ഓടിക്കളിച്ചൊട്ടു വിശന്നു ചെന്ന-
"ങ്ങമ്മേ, പഴം, പാ, ലവി"ലെന്നു കെഞ്ചി
ചേറാണ്ട ചെന്താരെതിര്‍ പിഞ്ചു കൈയാല്‍
ചേലാഞ്ചലത്തില്‍ കസവിട്ടിടുമ്പോള്‍.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഒടുവിലവനനുജ്ഞ പോലെ പോ-
യടവിയില്‍ സീതയൊടൊത്തു, കാറ്റിനാല്‍
സ്ഫുടമെതിര്‍ദിശയില്‍ ചരിച്ചിടും
ചടകസമം,- സഹജാ, പൊറുക്കുമോ?
ജോയ് വാഴയില്‍(രാമാനുതാപം)

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിന്‍ പൊന്‍പൂങ്കുലച്ചാര്‍ത്തുമായ്‌
പ്രാണപ്രേയസി കാവ്യകന്യ കവിളത്തൊന്നുമ്മവെച്ചീടവേ,
വീണക്കമ്പികള്‍ മീട്ടി മാനവ മനോരാജ്യങ്ങളില്‍ച്ചെന്നു ഞാന്‍
നാണത്തിന്‍റെ കിളുന്നുകള്‍ക്കു നിറയെപ്പാദസ്സരം നല്‍കുവാന്‍.
വയലാര്‍(സര്‍ഗ്ഗസംഗീതം)

ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും.
കുമാരനാശാന്‍(നളിനി)

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ.
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം കഠിന താന്‍ ഭവിതവ്യതേ നീ.
കുമാരനാശാന്‍(വീണപൂവ്‌)

ഒന്നൊടൊന്നിട കലര്‍ന്നു, കുല്യയില്‍
തെന്നലേറ്റൊഴുകുമംബുധാര പോല്‍,
ഛന്നമായ്, വെളിവിയന്നുമങ്ങനെ,
ചേര്‍ന്നകന്നു മറയുന്നു ജീവിതം.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ഓമല്‍പ്പിച്ചിച്ചെടിലത മരുല്ലോളിതാ വര്‍ഷബിന്ദു-
സ്തോമക്ലിന്നാ പുതുമലര്‍ പതുക്കെസ്ഫുടിപ്പിച്ചിടുമ്പോള്‍,
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോര്‍മ്മിച്ചിടുന്നേന്‍.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

ഓമലാള്‍ മുഖമതീന്നു നിര്‍ഗളി-
ച്ചോമിതിശ്രുതിനിഗൂഢവൈഖരി;
ധാമമൊന്നുടനുയര്‍ന്നു മിന്നല്‍പോല്‍
വ്യോമമണ്ഡലമണഞ്ഞുമാഞ്ഞുതേ.
കുമാരനാശാന്‍(നളിനി)

ഒന്നൊന്നായി മറഞ്ഞുപോയനുചരർ; നീളും ചതിച്ചൂണ്ടയിൽ
അന്നൊറ്റീയവരെക്കൊടും കൊലമരത്തിന്നേകി വൈദേശികർ.
തന്നൊപ്പം വെറുമെട്ടുപത്തു ഭടരാ,യെന്നാലുമീ മൗലി താ-
ഴുന്നൊന്നല്ല വിദേശഹുങ്കിനൊടിദം കാണിച്ചവൻ കേരളൻ.
ജോയ് വാഴയില്‍(ഋതുഭേദങ്ങൾ)

