സഖിയിവനെ വിലക്കണേ, കഥിക്കാ-
നിനിയുമിതാ, ബത! ചുണ്ടനക്കിടുന്നു,
വരുമിഹ സുജനാപവാദപാപം
പരനുരചെയ് വതു കേട്ടു നില്പവര്‍ക്കും.
എ. ആർ. രാജരാജവർമ്മ (കുമാരസംഭവം തർജ്ജമ)

സഖി കരുതിയതില്ല കീര്‍ത്തിയും
സുഖവുമൊരിക്കലു,മെങ്കലുണ്മയാല്‍.
അഖലമഹിമ പേരിലാര്‍ന്ന ഞാന്‍
മുഖമധുവാം സ്തുതിയില്‍ ഭ്രമിച്ചുപോയ്.
ജോയ് വാഴയില്‍(രാമാനുതാപം)

സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേക ഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം.

സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലി പോല്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

സ്മൃതിയൊരു വരമെന്ന മാതിരി
മതിയെയുണര്‍ത്തിയുയര്‍ത്തിടുന്നു മേല്‍,
ദ്യുതിയിയലുമനന്തമണ്ഡലേ,
പ്രതിപദമിന്നു, പുരോഗമിക്കുവാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്‍റെ ജീവിതം!
കുമാരനാശാന്‍(നളിനി)

സ്വന്തകര്‍മ്മവശരായ്ത്തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍;
അന്തരാളഗതി തന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.
കുമാരനാശാന്‍(നളിനി)

സന്താപത്തിനു തോണിയായ കവിതേ, നീ പുത്രദുഃഖത്തിനോ
പൂന്തേനായ്‌? തളര്‍വാതരോഗമുടനേ മാറ്റുന്ന ഭൈഷജ്യമായ്‌!
മീന്‍തൊട്ടിട്ടു സുഗന്ധമായ്‌, കനകധാരാദ്വൈതി തന്‍ ചെപ്പിലെ-
പ്പന്തായ്‌, കാലടികൂപ്പുമെന്‍ കരളിലെപ്പൊന്നോമനപ്പീലിയായ്‌?
രമേശന്‍ നായര്‍( സോപാനഗീതം)

സുദതിയരുമയോടണഞ്ഞിതെന്‍
ഗദഭരകാനനവാസമേല്ക്കുവാന്‍.
ഹൃദയവതി ചൊരിഞ്ഞ രാഗമീ
മദമതിയെങ്ങനെ വിസ്മരിച്ചു ഞാന്‍?
ജോയ് വാഴയില്‍(രാമാനുതാപം)

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നു മേഘ-
ജ്യോതിസ്സു തന്‍ ക്ഷണികജീവിതമല്ലി കാമ്യം.
കുമാരനാശാന്‍(വീണപൂവ്‌)

സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ, ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ,
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘനിദ്ര-
യ്ക്കൂനം പറ്റില്ല, നിന്‍കണ്ണുകള്‍ നിയതിനിയോഗത്തിനാല്‍ മുദ്രിതങ്ങള്‍.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

സംഭവിച്ചതിനു ഹേതുവും, പുനര്‍-
സംഭവിക്കുവതിതെന്ന ബോധവും,
സംഭവാര്‍ത്ഥവുമറിഞ്ഞിടാത്തതാം
സംഭവം ഭുവനജീവിതായനം.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ തരളവായുവേറ്റു നീ
ആമയം തടവിടായ്ക തല്‍ക്കര-
സ്തോമമുണ്ടു തിരിയുന്ന ദിക്കിലും.
കുമാരനാശാന്‍(നളിനി)

സുമഹിതമുനിവേഷനാമവന്‍ തന്‍
ഭ്രമരവൃതാംബുജരമ്യമാം മുഖത്തില്‍
വിമലതയൊടുദിച്ചിരുന്നതേറെ-
ശ്ശമഗുണമല്ലൊരു വീരലക്ഷ്മിയത്രേ.
വള്ളത്തോള്‍(ശിഷ്യനും മകനും)
 

സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലികവൃദ്ധി രേവയാര്‍ന്നു,
ഘുമഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ.
കുമാരനാശാന്‍(ലീല)

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.
സിസ്റ്റർ മേരിബനീഞ്ജ(ലോകമേ യാത്ര)

സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പുനെയ്തുടന്‍
വിയദാലയവാതില്‍ മൂടുമെന്‍
പ്രിയസന്ധ്യേ! ഭവതിക്കു വന്ദനം!
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

സ്വയമറിവരുളാതെ ജീവനെ
നിയതി ജഗത്തില്‍ വിടുന്നിതേകനായ്,
നയമൊരുവഴിയൊന്നു തെറ്റുകില്‍
നിയതമതത്യയ,മില്ല പോംവഴി.
ജോയ് വാഴയില്‍(രാമാനുതാപം)

