ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാ-
മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം, നമസ്കാരമേ!
കുമാരനാശാൻ(പ്രരോദനം)

അക്കൊമ്പു ചെമ്മണ്ണടിയിൽ കിളർ‍ന്ന
കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം,
കടയ്ക്കു രക്താങ്കിതമായി വീഴ്കെ
ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടൽ ഞെട്ടി.
വള്ളത്തോൾ(ശിഷ്യനും മകനും)

അകലുവതു വപുസ്സു, ജീവന-
ല്ലകലുഷമുണ്ടതവന്നൊടൊപ്പമായ്.
സകല,നരചകര്‍മ്മബന്ധിതന്‍,
വികലത വല്ലഭനേറ്റുകില്ല ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അങ്ങോട്ടു നോക്കുക, ചുവപ്പു, വെളുപ്പു, പച്ച-
യെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേസമയം വിരിഞ്ഞു-
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നു.
വി.സി.ബാലകൃഷ്ണപ്പണിക്കർ(വിശ്വരൂപം)

അടവിയിലവിടുന്നു വാഴുവോ-
രിടമതയോദ്ധ്യയെനിക്കു നിര്‍ണ്ണയം.
അടിമലരിണയെന്‍റെയര്‍ച്ചയാ-
ണുടലുയിര്‍ വേര്‍പെടുവോളമൂഴിയില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അടവിയിലവളെ ത്യജിക്കുവാന്‍
ഇടവരുമാറപവാദഭഗ്നനായ്,
ഇടരിലുലയുമെന്‍ കനിഷ്ഠനാ
കൊടിയൊരു കല്പനയേകിയന്നു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടി മുതൽ മുടിയോളം നിന്നിലാകട്ടെ തായേ!
അടിമലരിണ വേണം താങ്ങുവാൻ, മറ്റൊരേട-
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം!
ഉള്ളൂർ(ഉമാകേരളം)

അതിഭയമൊടു നിത്യം മൂഢലോകം നിറപ്പൂ,
മൃതിയുടെ വഴി കല്ലും മുള്ളുമെല്ലാം നിരത്തി;
അതിലൊരുവകപോലും ശക്തമായീടുമോ തല്‍-
ഗതി തടവതിനെന്നോര്‍ക്കാത്തതത്യദ്ഭുതം മേ!
ജി.ശങ്കരക്കുറുപ്പു്(ഒരു സ്മരണ)

അതിനാല്‍ മമവല്ലഭേ, വരം
ഹതനര്‍ത്ഥിക്കുകയാണു രാഘവന്‍,
പ്രതിയാനമുഹൂര്‍ത്തമായി, വിണ്‍-
ഗതി നിന്‍ ചാരെയെനിക്കണയ്ക്കുമോ?
ജോയ് വാഴയില്‍(രാമാനുതാപം)

അതേ, ചിരം ദു:ഖവശാല്‍ തപിച്ചെ-
ന്നാലേ മനസ്സില്‍ പരമാനുരാഗം
തട്ടിത്തഴയ്ക്കൂ; വെയില്‍തട്ടിവേണം
മുളച്ചുപൊന്തും ചെടി വേര്‍പിടിപ്പാന്‍.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അഥവാ ക്ഷമപോലെ നന്മചെ-
യ്തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്‌-
ഗുരുവും മർത്യനു വെറെയില്ലതാൻ.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

അദ്ദേവനെസ്സപദി പാര്‍ത്തുവിയര്‍ത്തുകൊണ്ടു
നീങ്ങാനെടുത്തൊരടിയൂഴിയിലൂന്നിടാതെ
കുന്നില്‍ത്തടഞ്ഞ പുഴപോലെ കുഴങ്ങി, മധ്യേ
നിന്നില്ല, കന്നല്‍മിഴിയൊട്ടു നടന്നുമില്ല.
ഏ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)

അധിതടവനമുല്ലയിങ്കല്‍ നി-
ന്നധിഗതമാം നറുവെണ്ണിലാവുമായ്
മധുമൊഴിയണയുമ്പൊളെന്‍ മനം
മധുരിമയാര്‍ന്നതുമോര്‍ത്തിടുന്നു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അനന്തമിച്ചിന്തനമെന്‍റെ കണ്ണീ-
രാറ്റിന്നൊഴുക്കേറ്റുകയാണു മുറ്റും;
നില്ക്കട്ടെ, ഞാന്‍ ദുസ്തരമാക്കിയാലോ
എന്നോമലാള്‍ തന്‍ പരലോകമാര്‍ഗ്ഗം.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ.
തോലന്‍

അന്യൂനാനതിരിക്തമായ്‌ വിലസണം ശബ്ദങ്ങളർത്ഥങ്ങളും;
പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥം കളഞ്ഞീടൊലാ;
ദോഷം നീക്കി, വളച്ചുകെട്ടുകളൊഴിച്ചൌചിത്യമോർത്തോതണം
സത്കാവ്യോചിതമായ വസ്തു വിവിധം വ്യംഗ്യം വിളങ്ങും വിധം.
കെ.സി.കേശവപിള്ള

അപകീര്‍ത്തിയപാകരിക്കുവാന്‍
ഉപരക്തന്‍ വഴിയൊട്ടു തേടി ഞാന്‍,
വിപിനത്തിലുദിച്ചതി,ന്നതേ
വിപിനം മാത്രമൊടുക്കമേകുവാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അപ്പാവനാംഗീജഠരത്തില്‍ നിന്നും
മുപ്പാരിനൂന്നാം വിഭുവിന്‍റെ പുത്രന്‍
അപ്പാതിരാനേരമസാരനെപ്പോ-
ലിപ്പാരിലമ്പോടവതീര്‍ണ്ണനായി.
കട്ടക്കയം ചെറിയാന്‍മാപ്പിള(ശ്രീയേശുവിജയം)

അഭിശപ്തമിതെന്‍റെ ജീവിതം
അഭിവിഖ്യാതി നിറഞ്ഞതെങ്കിലും,
അഭിമാനിനി പോയ്മറഞ്ഞു നീ,
പ്രഭപോയ് ഹൃത്തടമിന്നിരുട്ടിലായ്.
ജോയ് വാഴയില്‍(രാമാനുതാപം)

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണ തയിര്‍ക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കനന്ദസംപോഷണം,
നിന്‍പാദം മതിഭൂഷണം - ഹരതു മേ മഞ്ജീരസങ്ഘോഷണം.
പൂന്താനം(ശ്രീകൃഷ്ണകര്‍ണാമൃതം)

ആ മട്ടോര്‍ക്കുകിലാത്മഹര്‍ഷകരമാം തേന്‍പൊയ്കയെക്കാളുമാ
പ്രേമസ്നിഗ്ദ്ധഹൃദന്തയായി വിലസും മൈക്കണ്ണിയെക്കാട്ടിലും
ആമോദപ്രദമാണു പൂവനികയും തൂമുന്തിരിച്ചാറുമാ
സീമാതീതലയാനുരഞ്ജിതലസദ്വീണാനിനാദങ്ങളും.
ചങ്ങമ്പുഴ

ആ മണ്മെത്തകളാറ്റുനോറ്റ മധുരസ്വപ്നങ്ങളിൽ, ജീവിത-
പ്രേമംപാടിയ സാമഗാനലഹരീഹർഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനിക്കെന്നേയ്ക്കുമായ്‌ തന്നതാ-
ണോമൽക്കാർത്തികനെയ്‌വിളക്കെരിയുമീയേകാന്തയാഗാശ്രമം.
വയലാർ(സർഗ്ഗസംഗീതം)

"അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍"കെന്നു ചൊല്ലി,ച്ചെറിയ പവിഴവായ്‌ കാട്ടിയമ്മക്കൊരുന്നാള്‍;
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ-
"ളമ്മേ! അമ്മിഞ്ഞനല്‍"കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!
പൂന്താനം(ശ്രീകൃഷ്ണകര്‍ണാമൃതം)
 
അയത്നസിദ്ധോത്തമമാധുരിത്തഴ-
പ്പിയന്നൊരോമന്മുരളീരവാമൃതം
ലയത്തിനാല്‍ സര്‍വചരാചരങ്ങളും
മയങ്ങുമാറങ്ങു പൊഴിഞ്ഞു മഞ്ജുളം.
വള്ളത്തോള്‍(ശിഷ്യനും മകനും)

അരചനുടെ വചസ്സിനര്‍ഘമാ-
യരുളി മദീയദിനങ്ങളേറെ ഞാന്‍;
ധരണിജ പതിഭക്തിയാലെനി-
യ്ക്കരുളി തദീയനിരര്‍ഘജീവിതം.
ജോയ് വാഴയില്‍(രാമാനുതാപം)

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രപഞ്ചപരിണാമോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.
വയലാർ(സർഗ്ഗസംഗീതം)