ഒരാളെയായ്‌ തന്‍ മടിയില്‍ കരേറ്റാന്‍
കൈനീട്ടിയീ ഞങ്ങളെ മാറിമാറി
ശാഠ്യം പിടിപ്പിക്കുകയാണു തായ-
മാര്‍ക്കന്നു വാത്സല്യപരം വിനോദം.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഒന്നാഞ്ഞാഴ്ത്തുകയായ് നഖം നിശിചരാസ്യത്തില്‍, ഖഗേന്ദ്രൻ ദ്രുതം
നന്നായ്ക്കൊത്തി ശിരസ്സി,ലപ്പൊഴുതു വീക്ഷിച്ചാള്‍ സഖാവെസ്സതി.
വന്നാദത്തൊടടിച്ച കാറ്റിലുഴറും ഗുല്മം, സമീപസ്ഥനായ്
തന്നാപത്തു ഹരിച്ചിടും തരുവെ സസ്നേഹം നമിക്കും വിധം.
ജോയ് വാഴയില്‍(നിലാനിർഝരി)

ഒരു ദമ്പതിമാരുമൂഴിയില്‍
കരുതാത്തോരു വിവിക്തലീലയില്‍
മരുവീ ഗതഗര്‍വര്‍ ഞങ്ങള-
ന്നിരുമെയ്യാര്‍ന്നൊരു ജീവി പോലവേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ.
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാല്‍
കരത്തിലുള്ളതൊക്കെ നാമതിര്‍ത്തിയില്‍ ത്യജിക്കണം.
സിസ്റ്റർമേരിബനീഞ്ജ(ലോകമേ യാത്ര)

ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം;
ശരിയായ്‌ മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഒരിക്കലും നിനക്കു രോഗസൗഖ്യമേകിയില്ല, നീ
വിരുന്നിനെത്തിയില്ല വീട്ടിലോര്‍മ്മയില്‍ സുഗന്ധമായ്.
ഇരുട്ടറയ്ക്കകത്തു നിന്നെ ഞങ്ങള്‍ വന്നു കണ്ടതി-
ല്ലുരയ്ക്ക, ഞങ്ങളെന്തു ചെയ്തു നിന്‍ കൃപയ്ക്കിതേവിധം?
ജോയ് വാഴയില്‍(മാതൃവിലാപം)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം.
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഒന്നായും സൗഖ്യദു:ഖങ്ങളിലനുഗുണമായേതു കാലത്തുമുൾപ്പൂ-
വിന്നുള്ളാശ്വാസമായും രസമതു ജരയാൽ ഭേദിയാതുള്ളതായും
പിന്നെക്കാലേന തീർന്നാ മറവുകളൊടുവിൽ സ്നേഹസത്തായുമെന്നും
ഭിന്നിക്കാതുള്ള പത്നീപ്രണയമധികപുണ്യത്തിനാലേ ലഭിക്കൂ.
ചാത്തുക്കുട്ടി മന്നാടിയാർ

ഒരുവേളയിരട്ടിയാര്‍ത്തി താന്‍
തരുമാ വ്യാധി വരാഞ്ഞതാം ഗുണം;
കരണക്ഷതിയാര്‍ന്ന വാഴ്വിലും
മരണം നല്ലു മനുഷ്യനോര്‍ക്കുകില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഓർക്കുന്നോ വയനാട്ടിലെക്കൊടുവനം തന്നിൽ, വിദേശാരികൾ
നേർക്കുദ്ദീപിതസിംഹമായലറിയോരീ ഭൂമി തൻ പുത്രനെ.
ആർക്കും വാച്ചിടുമിന്നുമേ പുളകമാ പേരൊന്നു കേട്ടീടുകിൽ;
വാർക്കും കൺകളിലശ്രുവാ ബലി മനസ്സിന്നുള്ളിലോർത്തീടുകിൽ.
ജോയ് വാഴയില്‍(ഋതുഭേദങ്ങൾ)

ഓരോ ജീവകണത്തിനുള്ളിലുമുണര്‍ന്നുദ്ദീപ്തമായ്‌, ധര്‍മ്മസം-
സ്കാരോപാസനശക്തിയായ്‌, ചിരതപസ്സങ്കല്‍പ്പസങ്കേതമായ്‌,
ഓരോ മാസ്മരലോകമുണ്ടതിലെനിക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണമെന്‍റെ കാവ്യകലയെക്കൊണ്ടാകുവോളം വരെ!
വയലാര്‍(സര്‍ഗ്ഗസംഗീതം)

