ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യവിഷയത്തിനു നേര്‍കിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ട പോലെ.
ഉള്ളൂര്‍(ഉമാകേരളം)

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ-
വങ്കാട്ടില്‍ സഞ്ചരിയ്ക്കും സിതമണി ധരണീദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കരിവരനിടിലം തച്ചുടയ്ക്കുമ്പൊള്‍ നിന്ദാ-
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെക്കൂസുമോ കുന്നി പോലും?
വെണ്മണി മഹന്‍

ശൃങ്ഗാരത്തിന്‍റെ നാമ്പോ, രസികതയൊഴുകിപ്പോകുവാനുള്ള തൂമ്പോ,
സൌന്ദര്യത്തിന്‍റെ കാമ്പോ, മദനരസചിദാനന്ദപൂന്തേന്‍കുഴമ്പോ,
ബ്രഹ്മാവിന്‍ സൃഷ്ടിവന്‍പോ, നയനസുഖലതയ്ക്കൂന്നുനല്‍കുന്ന കമ്പോ,
കന്ദര്‍പ്പന്‍ വിട്ടൊരമ്പോ ത്രിഭുവനവിജയത്തിന്നിവന്‍, തോഴി,യമ്പോ!
ഗ്രാമത്തില്‍രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശഠതകള്‍ ശരിയല്ല; കേള്‍ക്ക, വേള്‍ക്കാന്‍
മൃദുവൊരു കാപ്പു ധരിച്ച നിന്‍ കരം താന്‍
ഫണിവളയണിവോന്‍ ശിവന്‍റെ പാണി-
ഗ്രഹണമതെങ്ങനെയാദ്യമേ സഹിക്കും?
ഏ.ആര്‍.രാജരാജവര്‍മ്മ(ഭാഷാകുമാരസംഭവം)

ശ്രീതാവും മുഖമെന്‍റെയുള്ളിലനഘസ്മേരം പൊഴിക്കുന്നിതാ,
സീതാഹൃത്തടമെന്‍റെ രമ്യഭവനം കല്പാന്തകാലം വരെ,
വീതാതങ്കമണഞ്ഞിടും പ്രിയതമേ നാമിന്നു വൈകുണ്ഠവും;
പൂതാത്മാക്കള്‍, പരസ്പരം മമതയാല്‍ പൂര്‍ണ്ണത്വമേറ്റീടുവോര്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ശ്രുതികേട്ട മഹീശര്‍ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകില്‍
ക്ഷതി ധര്‍മ്മഗതിക്കു പറ്റിതാന്‍,
ക്ഷിതി ശിഷ്ടര്‍ക്കനിവാസ്യമായിതാന്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ശാന്തവീചിയതില്‍ വീചിപോലെ സം-
ക്രാന്തഹസ്തമുടല്‍ ചേര്‍ന്നു തങ്ങളില്‍,
കാന്തനാദമൊടു നാദമെന്നപോല്‍,
കാന്തിയോടപരകാന്തി പോലെയും.
കുമാരനാശാന്‍(നളിനി)

ശാന്തന്‍, തന്നിഹലോകകര്‍മ്മവിരതന്‍ കാകുല്‍സ്ഥനോതീ,"മനം
കാന്തയ്ക്കൊപ്പമകന്നുപോയ്, തനുവിതോ ശൂന്യാത്മമൃല്‍പിണ്ഡകം.
ധ്വാന്തം പോയി, സമാധിയാര്‍ന്നു, സരയൂ, പൂകീടുവാനെന്‍ പ്രിയോ-
പാന്തം, നിന്നിലണഞ്ഞിടുന്നു മടിയാതെന്‍ഗാത്രമേറ്റീടുക."
ജോയ് വാഴയില്‍(രാമാനുതാപം)

ശ്യാമപ്പൂമെത്ത, ചഞ്ചല്‍ക്കുളിര്‍വിശറി, മണീകീര്‍ണ്ണമാം നീലമേലാ-
പ്പോമല്‍ത്തങ്കഗ്ഗുളോ,പ്പീ വക വിഭവശതം ചേര്‍ന്ന കേളീഗൃഹം മേ,
പ്രേമത്താലേ സ്വയം തന്നരുളിയ പരമോദാരശീലന്‍റെ മുന്നില്‍
കാമത്താല്‍ കൊച്ചുകൈക്കുമ്പിളിതഹഹ! മലര്‍ത്തുന്ന ഞാനെത്ര ഭോഷന്‍!
വള്ളത്തോള്‍

