വൃക്ഷോദഞ്ചിതപാണിയായ്‌ മുദിതയായ്‌ നില്‍പൂ വനശ്രീ തെളി-
ഞ്ഞിക്ഷോണിക്കു മുകില്‍ക്കുടത്തെളിജലം താഴത്തിറക്കിത്തരാന്‍
വിക്ഷോഭം ലവമേശിടാതടിമുറിക്കാനെത്തുവോര്‍ക്കും ഭൃശം
വക്ഷോജാദൃപയസ്സിനാല്‍ കുളിരണച്ചീടുന്നിതദ്ദേവിയാള്‍.
യൂസഫലി കേച്ചേരി

വീശട്ടേ പരുഷാനിലൻ, മഴ തകർക്കട്ടേ, തനിക്കെന്തതാ
മോശപ്പെട്ടൊരു മുണ്ടുടുത്തു തലയിൽ കൂമ്പാളയും വെച്ചൊരാൾ
ലേശം പോലുമസൗഖ്യഭാവമിടചേരാതേ നടക്കുന്നു, ഹാ
ക്ലേശത്തിൻ മുന കുഡ്മളാഗ്രസദൃശം നിഷ്കിഞ്ചനച്ചട്ടമേൽ.
വള്ളത്തോൾ

വികിരഗണമൊടൊത്തു വിണ്ണിതില്‍
മുകില്‍നിരയും ഗതിയില്‍ സ്വതന്ത്രരാം.
പ്രകടവിഹൃതരാമെറുമ്പുകള്‍,
നുകവിധിയാര്‍ന്നവരാണു മന്നവര്‍.
ജോയ് വാഴയില്‍(രാമാനുതാപം)  

വാതവ്യാസംഗമൂലം വിറയുടയ പുരാരാമവല്ലീകുലത്തെ
സ്ഫീതസ്നേഹം തലോടിപ്പലപൊഴുതു പയോധാരതാനേ നടത്തീ,
ആതങ്കം മാറ്റുമാര്യേ, തവതനുഭവമായുള്ള വെണ്ണീർ കിടക്കേ,
പ്രേതക്കാട്ടിൽ കടത്തും കരവുമഫലമല്ലോഷധീശന്നു മേലിൽ.
വി.സി.ബാലകൃഷ്ണപ്പണിക്കർ
 

വാക്കിന്‍ വിത്തേറെ വാരിച്ചിതറുകിലവയില്‍ ചെറ്റു വീഴും പഥത്തില്‍,
നോക്കിക്കാണും ദ്വിജങ്ങള്‍ക്കശനമവക,ളൊട്ടേറെ മുള്ളില്‍ പതിക്കും,
ഞെക്കിക്കൊല്ലും മുളച്ചാലവയെ മുളരികള്‍, പാറമേല്‍ വീണതോ, വേര്‍-
ശുഷ്ക്കിച്ചെല്ലാമുണങ്ങും,വിളനിലപതിതംവിത്തു വന്മേനിനല്കും.
ജോയ് വാഴയില്‍(മാതൃവിലാപം)

വിജയപുരനിവാസി, വര്‍ത്തക-
വ്രജപതി, യാവഴി പോന്നുവന്നൊരാള്‍
സ്വജനമൊടു വരിച്ചു ലീലയേ
നിജസുതനായി വധൂകരിക്കുവാന്‍.
കുമാരനാശാന്‍(ലീല)

വേഗം പാഞ്ഞകലുന്നു തമ്മിൽ സുരഗോളങ്ങൾ ദിനംതോറുമേ,
രാഗം മാഞ്ഞകലുന്നു ഹൃത്തുകൾ, തപിക്കുന്നൂ മഹാസാഗരം.
ഹാ, ഗർവോന്മദബാധ മാറിയിരുപത്തൊന്നാം ശതാബ്ദം മഹൽ-
ത്യാഗസ്പന്ദിതചേതനാവിസൃമരപ്പൂവാടി തീർത്തീടുമോ?
ജോയ് വാഴയില്‍

വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണ തേ, ച്ചരയിലൊറ്റമുണ്ടുമായ്‌,
തിണ്ണ മേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.
വള്ളത്തോള്‍

വിടപികളുലയും വനങ്ങളാല്‍, പൂ-
ത്തടരമണം ജനവാസിതങ്ങളാലും,
സ്ഫുടമമൃതമണച്ചിടാന്‍ സ്വയം നീ
തടിനിയധോഗതി പുല്കിടുന്നു മന്നില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

വിടുകെന്‍കഥ വത്സ, വാഴ്ക നീ,
നെടുനാളഗ്രജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോല്‍കരം
തടവും ബന്ധുജനങ്ങളോടുമേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

വിട പറയുവതിന്നു നിന്‍ ഹൃദന്തം
ഉടജസമാനമെനിക്കു കാമ്യമല്ലോ.
മടുമൊഴി മമകാന്ത പോയതെങ്ങാ-
ണിടമവിടേയ്ക്കു കുതിപ്പു ചിത്തമാരാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

വണ്ടാറണിക്കുഴലഴിഞ്ഞു പുറത്തുചിന്നി-
ക്കൊണ്ടാത്മവല്ലഭ വരുംവരവന്നകാണ്ഡേ,
കുണ്ടാര്‍ന്ന കല്ലറയിലെച്ചെറുതാം വെളിച്ചം
കൊണ്ടാ യുവാവലഘുനെഞ്ചിടി പൂണ്ടു കണ്ടു.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)

വിണ്ണിന്‍ ദേവനറിഞ്ഞു, നിത്യമകലെക്കാണും മനോജ്ഞാംഗി തന്‍-
കണ്ണില്‍ത്തഞ്ചിയൊരൂഷ്മളപ്രണയഹര്‍ഷോന്മാദബിന്ദുക്കളെ.
മണ്ണിന്‍ ചേതന സൂര്യതാപപുളകം കൊള്‍കെ, പ്രപഞ്ചാത്മവാ-
നെണ്ണീ, നീലധരിത്രിയാളെയുയിരായ്, വാഴ്വിന്‍റെ സര്‍വ്വസ്വമായ്.
ജോയ് വാഴയില്‍(നിമിഷജാലകം)

"വേണ്ടാ ഖേദമെടോ, സുതേ! വരിക"യെന്നോതും മുനീന്ദ്രന്‍റെ കാല്‍-
ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ്‌ ചെന്നസ്സഭാവേദിയില്‍
മിണ്ടാതന്തികമെത്തി, യൊന്നനുശയക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാള്‍ പൌരസമക്ഷ, മന്നിലയിലീ ലോകം വെടിഞ്ഞാള്‍ സതീ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

വീണക്കമ്പി മുറുക്കിടുന്നു മൃദുകൈത്താരാലൊരാരോമലാള്‍,
ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്‌,
ശോണശ്രീചഷകത്തില്‍ നന്മധുനിറയ്ക്കുന്നൂ ശരിക്കന്യയാ-
മേണപ്പെണ്മിഴി, സര്‍വ്വതോ മധുരമീ മണ്ഡോദരീ മന്ദിരം!
വള്ളത്തോള്‍

വീണീടും ഹരിചന്ദനത്തളിരതിന്‍ നീരോ കശക്കിപ്പിഴി-
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴിച്ചീടുന്ന നല്‍ധാരയോ
വേവും ജീവമനസ്സുകള്‍ക്കു പരമാനന്ദത്തെ നല്‍കി ദ്രുതം
ജീവിപ്പിക്കുമൊരൌഷധീരസമതോ മാറത്തു ചേരുന്നു മേ!
ചാത്തുക്കുട്ടിമന്നാടിയാര്‍

വേണ്ടാ സ്ത്രീധനമെന്മകന്നു ചെറു ചില്ലിക്കാശുമെന്നല്ലവന്‍
പണ്ടേ സ്ത്രീപുരുഷര്‍ക്കു തുല്യത വരാനേറെ പ്രയത്നിച്ചവന്‍,
ഉണ്ടാമിന്നൊരുപാധി മാത്ര,മപരന്‍ പെണ്ണിന്‍ പിതൃസ്വത്തിനാ-
യുണ്ടാകൊല്ലവകാശി - ഏകമകളാണെന്നാകിലൊന്നാം തരം.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