ഒരു യാചന മാത്രമാണു വിണ്‍-
തിരുമുമ്പാകെയണച്ചിടുന്നു ഞാന്‍.
കുരിശിന്‍ വിധിയേകിടൊല്ലിനി-
യൊരു മര്‍ത്ത്യന്നുമുദഗ്രപീഡനം.
ജോയ് വാഴയില്‍(മാതൃവിലാപം)

ഒന്നോ രണ്ടോ മണിക്കൂറിട മനമറിയാമട്ടിലെന്തൊക്കെയോ ചെ-
യ്തന്നോളം തള്ളുമാർത്തിക്കടൽ നടുവിലുഴന്നായവൻ നീന്തിനോക്കി.
പൊന്നോമൽച്ചെമ്പകത്തിൻ മലരടിപണിയും കാന്ത തൻ മെയ്യുമെല്ലെ-
ത്തന്നോടോപ്പിച്ചമർത്തിത്തഴുകിയൊരുവിധം ഗദ്ഗദം പൂണ്ടുരച്ചു.
വി.സി.ബാലകൃഷ്ണപ്പണിക്കർ(ഒരു വിലാപം)

ഒരു കാക്കയൊടും കയര്‍ത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനക്കില-
പ്പുരുഷവ്യാഘ്രനിതും വരാവതോ?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഒരു നിമിഷവുമെന്‍ നഭസ്സിലെ-
ന്നരുണനഗോചരനല്ല, കേട്ടു ഞാന്‍
വരുമവനുടനെന്നതീന്ദ്രിയം
തെരുതെരെയിന്നലെയാന്തരസ്വരം.
ജോയ് വാഴയില്‍(രാമാനുതാപം)

ഒളിയൊന്നു പരന്നുടന്‍ കവിള്‍-
ത്തളിമത്തില്‍ ചെറുകണ്ടകോല്‍ഗമം
ലളിതാംഗിയിയന്നു, പൊന്മണല്‍-
പുളിനം നെന്മുളപൂണ്ടമാതിരി.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഒഴിയാതെയതല്ലി ജീവിപോം
വഴിയെല്ലാം വിഷമങ്ങളാവതും,
അഴലും സുഖവും സ്ഫുരിപ്പതും,
നിഴലും ദീപവുമെന്നപോലവേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഓമൽപ്പൂവെണ്ണിലാവിൽ കുളിർമയൊടു കുളിച്ചൊട്ടു മൂടും പ്രസൂന-
ക്ഷൗമം ചാർത്തിസ്സുഗന്ധപ്പൊടി വിതറിവിളങ്ങുന്ന മല്ലീമതല്ലി
ആ മട്ടുച്ചയ്ക്കുണങ്ങിക്കരിയുമുടലുലഞ്ഞെന്നുറച്ചിറ്റു വീഴും
തൂമഞ്ഞിൻ തുള്ളിയാലേ വിമലമതി വൃഥാ തന്നെ ബാഷ്പം പൊഴിപ്പൂ.
വി.സി.ബാലകൃഷ്ണപ്പണിക്കർ(ഒരുവിലാപം)

ഒറ്റയായിടകുരുങ്ങി വാച്ച തന്‍
കറ്റവാര്‍കുഴലു തല്‍പദങ്ങളില്‍
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാല്‍
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍.
കുമാരനാശാന്‍(നളിനി)

ഒറ്റപ്പക്ഷമതാഞ്ഞടിച്ചു നിലകിട്ടാതേ കുഴങ്ങുന്നിവന്‍,
ചെറ്റല്ലാര്‍ത്തി പെരുത്തു ശത്രുവദനം കൊത്തിപ്പറിക്കുന്നിതാ.
ഒറ്റയ്ക്കാണവനേറ്റിടുന്നതതിഘോരാധര്‍മ്മവാനോ,ടുയര്‍-
ന്നൂറ്റത്തോടിടിമിന്നല്‍ പാറി വിലസും തല്‍ചന്ദ്രഹാസത്തൊടും.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)