ശ്രീയാണുര്‍വശിയാണു, ശീലവതിയാണെന്നൊക്കെ നാട്ടാര്‍ വെടു-
പ്പായാഹന്ത, പുകഴ്ത്തുമീ മൊഴികളാല്‍ക്കര്‍ണ്ണം തഴമ്പിച്ചു മേ;
പ്രേയാനോടൊരുമിപ്പതിന്നു തടവില്ലാത്തോരു സാധാരണ-
സ്ത്രീയായാല്‍ മതിയായിരുന്നു; വിധി താനെന്നെച്ചതിച്ചൂ വൃഥാ.
വള്ളത്തോള്‍(വിലാസലതിക)
 

ശരി, നയനപഥത്തില്‍ നിന്നിടുന്നു-
ണ്ടൊരുനിമിഷം പിരിയാതെയെന്‍പ്രിയന്‍ നീ,
പരമതു നിഴല്‍ പോലെയിന്ദ്രിയങ്ങള്‍-
ക്കരതിദദര്‍ശനമായി, ഞാന്‍ വലഞ്ഞൂ.
കുമാരനാശാന്‍(ലീല)

ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തില്‍ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപന്‍?
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ശരി, ഹതവിധിയായ മേഘമാര്‍-
ന്നിരുളു പരന്നിത, ലോകയാത്രയില്‍;
മുറുകി വലിയകോളു, കന്യയാം
ചെറുകളിവഞ്ചി കുടുങ്ങിയാടലില്‍.
കുമാരനാശാൻ(ലീല)

ശരണത്തിനീദൃശ രണത്തിലുത്തമാ-
ചരണത്തിനെത്തി ചരണത്തിലിന്നു ഞാന്‍
തിരയേറ്റുലഞ്ഞു തിരയേ ഭവാംബുധൌ
തരണം നമുക്കു തരണം ഭവപ്രിയേ.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്രീരാമന്‍ രഘുവംശസൂര്യനിതുമട്ടോതിക്കരം കൂപ്പി നി-
ന്നാ രാവില്‍ പ്രിയവല്ലഭയ്ക്കരികെയെത്തീടാന്‍ കൊതിച്ചീടവേ,
താരാഗുച്ഛവുമിന്ദുവും ഘനതിരശ്ശീലാവിമുക്താഭയാര്‍-
ന്നാരാലെത്തി വണങ്ങിനിന്നു ഗഗനപ്പൂങ്കാവിലന്യാദൃശം.
ജോയ് വാഴയില്‍(രാമാനുതാപം)

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൌനമായ്‌ നീ,
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍.
കുമാരനാശാന്‍(വീണപൂവ്‌)

ശ്വശുരന്‍ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കിലഭിച്ച നന്ദനന്‍,
പിശുനോക്തികള്‍ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ശങ്കാപേതമുദിക്കുമർത്ഥരുചിയെങ്ങെങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൗതൂഹലം?
ഹുങ്കാരത്തിലുദിക്കുമോ പരഗുണോത്കർഷങ്ങൾ? ഉണ്ടൂഴിയിൽ
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങൾക്കുമേ.
കുമാരനാശാൻ(പ്രരോദനം)

ശിശുവായ് ചെറുബാലനായ് ഹൃദി
കുശലം ചേര്‍ത്ത യുവപ്രവേകനായ്,
വശഗേന്ദ്രിയനാം തപസ്വിയായ്,
ദശയോരോന്നു കടന്നു നന്ദനന്‍.
ജോയ് വാഴയില്‍(മാതൃവിലാപം)

ശിഷ്യന്‍ പ്രവര്‍ത്തിച്ചതു വീരധര്‍മ്മം
സുതാംഗവൈകല്യമൊരുഗ്ര ശല്യം
സര്‍വജ്ഞനെന്നാലുമിതിങ്കല്‍ ഞായം
തോന്നാഞ്ഞു ചിന്താവശനായ്‌ മഹേശന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും)