്തിലും.
ജോയ് വാഴയില്‍(രാമാനുതാപം)

കാരാഗാരമതില്‍ക്കിടന്ന കഥയും തോരാതെ പെറ്റമ്മ ക-
ണ്ണീരാല്‍ യാത്രയയച്ചതും പ്രണയമോടാ രാധയായ് ചേര്‍ന്നതും
പോരാടുന്നൊരു പാര്‍ത്ഥനുറ്റസഖനായ് തേരാളിയായ് തീര്‍ന്നതും
നീ രാഗത്തൊടുവാഴ്ത്തുകെന്‍റെ രസനേ, ഘോരാമയം തീരുവാന്‍.
അരിയന്നൂര്‍ ഉണ്ണികൃഷ്ണന്‍

കൈരണ്ടും തവ പത്മരാഗ,മളകസ്തോമം മഹാനീലമുല്‍-
സ്മേരശ്രീമുഖമിന്ദുകാന്ത,മിതുമട്ടുല്‍കൃഷ്ടരത്നാംഗി നീ;
'വൈരം' കൂടി വഹിക്കിലുള്ളഴകെനിക്കിന്നാദ്യമായ് കാണുവാ-
നാരന്‍പോടിടയാക്കി, നിഷ്കൃതിയവര്‍ക്കെന്തോന്നു ചെയ്യേണ്ടു ഞാന്‍.
വള്ളത്തോള്‍(വിലാസലതിക)
 

കാരുണ്യം ചൊന്ന ദേവന്നരുളി കുരിശു നാം;ഹിംസതന്‍ പത്തി താഴ്ത്താ-
നാരുഗ്രം പോര്‍നടത്തീ, യതിവരനരുളീ മൃത്യു നാം ഗാന്ധിജിയ്ക്കായ്.
നേരുദ്ഘോഷിച്ചവര്‍ക്കും വിഷചഷകമെടുത്തേകി നാം; പണ്ടുതൊട്ടേ
വൈരുദ്ധ്യത്തിന്‍ നിദാനം കദനഭരിതമീ ശപ്തലോകേതിഹാസം.
ജോയ് വാഴയില്‍(മണല്‍വരകള്‍)

കരുണമൊരു രസം താന്‍ വസ്തുഭേദേന നാനാ-
പരിണതിയെ വഹിച്ചീടുന്നിതേ മാറി മാറി
തിര, നുര, ചുഴിയെന്നീ രൂപഭേദങ്ങള്‍ കാണായ്‌-
വരികിലുമവയല്ലാം വെള്ളമത്രേ നിനച്ചാല്‍.
ചാത്തുക്കുട്ടി മന്നാടിയാര്‍(ഉത്തരരാമചരിതം പരിഭാഷ)

കരുതിടുമതിരാഗമേതിനോ-
ടൊരുവ,നവന്നതു സിദ്ധമായ് വരും.
വരദയിതയെ വിട്ടു പേരിനോ-
ടരുമ വളര്‍ത്തി വിഭാര്യനായി ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു-
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം.
കുമാരനാശാൻ(ലീല)

കരുണയൊടിദമോതി മൈഥിലി
കരളിലെയാധി മറച്ചുനില്ക്കവേ,
സുരമഹിമ വനത്തിലെത്തി പോല്‍,
ധരയൊരു കോള്‍മയിരാല്‍ക്കുളിര്‍ക്കവേ.
ജോയ് വാഴയില്‍(രാമാനുതാപം)

കരുത്തരെന്നാലുമൃഷീന്ദ്രനോടു
കയര്‍ത്തതില്ലീശ്വരപാര്‍ഷദന്മാര്‍;
സ്വാമിയ്ക്കു ശിഷ്യപ്രതിപത്തിയെത്ര-
യ്ക്കാണെന്നതിങ്ങാരറിയാതെയുള്ളൂ?
വള്ളത്തോള്‍(ശിഷ്യനും മകനും)

കരുണം നിനവോതിയീ വിധം
ധരണീനാഥനുഴന്നു മാഴ്കവേ,
ഒരു നീരദനക്തകത്തിനാല്‍
തിരുനേത്രങ്ങള്‍ മറച്ചു വെണ്മതി.
ജോയ് വാഴയില്‍(രാമാനുതാപം)

കരാഞ്ചലം കൂപ്പി വണങ്ങി വന്ദ്യര-
പ്പുരാണജായാവരരീ യുവാക്കളെ;
മുരാന്തക, ശ്രീധര, ദേവി, രാധികേ,
വരാം, വരാം, സ്വാഗതമെന്നു സത്വരം.
വള്ളത്തോള്‍(ശിഷ്യനും മകനും)
 

കരുണ വഴിയുമാ മുഖത്തു പോര്‍-
പ്പെരുമ പടുത്ത കരുത്തു കണ്ടു ഞാന്‍;
ചൊരിയുമമൃതധാര വിണ്ടലം,
എരിയുമിരമ്മദമൊപ്പമെന്ന പോല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

കീര്‍ത്ത്യാ പാരേഴുരണ്ടും, കരിയുടെ പൊടിയാല്‍ പല്ലു മുപ്പത്തിരണ്ടും,
വൃത്ത്യാ വീടിന്‍റെ തൂണും ചുവരു, മഥ വെളുത്തേടനെക്കൊണ്ടു മുണ്ടും,
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം നാപിതന്‍ കത്തികൊണ്ടും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജിസ്ട്രേട്ടു പാലിച്ചിടട്ടേ.
മുന്‍ഷി രാമക്കുറുപ്പു്‌(ചക്കീചങ്കരം)

കാലത്തിന്‍ മലര്‍ശാഖിചൂടിയഴിയും പുഷ്പങ്ങളും, കൊക്കില്‍നി-ന്നാലോലസ്വരവന്ദനങ്ങള്‍ചൊരിയെക്കാണാതെയാം പക്ഷിയും
ജീവിക്കും സ്മൃതി തന്നുദാത്തവിമലശ്രീതാവുമീ വേദിയില്‍
വാഴ്വിന്‍ നശ്വരതയ്ക്കു നാശമരുളും വാക്കേ! ശുഭം നേരുക!
ഒഎന്‍വി

കല്‍പദ്രുകല്‍പദ്രുപദേന്ദ്ര പുത്രീ,
സാരസ്യ സാരസ്യ നിവാസ ഭൂമിം,
നാളീക നാളീക ശരാര്‍ദ്ദിതാസാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ.
കോട്ടയത്തു തമ്പുരാന്‍

കാലം ശൂന്യതയിങ്കല്‍ നിന്നു ജനനം പ്രാപിച്ച വിസ്ഫോടന-
ക്കാലം തൊട്ടു വളര്‍ന്നതാണു, നിമിഷംതോറും പ്രപഞ്ചം ദ്രുതം.
താലാട്ടത്തിലിടഞ്ഞു,മൊപ്പമധികം സ്നേഹിച്ചുമാരമ്യമായ്,
കാലം പോക്കിയുഡുക്ക,ളപ്രമിതമാമാകാശ മാര്‍ഗങ്ങളില്‍.
ജോയ് വാഴയില്‍(നിമിഷജാലകം)

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൌവന"മെന്നു നിന്‍റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
കുമാരനാശാന്‍(വീണപൂവ്‌)

കുലനയമിതു മട്ടുരച്ചു ഞാ-
നുലയുമകത്തൊടു നോക്കിനില്ക്കവേ,
കുലവധുവവളാര്‍ന്നിതുര്‍വ്വിയില്‍
വിലയന,മെന്നസുവൊത്തു മൈഥിലി.
ജോയ് വാഴയില്‍(രാമാനുതാപം)

കാലത്തിന്‍റെ മഹാപ്രയാണരഥചക്രങ്ങള്‍ക്കധര്‍മ്മച്ചതു-
പ്പാലന്യൂനഗതിയ്ക്കു വിഘ്നമണുവും നേരിട്ടിടായ് വാനിവന്‍
വേലപ്പെട്ടു മദീയഭാമിനിയൊടൊ,ത്താ വശ്യരൂപം മറ-
ഞ്ഞാലംബം ഹൃദിയറ്റു ഞാന്‍- ഇതുവിധം നിര്‍വൃത്തിയിന്നാര്‍ന്നിടും.
ജോയ് വാഴയില്‍(രാമാനുതാപം)

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം.
കുമാരനാശാന്‍(വീണപൂവ്‌)

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാര്‍ക്കാന്‍ കൊതിച്ചി-
ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ;
കൊല്ലംതോറും പലപല പരിഷ്കാരമേറ്റപ്പുരം കേ-
ളുല്ലംഘിക്കുന്നഹഹ! വിഭവം കൊണ്ടു താം രാജധാനീം.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

കാവ്യം സുഗേയം, കഥ രാഘവീയം,
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍,
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി,-
ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?
വള്ളത്തോള്‍(ഒരു തോണി യാത്ര)

കാവ്യനീതിയതിഗുപ്തമായി, സം-
ഭാവ്യതാചഷകസംസ്ഥമാവതോ?
അവ്യയം സുഭഗമുത്തഗോചരം
ഭവ്യമാവതു കണക്കു ശുക്തിയില്‍.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ക്രൂശിന്നദ്ധ്വാവിലൂടെക്കഴലിടറി, മഹാരുഷ്ടസര്‍പ്പങ്ങളാഞ്ഞു
ദംശിക്കേ വീണു ദേവന്‍, വിലപനമൊടു പിന്‍ചെന്നു നാരീവസുക്കള്‍.
'ക്ളേശിക്കൊല്ലെന്നെയോര്‍ത്തിട്ടരുമതനയരെച്ചൊല്ലി ഹാ, കേണുകൊള്‍വിന്‍,
ആശിച്ചീടായ് വതിന്നായ് വിഫലമുദര'മെന്നോതി സത്യാത്മനന്നാള്‍.
ജോയ് വാഴയില്‍(മാതൃവിലാപം)