ആ രാജേന്ദ്രകിരീടമാ രമണിയാളപ്പൊന്മണിപ്പൈതൽ പ-
ണ്ടാരാഹന്ത! വെടിഞ്ഞുവോ സകലവും സായുജ്യമാമൊന്നിനായ്
പാരാതഗ്ഗുരുവെ സ്മരിച്ചു തിരിയെപ്പോകൂ, തപോവിഘ്നമായ്
തീരായ്കാത്മപതിക്കു നാഗില, കൃതാത്മാവേ! തവാനുഗ്രഹാൽ.
വള്ളത്തോൾ(നാഗില)

അരിവമ്പടയും പടയും
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും
മുകിൽ‍ നടുകൊടിയും കൊടിയും
പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും.

അരിയ തൃണമിണങ്ങും നിന്‍റെ മൈതാനമാകും
ഹരിതപരവതാനിക്കൊക്കുമുത്‌കൃഷ്ടശില്‍പം
പരിചിനൊടു പുകഴ്ത്തിപ്പാട്ടു പാടുന്ന പക്ഷി-
പ്പരിഷയുടെ ജനിക്കേ പാരിതിൽ ചാരിതാര്‍ത്ഥ്യം.
ഉള്ളൂർ(ഉമാകേരളം)

അരിക്കകത്തു കൈവിരൽ പിടിച്ചുവച്ചൊരക്ഷരം
വരച്ചനാൾ തുടങ്ങിയെന്‍റെ മേൽഗതിയ്ക്കു വാഞ്ഛയാൽ
പരിശ്രമിച്ച പൂജ്യപാദരായൊരെൻ ഗുരുക്കളെ-
പ്പരം വിനീതയായി ഞാൻ നമസ്കരിച്ചിടുന്നിതാ.
സിസ്റ്റർ മേരി ബനീഞ്ജ(ലോകമേ യാത്ര)

"ആരാ?","ഞാന്‍ ബലഭദ്രസോദര,നിതെന്‍വീടെന്നു തെറ്റിദ്ധരി-
ച്ചാണേ കേറിയ","തെങ്കില്‍, നെയ്‌ഭരണിയില്‍കയ്യിട്ടതെന്തിന്നു നീ?"
"കാണാതായൊരു കന്നിനെത്തിരയുവാനാ"ണെന്നു കോപിച്ചൊര-
ഗ്ഗോപിക്കേകിയൊരുത്തരം ഹരി! ഹരിച്ചീടട്ടെയെന്‍മൌഢ്യവും.
പി.സി.മധുരാജ്(ശ്രീകൃഷ്ണകര്‍ണ്ണാമൃതം തര്‍ജ്ജമ)

അരുവി പറകയായ്,- "ശ്രവിച്ചു ഞാന്‍
വിരുദിതമൊന്നതിദീനദീനമായ്."
കുരുവിയൊടിവനോതി,-"എങ്ങു നീ
മരുവിയ,തെങ്ങവളെന്‍റെയോമലാള്‍?"
ജോയ് വാഴയില്‍(രാമാനുതാപം)

ആരാലടുക്കുമ്പൊഴുതന്നു,മാമ-
ട്ടകന്നുപോകുമ്പൊഴുതിന്നുമീ ഞാന്‍
ഓര്‍ക്കുന്നു മല്‍പ്രേയസി തന്‍ ഗുണൗഘം;
ഹാ, ചേര്‍ന്നുനില്പോന്‍ മലകാണുകില്ല.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അരുതോര്‍പ്പതിനിന്നു, കാര്‍നിറ-
ഞ്ഞിരുളാമെന്‍ ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്നു; ചൂഴ്-
ന്നൊരുമിച്ചീയല്‍ കണക്കു മേല്ക്കുമേല്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

അരുഷിയിലസുവിന്‍ പ്രമോദമായ് വ-
ന്നരിയൊരു വിഷ്ടപമാരചിച്ചിടുന്നോന്‍,
അരുണനഖിലബാന്ധവന്‍, വിവസ്വാ-
നരുളുകയാണതിനന്ദിയാല്‍ പ്രണാമം.
ജോയ് വാഴയില്‍(രാമാനുതാപം)

ആരും തോഴീ, യുലകില്‍ മറയുന്നില്ല; മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം.
പോരും ഖേദം,പ്രിയസഖി, ചിരം വാഴ്കമാഴ്കാതെ;വീണ്ടും
ചേരും നാം കേള്‍; വിരതഗതിയായില്ല സംസാരചക്രം.
കുമാരനാശാന്‍(ലീല)