വേഗത്തിൽ ബഹുദൂരശൂന്യത കടന്നിങ്ങെത്തി ഞങ്ങൾ, മനം
വാഗർത്ഥങ്ങളിലിപ്രപഞ്ചമറിയാൻ വെമ്പുന്നൊരീ ഭൂമിയിൽ.
യോഗം ഹൃത്തിൽ വിയത്തുമായി മെനയും നീർത്തുള്ളി പോൽ, മാനവൻ
പ്രാഗത്ഭ്യത്തൊടു യോഗവിദ്യയിലറിഞ്ഞീടുന്നിതാത്മാവിനെ.
ജോയ് വാഴയില്‍(നിറമെഴുതും പൊരുൾ)

വീതാശങ്കമഹോ, വിനാശകരമാസ്സാമ്രാജ്യദുര്‍മ്മോഹമാം
വേതാളത്തിനു രക്തതര്‍പ്പണമനുഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്ര്യം ജലരേഖ - മര്‍ത്ത്യരെ വെറും ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങള്‍ക്കുഴറാം ജഗത്തിലിതിനോ നിങ്ങള്‍ക്കു യുദ്ധഭ്രമം!
ചങ്ങമ്പുഴ(സ്പന്ദിക്കുന്ന അസ്ഥിമാടം)

വിദ്വാനകത്തു ബഹുസംശയമാണൊടുക്കം
വിഡ്ഢ്യാന്‍ തെളിച്ച വഴിയേ നട കൊണ്ടു കൊള്ളും;
വിസ്താരമേറിയ മരം പുഴനീരൊഴുക്കി
ന്നൊത്താണു നീങ്ങിടുവതെന്‍ മകളേ മനോജ്ഞേ!
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

വിധുരനരുമയോടെ കണ്ടു വിണ്ണില്‍
വിധുവിനെ, ഛന്നതയാര്‍ന്നിരുണ്ടുമൂടി;
മധുരതയൊടു പുഞ്ചിരിച്ച താരാ-
വധുഗണമൊക്കെ മറഞ്ഞകന്നു ദീനം.
ജോയ് വാഴയില്‍(രാമാനുതാപം)

വീശട്ടേ പരുഷാനിലൻ, മഴ തകർക്കട്ടേ, തനിക്കെന്തതാ
മോശപ്പെട്ടൊരു മുണ്ടുടുത്തു തലയിൽ കൂമ്പാളയും വെച്ചൊരാൾ
ലേശം പോലുമസൗഖ്യഭാവമിടചേരാതേ നടക്കുന്നു, ഹാ
ക്ലേശത്തിൻ മുന കുഡ്മളാഗ്രസദൃശം നിഷ്കിഞ്ചനച്ചട്ടമേൽ.
വള്ളത്തോൾ

വനഭൂവില്‍ നശിപ്പു താന്‍ പെറും
ധനമന്യാര്‍ത്ഥമകന്നു ശാലികള്‍
ഘനമറ്റു കിടപ്പു മുത്തു തന്‍
ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

വനമുല്ലയില്‍ നിന്നു വായുവിന്‍
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

വിനയവതി, പതിവ്രതോജ്ജ്വല,
ജനകജ, സൗമ്യസുവൃത്തയെങ്കിലും,
മനമതിലഴലേറെയേകി ഞാന്‍,
ഘനഗുണവൈഭവവിസ്മൃതാന്തനായ്.
ജോയ് വാഴയില്‍(രാമാനുതാപം)

വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത-
ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
ജനകജനനിമാര്‍ തന്‍ ദുഃഖമാറ്റീടുവാനി-
ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.
ഉള്ളൂർ(ഉമാകേരളം)

വഞ്ചിക്ഷോണിക്കൊരു തിലകമാമപ്പുരത്തേക്കു പോകും
വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി
വഞ്ചിക്കേണം വളരെ മരനീരുള്ളിലുണ്ടാക മൂലം
വന്‍ചിത്തഭ്രാന്തെഴുമരയരാം നാവികക്കയ്യരേ നീ.
വലിയ കോയിത്തമ്പുരാന്‍(മയൂരസന്ദേശം)

വിഭഗുണനനുജാ, നിനക്കു സ-
ന്നിഭനൊരുവന്‍ ധര കണ്ടതില്ലെടോ.
ശുഭവിമലമനന്യസൗഹൃദ-
പ്രഭവമകം, ബഹുചാരിതാര്‍ത്ഥ ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)


