ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി! നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.
ശീവൊള്ളി

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവത്പാദാരവിന്ദങ്ങളെ-
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കും വിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും.
ചേലപ്പറമ്പു നമ്പൂതിരി

ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകലഭോഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതില്‍.
കുമാരനാശാന്‍(നളിനി)

ഭ്രമമൊടിരുളിലാണ്ടുലഞ്ഞ ധാരാ-
സുമനിവഹം നെടുവീര്‍പ്പിനാല്‍ സുഗന്ധം,
പ്രമഥയൊടുഴലും സമീരണന്മേല്‍,
മമതയൊടും, പ്രസൃതാര്‍ച്ച ചെയ്കയായി.
ജോയ് വാഴയില്‍(രാമാനുതാപം)

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ-
ഭായിക്കുണ്ടായ യുദ്‌ധപ്രവണത, സരളാദേവിതന്‍ വാഗ്വിലാസം,
നീയിത്‌ഥം നിര്‍മ്മലസ്ത്രീ ഗുണമഹിമകളാല്‍ പൂര്‍ണ്ണയായ്‌ വാണിരിക്കാം
വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താല്‍?
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

ഭാരം വായ്ക്കും മരത്തിന്‍ കുരിശു ഗളതലത്തിങ്കലേറ്റിക്കുഴഞ്ഞും,
ക്രൂരം മുള്ളിന്‍ കിരീടം നിണഭരമളികത്തില്‍ത്തറഞ്ഞാര്‍ത്തി പൂണ്ടും,
ദൂരം താണ്ടാനുമാവാതിടറിയുഴറവേ, ചാട്ടവാര്‍ ദണ്ഡമേറ്റും,
ഘോരംമര്‍ത്ത്യാന്തരത്തിന്നെതിരെമുകുരമായ്ക്രിസ്തുമന്നില്‍വിളങ്ങി.
ജോയ് വാഴയില്‍(മാതൃവിലാപം)

ഭൂരിജന്തുഗമനങ്ങള്‍ പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍
ദൂരദര്‍ശനകൃശങ്ങള്‍ കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍
കുമാരനാശാന്‍(നളിനി)

ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും.
കുമാരനാശാന്‍(നളിനി)

ഭരതന്‍ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകല്മഷചിന്ത തീണ്ടുവാന്‍
തരമെന്യേ ധവളീഭവിച്ചിതോ?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഭൂവില്‍ വന്നു നിമേഷമൊട്ടു കഴിയാന്‍ ഭാഗ്യം ലഭിച്ചോരിവര്‍,
ദ്യോവിന്‍ വത്സല,രെത്ര വേഗമിരുളിന്‍ കൗടില്യമിത്രങ്ങളായ്.
വാഴ്വിന്‍ സുന്ദരഗാനവീചികളഹോ! പൈശാചികാക്രോശമായ്,
നീവിസ്രംസനപാതകാര്‍ത്ത, വസുധയ്ക്കുന്മാദ ദു:സ്വപ്നമായ്.
ജോയ് വാഴയില്‍(നിമിഷജാലകം)

ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍,
അവ ദുര്‍വിധി തന്‍റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഭുവി വാക്കിലൊളിഞ്ഞ സാരമാം
ഭവിതവ്യം, വിധി ഗുപ്തസത്യനാം.
തവമൗലിയില്‍ മുള്‍ക്കിരീടമാ-
ണവരാര്‍ത്താഞ്ഞു തറച്ചതിന്നലെ.
ജോയ് വാഴയില്‍(മാതൃവിലാപം)

ഭവനമണിവിളക്കു, സദ്ഗുണ-
പ്രവണതയാര്‍ന്നു വളര്‍ന്നു നന്ദിനി,
അവനു മമത കൊണ്ടു തുല്യരാ-
യവളുമസുക്കള്‍ വസുക്കള്‍ താനുമേ.
കുമാരനാശാന്‍(ലീല)

ഭുവി നീതിയെ നെഞ്ചിലേറ്റുവോ-
രവികല്പാശയരത്യപൂര്‍വ്വമാം.
അവരാണു ജഗത്തിനൊക്കെയും
അവലംബം, ചിരമാത്മവൃദ്ധിയും.
ജോയ് വാഴയില്‍(മാതൃവിലാപം)

ഭാവമൊട്ടുടനറിഞ്ഞു ശുദ്ധയാ-
മാ വയസ്യയഴലാര്‍ന്നിടാതെയും
ഈ വിധം യതി പറഞ്ഞു, തന്മന-
സ്സാവിലേതരമലഞ്ഞിടാതെയും.
കുമാരനാശാന്‍(നളിനി)