കൃശരുചിരയണഞ്ഞിതന്നവള്‍,
ദശവദനാഹതിശേഷമുര്‍വ്വിജ,
വശകയിലതിസംശയാലു ഞാന്‍
ഭൃശരുജയേകി ശിഖാഗ്നിശുദ്ധിയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

കഷ്ടം ചന്ദനവൃക്ഷമേ സുരഭിലം നിന്‍ ശീതളച്ഛായ വി-
ട്ടിത്ഥം പോവതിലുണ്ടുവേദനമനസ്സിന്നെന്തു ചെയ്യേണ്ടു ഞാന്‍?
പൊത്തില്‍പ്പാര്‍ത്തുവരുന്നതോ ഫണമെഴും പാമ്പാണു പേടിയ്ക്കണം,
കൊത്തും മുമ്പൊഴിയുന്നതാണുഗുണമെന്നോര്‍ക്കുന്നു പോവുന്നുഞാന്‍.
കല്ലന്മാര്‍തൊടി രാവുണ്ണിമേനോന്‍

കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍;
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിതി-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!
കുമാരനാശാന്‍(പ്രരോദനം)

കഷ്ടപ്പാടുകളെത്രയെത്രവരിലും പെട്ടെന്നു മാറില്ല ഞാന്‍,
കഷ്ടപ്പെട്ടുകഴിഞ്ഞിടുന്ന മനുജര്‍ക്കാശ്വാസമേകും, ദൃഢം;
ദിഷ്ടക്കേടുകളീ ജഗത്തിലെവനും വന്നീടുമെന്നോര്‍ക്ക നീ
സ്പഷ്ടം നാം തുണയാവണം, മഹിതമീ സൌഹാര്‍ദ്ദസംജീവനം.
ശ്രീലകം

കേള്‍പ്പൂ കേരളകാകളീകളകളാരാവങ്ങളുച്ചൈസ്തരം,
ആര്‍പ്പും പൂവിളിഘോഷവും പുകള്‍തെളിച്ചെത്തുന്നു ദേശാന്തരം,
ഇബ്ഭൂവിങ്കലതാദ്യമായ് സ്ഥിതിസമത്വാദര്‍ശമെത്തിച്ചതാം
അപ്പുണ്യസ്മരണാര്‍ഹനിന്നു വരവായ് ശ്രീമാബലിത്തമ്പുരാന്‍.
ഓംചേരി എന്‍.എന്‍.പിള്ള

കേള്‍ക്കൂ ന്യായപ്രമാണം പുതു,തരുതു മിഴിയ്ക്കായ് മിഴി, പ്രാണനായി-
ട്ടേല്‍ക്കും പ്രാണന്‍ തുടങ്ങിക്കഠിനതകളെ; നല്കീടുകര്‍ത്ഥിക്കുവോനായ്,
നോക്കൂ, വസ്ത്രം കൊതിപ്പോനരുളുക നിറവായ് നിന്‍പുതപ്പും, ചെകിട്ട-
ത്തേല്‍ക്കും തല്ലിന്നു മറ്റേച്ചെകിടതുമഭിതര്‍പ്പിക്കുവിന്‍, ധ്വസ്തശങ്കം.
ജോയ് വാഴയില്‍(മാതൃവിലാപം)

ക്ഷ്വേളാഘനസ്തനിതമാർന്നു കരോച്ചലത്താം
വാളായ മിന്നലൊടു വാശിപിടിച്ചടുത്താൽ
ചൂളാതെയില്ല ചുണയേറിയ ശത്രുയോധ-
കാളാഹിമണ്ഡലിയിലൊന്നുമവന്‍റെ മുമ്പിൽ.
ജി.

കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേര്‍;
ഞങ്ങള്‍ക്കു സര്‍വോത്സവവും വിളഞ്ഞ-
താ ഞങ്ങള്‍ ചേര്‍ന്നൊക്കുമിടത്തില്‍ മാത്രം.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

കാറിന്‍ചോട്ടില്‍ കലേശപ്പൊളി, തിര, കരിമീനങ്ങള്‍, താഴത്തൊരെള്ളിന്‍
താരും ചെന്തൊണ്ടി, മുക്താവലി, മുകുരദരം, വെണ്ണിലാ,വിന്ദുബിംബം
മേരുക്കു,ന്നഭ്രമെന്നല്ലസിതഭുജഗസോപാനകൂപം, മണല്‍ത്തി-
ട്ടാരോമല്‍ക്കാഞ്ചനത്തൂണുകളിവ തളിരിന്‍ മോളിലൊന്നൊന്നു കാണാം.