വെമ്പിഗ്ഗമിക്കുമൃഷി തന്‍ ചുമലിങ്കല്‍ നീണ്ട
തുമ്പിക്കരം പുനരണച്ചരുളീ ഗജാസ്യന്‍:
മുമ്പില്‍ സഖേ, തിരുമനസ്സറിയിച്ചിടാതെ
മുമ്പില്‍ക്കടന്നണകവയ്യ, വരട്ടെ, നില്ക്കൂ.
വള്ളത്തോള്‍(ശിഷ്യനും മകനും)

വീണ്ടും പുത്രനതേവിധം ജനകനോടർത്ഥിക്കവേ, ശുണ്ഠിയാൽ
ചൂണ്ടും കൈവിരലോതി: “നിന്നെ യമനായ് യാഗത്തിലേകുന്നു ഞാൻ.”
പൂണ്ടില്ലേതുമൊരദ്ഭുതം മകനതിൽ; താതന്റെ വാക്കൊത്തവൻ
താണ്ടിദ്ദുർഗമപാതകൾ, യമപുരിക്കെത്തുന്നിതബ്ബാലകൻ.
ജോയ് വാഴയില്‍(മണൽവരകൾ)

വിയതി തരുകദംബം മുമ്പു ഞാന്‍ മുമ്പു ഞാനെ-
ന്നുയരുമമലശൈത്യം വാച്ച നിന്‍ കാനനങ്ങള്‍
നിയതമരിമകോലും കാളിദാസന്‍റെ മേധ-
ക്കയല്‍മിഴി നടകൊണ്ടീടേണ്ട ഘണ്ടാപഥങ്ങള്‍.
ഉള്ളൂർ(ഉമാകേരളം)

വായിച്ചുകൊള്‍കെത്രയുമിഷ്ടമാണ-
തിങ്ങെന്നു ഞാനുത്തരമോതിയാറേ,
ഇരുണ്ട മണ്ണെണ്ണവിളക്കിനാരാ-
ലിരുന്നിതായാള്‍ തൊഴുകയ്യുമായി.
വള്ളത്തോള്‍(ഒരു തോണിയാത്ര)

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം.
കുമാരനാശാൻ(വീണപൂവ്‌)

വരജട, വിവിധാക്ഷമാല, മാന്തോല്‍,
മരവുരി സര്‍വ്വശരീരഭസ്മലേപം
പരമിതുകളിലൊന്നിലും മറഞ്ഞീ-
ലുരപെറുമാ യുവതാപസന്‍റെ ദര്‍പ്പം.
വള്ളത്തോള്‍(ശിഷ്യനും മകനും)

വിരുദിതമവിടെങ്ങുമൊന്നുയര്‍ന്നൂ
കരുണവിലാപ,മരണ്യഹൃത്തിലെങ്ങോ
കുരരിയിണയകന്നു മാഴ്കി, നീളെ
ഇരുളുപരന്നു നദീതടസ്ഥദിക്കില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

വരിക ഹൃദയനാഥ, വൈകി കാണ്മാണ്‍,
തിരുവടി മൌലിയില്‍ വയ്ക്കുവാന്‍ മഹാത്മന്‍,
തരിക ചിരവിയുക്തദര്‍ശനം, നീ
കരുണവഹിക്കുക, ദാസി ഞാന്‍ ദയാലോ.
കുമാരനാശാന്‍(ലീല)


വരുമിവനിനി നാളെ രാവിലേക്കൊ-
ട്ടൊരു സുഖമെന്നിരവില്‍ക്കിടന്നുറങ്ങും;
അരുണതനുലതേ, പലര്‍ച്ചനേരം
പെരുതു മനസ്സിടിവാര്‍ന്നുണര്‍ന്നെണീക്കും.
വള്ളത്തോള്‍(ബധിരവിലാപം)

വിരഹിതഹൃദയം ചൊരിഞ്ഞ വീചീ-
നിരയിലുറന്നിടുമാര്‍ദ്രതയ്ക്കു ലോലം,
സരയു തിരകളാല്‍ പകര്‍ന്നു താളം,
വിരചിതനാടകവേദിയായ് പ്രപഞ്ചം.
ജോയ് വാഴയില്‍(രാമാനുതാപം) 

