ചെങ്കോലില്ല, കിരീടമില്ല, കുടയി, ല്ലശ്വങ്ങളി, ല്ലാനയി-
ല്ലങ്കപ്പോരിനു ഹുങ്കുമില്ല, സഭയി, ല്ലംഗത്വമില്ലൊന്നിലും;
ശങ്കിക്കേണ്ടുടവാളുമില്ല, തഴുകാന്‍ വെണ്‍ചാമരക്കാറ്റുമി-
ല്ലെങ്കില്‍പ്പോലുമെനിക്കുമുണ്ടു തനതാം രാജ്യം മനോരാജ്യമായ്‌.
എസ്‌. രമേശന്‍ നായര്‍

ചഞ്ചല്‍ച്ചില്ലീലതയ്ക്കും, പെരിയ മണമെഴും പൂമുടിക്കും തൊഴുന്നേന്‍;
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമപ്പുഞ്ചിരിക്കും തൊഴുന്നേന്‍;
അഞ്ചമ്പന്‍ ചേര്‍ന്ന യൂനാം മനസി ഘനമുലയ്ക്കും മുലയ്ക്കും തൊഴുന്നേന്‍;
നെഞ്ചില്‍കിഞ്ചില്‍ക്കിടക്കും കൊടിയകുടിലതയ്ക്കൊന്നു വേറേ തൊഴുന്നേന്‍!
ചേലപ്പറമ്പു നമ്പൂതിരി

ചൂടാണ്ട വീര്‍പ്പിടുമമാത്യനുരച്ചു: വത്സേ,
തേടായ്ക മന്യു; ശുഭമായ് വരുമൊക്കെ മേലില്‍;
ഈടാര്‍ന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം
കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
 

ചൂടാനായുഡുനാഥഖണ്ഡ,മുരഗക്കാടാണു ദേഹം,മദി-
ച്ചാടാന്‍ കൂളിഗണങ്ങളൊത്തു ചുടലക്കാടാണു നാട്യാലയം,
മാടാണേറുവതിന്നു വാഹ,മളികേ ചൂടാളിടും നേത്രമി-
പ്പാടാര്‍ക്കുള്ളു, നിനയ്ക്കിലെന്‍റ ശിവനേ! പാടാണു നിന്‍ജീവിതം.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

ചാപല്യം കരുതുന്നുവോ? കണമിതാകാശത്തെയുൾക്കൊള്ളുമോ?
ദീപങ്ങൾക്കുറവാം മഹസ്സെരിയുമോ മണ്ണിൻ കുടത്തിൽ ചിരം?
രൂപം, ഭാവമനന്തമായ്, ഗണനയില്ലാമട്ടപാരം മഹാ-
ടോപം കാണ്മതു സൂക്ഷ്മസൂക്ഷ്മമണുവിൻ ഹൃത്തിൽ കുരുത്തീടുമോ?
ജോയ് വാഴയില്‍(നിറമെഴുതുംപൊരുൾ)

ചാണക്കല്ലിലുരച്ച രത്ന, മമരില്‍ പുണ്ണേറ്റ വീരന്‍, മദ-
ക്ഷീണന്‍ കുംഭികുലോത്തമന്‍, കരതെളിഞ്ഞീടും ശരന്നിമ്നഗ,
മീനാങ്കാര്‍ദ്ദിതയായ മങ്ക, കലയായ്‌ ശേഷിച്ച ദോഷാകരന്‍,
ദാനത്താല്‍ ധനപുഷ്ടികെട്ട നൃപനും കാര്‍ശ്യാല്‍ പ്രകാശിക്കുമേ.
ഏ.ആര്‍.രാജരാജവര്‍മ്മ

ചിത്രാംശുവെന്നു പുകളേറിയ ചിത്രകാരന്‍
മുന്‍പേ കുറിച്ച ഘനചിത്രപടത്തെയെല്ലാം
ആകാശഭിത്തിയിലെടുത്തു നിവര്‍ത്തി നേരേ-
ചായം കൊടുത്തു മിഴിവേകി മിനുക്കിടുന്നോ!
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(വിശ്വരൂപം)

ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ, ഭുജിപ്പൂ മനുജനെ മനുജന്‍, നീതി കൂര്‍ക്കം വലിപ്പൂ,
നന്നാവില്ലിപ്രപഞ്ചം, ദുരയുടെ കൊടിയേ പൊന്തു, നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ പോകു, മിണ്ടാതെ പോകൂ!
ചങ്ങമ്പുഴ

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!
കുമാരനാശാന്‍

ചെന്താമരത്താരെതിരാം മുഖത്തോ-
ടന്നുംദിനം നിദ്രയിൽ നിന്നുണർന്നു.
ഇളംതളിർച്ചാർത്തു തുടർന്ന നൃത്തം
കണ്ടിട്ടു പൂപ്പുഞ്ചിരിയും പൊഴിച്ചു.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ചിന്താശതക്ഷുഭിതയാം ബലിസൂനു ഭാഗ്യ-
സന്താനവല്ലി സചിവോത്തമനോടിദാനീം
എന്താണെടുത്തു പറവാന്‍ തുടരുന്നതെന്നു
ഹന്താളിമാരലമുഴറ്റൊടു നോക്കിനില്‍പ്പായ്‌.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)

ചോരത്തുള്ളികളിറ്റു വാർന്ന മുറിവോടേറ്റം പരിക്ഷീണനായ്,
പാരം വൃദ്ധതയാല്‍ തളർ,ന്നസുരനോടേല്ക്കാനശക്താംഗനായ്,
സാരംഗം വൃകരാശിയോടു പൊരുതും മട്ടിൽ തപിച്ചീടിലും,
ധീരം വീണ്ടുമടുത്തു തന്‍ ചിറകിനാൽ വീഴ്ത്തുന്നവൻ പുഷ്പകം.
ജോയ് വാഴയില്‍(നിലാനിർഝരി)

ചിന്താസുന്ദരകാവ്യവും, ലഘുതരം ഭോജ്യങ്ങളും, ചെന്നിറം
ചിന്തിപ്പൂമ്പതപൊങ്ങി വീഞ്ഞുനിറയും സുസ്ഫാടികക്കിണ്ണവും
കാന്തേയെന്നരികത്തിളം തണലില്‍ നീ പാടാനുമുണ്ടെങ്കിലോ
കാന്താരസ്ഥലിപോലുമിന്നിവനു ഹാ! സ്വര്‍ല്ലോകമാണോമലേ
റൂബായിയാത്ത്(ഒമര്‍ഖയ്യാം)

ചന്ദ്രോദയം പാര്‍ത്തെഴുമാഴി പോലെ-
യന്നേരമൊന്നുള്ളമലിഞ്ഞു ദേവന്‍
പാരിച്ച ബിംബാധരകാന്തി കോലും
ഗൌരീമുഖം കണ്ണുകളാല്‍ നുകര്‍ന്നാന്‍.
ഏ. ആര്‍. രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)

ചിരിച്ചിടേണ്ട വാസ്തവം ധരിച്ചിടാതെ ഭോഷിയെ--
ന്നുരച്ചു മാം ഹസിച്ചിടേണ്ട സംശയിച്ചിടേണ്ട നീ
ഒരിക്കലിപ്പറഞ്ഞ സത്യമൊക്കെ നിന്റെ ദൃഷ്ടിയില്‍
ശരിക്കുവന്നുതട്ടുമന്നു വിശ്വസിക്ക പൂര്‍ണ്ണമായ്‌.
സിസ്റ്റര്‍ മേരീ ബനീഞ്ജ(ലോകമേ യാത്ര)

ചരിതാര്‍ത്ഥതയോടെ പോകുവാന്‍
തരമായ് വന്നിടുമോ ജഗത്തിതില്‍,
കരണീയവിരുദ്ധവര്‍ത്തിയായ്
വരുമാശങ്കകളേറ്റുമാര്‍ത്തിയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം.
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ചോരക്കൈവാളിനൂണാമരിയൊരജകിശോരത്തെ മീളാന്‍ കുനിച്ചു-
ള്ളോരക്കണ്ഠത്തില്‍ നിന്നൂറിന മൃദുകരുണാവായ്പിലാഴുമ്പൊഴെല്ലാം,
"ഹാ, രക്ഷയ്ക്കാത്മകര്‍മ്മം ശരണ, മിതരമി, ല്ലില്ല മാ"പ്പെന്ന ഗീരിന്‍
ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ, പിന്നെയും പിന്നെയും നീ.
ഇടശ്ശേരി(മാപ്പില്ല)

ചാരായക്കടയാണു ലോകമവിടെക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി, മൈത്രി, യാത്മകഥനം, വേദാന്ത,മായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയതാം പൂവന്‍പഴം, മിത്ഥ്യത-
ന്നോരോ നോട്ടുകള്‍ - എന്തിനെന്നെയിവിടേക്കെത്തിച്ചു ഹാ, നീ വിധേ!
ചങ്ങമ്പുഴ(സ്വരരാഗസുധ)

ചാരായം തെല്ലു ചെന്നാല്‍ പരമനു പരമാനന്ദസാരം ഗ്രഹിയ്ക്കാം,
പോരാടാം,പോരു തീര്‍ക്കാം,പെരുവഴി നിറയും മട്ടിലാടാം,നടക്കാം
പാരാകെപ്പാട്ടിലാക്കാം,സരിഗമ പതനിസ്സാധകം ചെയ്യലാകാം,
പ്രാരാബ്ധപ്പാട്ടു പാടാം,പരമരസമെഴുന്നക്ഷരശ്ലോകമോതാം.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

ചേരുംവണ്ണം നടത്താനൊരു ജനഹിതനുണ്ടെങ്കിലൂടറ്റകാട-
ന്മാരും ലോകോപകാരത്തൊഴിലിൽ നിപുണരാമെന്നു കാട്ടിക്കൊടുപ്പാൻ
പാരുൾത്തോഷിക്കെ, രക്ഷോഹതി വനചരരെക്കൊണ്ടു ചെയ്യിച്ച സാക്ഷാൽ
ചാരുശ്രീരാമചന്ര്കൻ തിരുവടികുശലം നാൾക്കുനാൾ നൽകിടട്ടേ.
വള്ളത്തോൾ

ചഞ്ചൽ കണ്മുനയേറ്റു നീ, വിറയെഴും പൂമെയ് തൊടുന്നുണ്ടു നീ,
കൊഞ്ചിക്കാതിനടുത്തുചെന്നു പലതും മന്ത്രിച്ചിടുന്നുണ്ടു നീ.
അഞ്ചിക്കൈ കുതറീടവേ, രതിപദം ചെഞ്ചുണ്ടു ചുംബിപ്പു നീ,
വഞ്ചിപ്പൂ പരമാർത്ഥചിന്തയിഹ മാം, വണ്ടേ ഭവാൻ ഭാഗ്യവാൻ.
ആറ്റൂർ കൃഷ്ണപ്പിഷാരടി

ചിരകാലമകന്നു വാണു നാ-
മിരുവര്‍, കണ്ടതുമില്ലയെങ്കിലും,
ഇരുപുത്രരെ നീ വളര്‍ത്തി, ഞാന്‍
വിരചിച്ചിങ്ങൊരു രാമരാജ്യവും.
ജോയ് വാഴയില്‍(രാമാനുതാപം)

ചെന്താർപൊയ്കയുമന്തിവിണ്ണുമഴകെന്നോതും കവിപ്രൗഢരെ
താന്താൻ വഞ്ചിതരാകുവാൻ വിടുക ഞാനാളല്ല വാദിക്കുവാൻ.
സ്വാന്താകർഷകമിങ്ങു നിൻ മധുരമാം സൗന്ദര്യമൊന്നേ, മുദാ
ഭ്രാന്താളുമ്പൊഴുതും കിടന്നലമുറക്കൊള്ളുമ്പൊഴും മർത്ത്യതേ!
ഇടശ്ശേരി

ചെങ്കോലിൻ കനമിത്തപ:കൃശഭുജാഗ്രത്തിന്നു താങ്ങാവതോ?
പൊൻകോടീരമിണങ്ങുമോ ജടകളാൽ മൂടുന്ന മൂർദ്ധാവിതിൽ?
പങ്കോത്താരിതരാജ്യലക്ഷ്മി വളരെക്കാലം യുവാവായ നി-
ന്നങ്കോല്ലാസിനിയാക, പാറയിതുതാൻ ഞങ്ങൾക്കു സിംഹാസനം.
വള്ളത്തോൾ