സ്വയമിവിടഥവാ ഗമിക്ക നന്നെ-
ന്നരുളി നടന്നു മടിച്ചിടാതെ ബാല;
വടു വടിവു വെടിഞ്ഞു ഹാസമോടെ
ഗിരിശനുമങ്ങവളെത്തടഞ്ഞുകൊണ്ടാന്‍.
എ. ആർ. രാജരാജവർമ്മ (കുമാരസംഭവം തർജ്ജമ)

സ്ഫുരിതവിധുവിനേയുമൊപ്പമു-
ള്ളരിയൊരുഡുക്കളെയും സമീക്ഷണം,
കരളലിയുമൊരാര്‍ദ്രതോഷ്മമാം
സരസിജനേത്രമയച്ചു ചെയ്തവന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

സാരാനര്‍ഘപ്രകാശ പ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-
പ്പാരാവാരത്തിനുള്ളില്‍പ്പരമിരുള്‍ നിറയും കന്ദരത്തില്‍ കിടപ്പൂ
ഘോരാരണ്യച്ചുഴല്‍ക്കാറ്റടികളിലിളകും തൂമണം വ്യര്‍ത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നൂ.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

സുരലോകസുഖം വെടിഞ്ഞുമെന്‍
അരികേ വാഴുവതിന്നണഞ്ഞൊരെന്‍
പരിപാവനയായ വല്ലഭേ,
പരിമൃഷ്ടേ, ഭവതിക്കു വന്ദനം.
ജോയ് വാഴയില്‍(രാമാനുതാപം)

സരയുവിനരികത്തു ചെന്നുനിന്നാ
സ്ഥിരചരിതന്‍ ഗതി നോക്കി നിര്‍ന്നിമേഷം,
ഇരുകരവുമണച്ചു വന്ദനം ചെ-
യ്തരുളി മനസ്സിലുറന്ന നന്ദിയേവം.
ജോയ് വാഴയില്‍(രാമാനുതാപം)

സല്‍പ്പാത്രത്തിലൊഴിച്ചതില്ലൊരു തവിത്തോയം, ഗുരുശ്രീപദ-
പ്പൊല്‍പ്പൂവൊന്നു തലോടിയില്ല, സമയേ ചെയ്തീല സന്ധ്യാര്‍ച്ചനം,
കെല്‍പ്പേറും യമരാജകിങ്കരഖരവ്യാപാരഘോരാമയം
നില്‍പ്പാനുള്ള മരുന്നു ഞാന്‍ കരുതിയില്ലമ്മേ ഭയം മേ പരം!
ഒറവങ്കര


സ്നേഹം, സത്യം, ദയാദിപ്രവരമനുജഭാവങ്ങള്‍ പാടും മതങ്ങള്‍;
മോഹപ്പാഴ്ക്കൂരിരുട്ടില്‍ക്കുരുതികള്‍ മതവൈരാഗ്നിയാലേറുമെന്നും.
സാഹന്തം സ്വാര്‍ത്ഥചിത്തര്‍ രുധിരനടനമാടാനൊരുമ്പെട്ടു നില്ക്കേ,
സ്നേഹത്തിന്‍ നവ്യചിന്താപടയണിയുണരട്ടേ, ശമം വെന്നിടട്ടേ!
ജോയ് വാഴയില്‍(മണല്‍വരകള്‍)

സാവധാനമെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭി വായു വന്നുക-
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.
കുമാരനാശാന്‍(നളിനി)

സ്വവശസുലഭഭൂഷയാലണഞ്ഞെ-
ന്നവയവപംക്തിയലങ്കരിക്ക തോഴി,
സവിധമതിലണഞ്ഞു കാണണം കേ-
ളവികലശോഭയൊടെന്നെയാത്മനാഥന്‍.
കുമാരനാശാന്‍(ലീല)

സുസിതാംബരനായി, വൃദ്ധനായ്
ബിസിനീതന്തുമരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം!
കുമാരനാശാന്‍(ലീല)

സസുഖം ഭവദങ്കശയ്യമേല്‍
വസുധേയങ്ങനെ ഞാന്‍ രമിച്ചിടും
സുസുഷുപ്തിയില്‍- അല്ലയല്ലയെന്‍
പ്രസുവെക്കൂപ്പിയുയര്‍ന്നുപൊങ്ങിടും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

സുഹിതയവളിയന്ന രാഗ,മാ
ഗഹനതടത്തിലുമേകി നിര്‍വൃതി,
മഹിതമണിവിളക്കു ചേര്‍ന്നതാം
ഗൃഹമതിദീപ്ത,മിടുക്കമെങ്കിലും.
ജോയ് വാഴയില്‍(രാമാനുതാപം)

സ്പഷ്ടം ഭൂമിമറയ്ക്കിലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും, പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ "രാജരാജേ"ന്ദു! ഹാ!
കഷ്ടം "രോഹിണി" യക്കലേശനെയിനിക്കാണില്ല കേണാലുമേ.
കുമാരനാശാൻ(പ്രരോദനം)