വലാഹകശ്യാമളകോമളാംഗനീ
വിലാസി വിദ്യുല്‍സമഡംബരാംബരന്‍,
സുലാള്യവേണൂജ്ജ്വലപാണിപല്ലവന്‍
കലാപിബര്‍ഹാങ്കിതകമ്രകുന്തളന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും)
 

വലവുമിടവുമോരോ തോടൊടൊന്നിച്ചു കാന്തി-
ക്കലവികള്‍ കലരും നിങ്കായലിന്‍ പംക്‌തികണ്ടാല്‍,
നലമൊടു തിരുമെയ്യില്‍ക്കീര്‍ത്തിമുദ്രാനിബദ്ധാ-
മലതരമണിഹാരം പോലെ തോന്നുന്നു തായേ.
ഉള്ളൂര്‍(ഉമാകേരളം)

വീണക്കമ്പി മുറുക്കിടുന്നു മൃദുകൈത്താരാലൊരാരോമലാൾ,
ചാണക്കല്ലിലൊരുത്തി ചന്ദനമരയ്കുമ്ന്നൂ ചലൽശ്രോണിയായ്.
ശോണശ്രീ ചഷകത്തിൽ നന്മധു നിറയ്കുക്ന്നൂ ശരിക്കന്യയാ-
മേണപ്പെണ്മിഴി, സർവതോമധുരമീ മണ്ഡോദരീമന്ദിരം.
വള്ളത്തോൾ

വിലപനമൊടു കാട്ടിലൊക്കെയും
പലവുരു തേടിയലഞ്ഞു കാന്തയെ,
പലരൊടുമവളെത്തിരഞ്ഞു ഞാന്‍,
സ്ഫുലനവിഹീനനിശാമണീസമന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

വിലയാര്‍ന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപംക്തിമേല്‍
കലരും പുഷ്പലതാവിതാനമാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

വിലയെഴുമനുരാഗമത്തലാല്‍
തുലയുവതല്ല, മരിച്ചു മേല്‍ക്കുമേല്‍
വിലസിടുമടിയേറ്റ വെള്ളിപോ-
ലുലയതിലൂതിയ പൊന്നുപോലെയും.
കുമാരനാശാൻ(ലീല)

വൈവശ്യമുള്ളിലിയലായ്ക, ശുഭേ, നിരുദ്ധ-
നായ് വന്നിതിപ്പൊഴനിരുദ്ധനുമെന്നതിങ്കല്‍;
ദൈവം മറിച്ചു കരുതീടിലരക്ഷണത്തില്‍
ദേവന്‍ വെറും പുഴു; മഹാബ്ധി മരുപ്രദേശം.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
 

വിഷയേന്ദ്രിയമഞ്ചുമേകിടും
വിഷയം ഭൂതനിബദ്ധമായതില്‍
വിഷമുണ്ടമൃതുണ്ടു, സംസ്കരി-
ച്ചിഷനുള്‍ക്കൊള്ളുമുദാത്തമൊക്കെയും.
ജോയ് വാഴയില്‍(മാതൃവിലാപം)

വക്കാണത്തിനു വന്ന വാനവർകളെപ്പായിച്ച മറ്റേവക-
ക്കാർക്കാണീയുലകെന്നു വന്നതു കണക്കല്ലെന്നു കണ്ടിട്ടുടൻ
മുക്കണ്ണൻ തിരുമേനി മുഷ്കൊടുമിടഞ്ഞേറ്റിട്ടു ചെന്തീയണി-
ത്തൃക്കണ്ണൊന്നു മിഴിച്ചവാറു വെളിയിൽ കാണായ തായേ, തൊഴാം.
വള്ളത്തോൾ

വസനം വഴിയില്‍ വിരിച്ചവര്‍
വസുശാഖിത്തളിര്‍ തൂകിയെങ്ങുമേ.
വസുനാഥനു പാടി സംസ്തുതി,
വസുലാഗാരപഥാനുവര്‍ത്തികള്‍.
ജോയ് വാഴയില്‍(മാതൃവിലാപം)