ചൊല്ലിക്കേള്‍ക്കുമ്പൊഴേക്കും ചുരുള്‍ നിവരുമുദാരാശയശ്രീ, മരന്ദം
വെല്ലും ശബ്ദങ്ങളേലും ശ്രുതിസുഖ, മഴകാം ശയ്യ തന്‍ മെയ്യൊതുക്കം;
കല്യശ്രീ കല്‍പനാ സല്‍പ്രഭ - യിവ തികയും ശ്ലോകമാ ശ്രോതൃചിത്തം
തുള്ളും മട്ടാലപിക്കും കലയൊടു തുലനത്തിന്നു മറ്റെന്തു മന്നില്‍?
ടി.എം.വി.(അക്ഷരശ്ലോകമഹിമ)

ചിലതിന്നൊലി കേട്ടുമന്തരാ
ചിലതിന്‍ ഛായകള്‍ കണ്ടുമാര്‍ത്തനായ്
നിലയില്‍ ചിറകാട്ടിയും ഭവാന്‍
വലയാം ചഞ്ചുപുടങ്ങള്‍ നീട്ടിയും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍
വനാന്തലക്ഷ്മിയ്ക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ചപോലെ.
ഏ. ആര്‍. രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)

ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ്, ചിത്തഗുഹാന്തകീടമായ്,
വെളിവറ്റോരഴുക്കുകുണ്ടില്‍ വീ-
ണളിവൂ ദുര്‍ജ്ജനപാപചേതന.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ചെറുതൊരു വിചികിത്സയാര്‍ന്നു ഞാ-
നറിവിതിവര്‍ക്കു ലഭിച്ചതെങ്ങനെ?
കുറവിവനിലെഴാത്ത വര്‍ണ്ണന-
യ്ക്കുറവറിയുന്നിവനിന്നു, സുവ്രതേ.
ജോയ് വാഴയില്‍(രാമാനുതാപം)

ചെറുതു വികലബുദ്ധിപോലവന്‍
തിരിയുവതന്നു സഖാക്കള്‍ കണ്ടുപോല്‍
ഒരു കഥയുമതിന്നുശേഷമി-
ങ്ങറിവതുമില്ലൊരു തുമ്പുമില്ല പോല്‍.
കുമാരനാശാന്‍(ലീല)

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
കുഞ്ചന്‍ നമ്പ്യാര്‍(ശ്രീകൃഷ്ണചരിതം)

ചോരന്‍ രാവണരാക്ഷസാർദ്ദനമതിന്നൊറ്റയ്ക്കൊരുമ്പെട്ടിടും
നേരം, മാതുലനാം സുപർണ്ണനൊടവൻ പ്രാർത്ഥിപ്പിതാശിസ്സിനായ്.
ധീരന്‍ ചെറ്റുമിയന്നതില്ല വിചികിത്സാന്തർഗ്ഗതം, പ്രാണനാം
ദാരത്തേയുമിളംകുരുന്നുകളെയും ചൊല്ലിത്തപിച്ചീടിലും.
ജോയ് വാഴയില്‍(നിലാനിർഝരി)

ചെറുനാള്‍മുതല്‍ 'ഗാര്‍ഗി'യൊത്തു ചേര്‍-
ന്നറിവിന്നുന്നതമണ്ഡലങ്ങളില്‍
ചിറകൊട്ടു വിതിര്‍ത്തു പാറി നീ
പറവേ, വേദവിഹംഗമങ്ങളില്‍.
ജോയ് വാഴയില്‍(രാമാനുതാപം)


ചെറ്റല്ല ദുര്‍ദശയിലാക്കിയതെന്‍പ്രഭോ, കേ-
ടറ്റങ്ങയെച്ചപലയാമിവളെങ്കിലും മേ,
തെറ്റത്രയും സദയമിങ്ങുപൊറുത്തു തൃക്കാ-
ലറ്റത്തെനിക്കനുവദിക്കുക നിത്യദാസ്യം.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)

ചാരത്തെത്തി പുലർവെയിൽപ്പുളകമോടർക്കൻ,സുരാഗാംശു നീ-
ഹാരം തൊട്ടളവുജ്ജ്വലിച്ചു, ധവളശ്രീയാർന്ന വിൺതാര പോൽ.
ദൂരം താണ്ടിയണഞ്ഞ ദൂതരവരിമ്മട്ടോതി:‘ഞങ്ങൾ ജഗൽ-
സാരം ചിന്തയിൽ വാർത്ത സർഗ്ഗകുശലം കാണ്മാൻ ചരിക്കുന്നവർ.'
ജോയ് വാഴയില്‍(നിറമെഴുതുംപൊരുൾ)