വന്നാടോപമൊടാഞ്ഞടിച്ചു പവനൻ, മേഘങ്ങൾ സന്നദ്ധരായ്
നിന്നാ,രദ്ധ്വഗർ ഞങ്ങളന്നു മഴകൊണ്ടയ്യോ വിറക്കൊണ്ടുപോയ്;
നന്നായ് വെള്ളിയലുക്കു തൂങ്ങിയലകിൻ തുമ്പത്തു ശീലക്കുട-
യ്ക്കെന്നാലെന്തതു കാൽ പിടിച്ചവനെ രക്ഷിക്കാനപര്യാപ്തമായ്.
വള്ളത്തോൾ

വാസന്തീമധുവാര്‍ന്ന വാക്കിനു സജാതീയദ്വിതീയാക്ഷര-
പ്രാസം ചേര്‍പ്പതു കൈരളീമഹിളതന്‍ മംഗല്യമാണോര്‍ക്കണം;
ഹാ, സംസത്തിലസംശയം പഴിയതില്‍ പാഴായ് പറഞ്ഞാല്‍ പരീ-
ഹാസം സത്തുകളുള്‍ത്തടത്തിലതിയായ് ചെയ്യുന്നതാശ്ചര്യമോ?
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

വാക്കും ചിന്തയുമുണ്ടദൃശ്യസഖരായ്, നിസ്സംശയം കൂരിരുൾ
തിക്കും ഗൂഢഗുഹാന്തരത്തിരിവിലേയ്ക്കല്ലോ ചരിക്കുന്നിവൻ.
നേർക്കുണ്ടപ്പുറമങ്ങിരുണ്ട യമസാമ്രാജ്യം, ഭയം തീണ്ടിടാ-
തിക്കുഞ്ഞെന്തിനു പോയിടുന്നു മരണം വാഴുന്നിടത്തീ വിധം?
ജോയ് വാഴയില്‍(മണൽവരകൾ)

വേഴാമ്പലേറ്റമഴലേന്തിയുഴന്നു വെള്ളം
നാലഞ്ചുതുള്ളി മുകില്‍ തന്നൊടിരന്നിടുന്നു
അന്‍പോടതൂഴി മുഴുവന്‍ മഴയാല്‍ നനയ്ക്കു-
ന്നമ്പോ! വലിപ്പമുടയോന്‍റെ കൊടുപ്പു കേമം.
കേ.സി.കേശവപിള്ള(സുഭാഷിതരത്നാകരം)

വാളല്ലെന്‍ സമരായുധം, ഝണഝണദ്ധ്വാനം മുഴക്കീടുവാ-
നാള, ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍;
താളം, രാഗ, ലയ, ശ്രുതി, സ്വരമിവയ്ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍കഴിയുകില്ലെന്‍ പ്രേമതീര്‍ത്ഥങ്ങളില്‍.
വയലാര്‍(സര്‍ഗ്ഗസംഗീതം)

വെള്ളം, വെണ്ണീര്‍, വൃഷം, വെണ്മഴു, വരകരിതോ, ലാര്യവിത്താധിപന്‍ തൊ-
ട്ടുള്ളോരീ നല്‍ക്കൃഷിക്കോപ്പുകളഖിലമധീനത്തിലുണ്ടായിരിക്കെ,
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ! കാടുവെട്ടിത്തെളിച്ചാ
വെള്ളിക്കുന്നില്‍കൃഷിച്ചെയ്യുക, പണിവതിനും ഭൂതസാര്‍ത്ഥം സമൃദ്ധം!
ശീവൊള്ളി

വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിവാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.
വള്ളത്തോള്‍(ശാകുന്തളം തര്‍ജ്ജമ)

വിണ്ണിന്‍ ഭാഗമടർന്നൊരല്പമിളകിത്താഴേക്കു വീഴുന്നിതാ,
മണ്ണിൽചേർന്നതു, ചോന്ന തമ്മരമിയന്നീടും മഹാശാഖി പോല്‍.
വെണ്ണിർമ്മാല്യമനോജ്ഞദർശനപുടം ചേരും ഛദാപാതനം
കണ്ണിൽപെട്ട തൃണൗഘമാകെ വിറയാർന്നാതങ്കഭഗ്നാശരായ്.
ജോയ് വാഴയില്‍(നിലാനിർഝരി)