ആരെത്തേടിയലഞ്ഞിടുന്നു ചെറുകാറ്റേ!ഹാ!ഭവാന്‍ കയ്യിലാ-
ത്താരേല്പിച്ച പരാഗസൌരഭ മണിച്ചെപ്പേന്തി മുപ്പാരിലും;
ആരെപ്പാടിയുറക്കിടുന്നു മധുരോദാരസ്വരശ്രീസുധാ-
ധാരാചാതുരിയാല്‍ ജനിച്ച മുതലേ നീയെന്‍ കിളിപ്പൈതലേ!
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍,
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടുവിരിപ്പുമായിതു.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

അരുളി,യതിനവള്‍ക്കു ദണ്ഡനം;
കരുതിയതില്ലവളാര്‍ന്നതാം ജയം.
എരിയുമപവചസ്സസൂയ തന്‍
ശര,മതിനില്ലൊരു രോധമൂഴിയില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ആരോമലാമഴകു, ശുദ്ധി, മൃദുത്വ,മാഭ,
സാരള്യമെന്ന സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ!
കുമാരനാശാൻ(വീണപൂവ്‌)

ആരോമലാം ഗുണഗണങ്ങളിണങ്ങി, ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ.
കുമാരനാശാന്‍(വീണപൂവ്)

അലസാംഗി നിവര്‍ന്നിരുന്നു മെ-
യ്യലയാതാനതമേനിയെങ്കിലും,
അയവാര്‍ന്നിടയില്‍ ശ്വസിച്ചു ഹാ,
നിയമം വിട്ടൊരു തെന്നല്‍ മാതിരി.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു, വേർത്ത-
ഫാലസ്ഥലം മൃദുകരത്തളിർകൊണ്ടുതാങ്ങി
ചേലഞ്ചി മിന്നുമൊരു വെണ്‍കുളിർകല്‍ത്തറയ്ക്കു-
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു.
വള്ളത്തോൾ

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസ:പരമാം പദത്തില്‍.
കുമാരനാശാന്‍(വീണപൂവ്)

അല്ലെങ്കിലീശ്വരനമൂല്യമനന്തമാദ്യം
ബ്രഹ്മാണ്ഡഭാണ്ഡമൊരു ഭാഗമഴിച്ചുനോക്കി
നോട്ടത്തിനൊത്ത ചില കല്ലുകളെത്തിരഞ്ഞു
നീലാംബരോപരി നിരത്തിയതായിരിക്കാം.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(വിശ്വരൂപം)

അല്ലെങ്കിലപ്പുല്‍കളറിഞ്ഞിരുന്നു
ഞങ്ങള്‍ക്കിരിക്കും വിധിദുര്‍വിപാകം;
കിടാങ്ങളുണ്ടോ ബത! പങ്കുകൊള്‍വൂ
നാം കൃത്രിമപ്പാഴ്ചിരികൂട്ടിടുമ്പോള്‍.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അവളുടെ സഖിവല്ലികള്‍ മുദാ
സുവിഹിതകുഞ്ജമൊരുക്കിയോമലെ,
അവരുടെ സവിധേ മറയ്ക്കവേ,
അവിടെയണഞ്ഞു രസിപ്പതോര്‍പ്പു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ശ്രീനാരായണഗുരു(ആത്മോപദേശശതകം)

അവന്‍റെ പാട്ടാം മണിയൊച്ച രാവിൻ
പ്രശാന്തനിശ്ശബ്ദതയെപ്പിളർക്കെ,
അതാസ്വദിക്കുന്നതിനെന്നവണ്ണം
സ്തംഭിച്ചു നിന്നൂ ദിവി താരകങ്ങൾ.
വള്ളത്തോൾ(ഒരു തോണിയാത്ര)

ആവിശ്ചിന്താഭരമവനരിപ്പാട്ടുവാണോരു കാലേ
സേവിക്കാനായ്‌ ഗുഹനെയൊരുനാളാസ്ഥയാ പോയനേരം,
ഭാവിശ്രേയ:പിശുനശകുനം കണ്ടുപോല്‍ നീലകണ്ഠം
കോവില്‍ക്കെട്ടില്‍ ക്വചനഭഗവദ്വാഹനം മോഹനാംഗം.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

അവനെ മുകരുവാനണഞ്ഞിതാറിന്‍
വിവശതയാര്‍ദ്രത ചേര്‍ത്ത മന്ദവായു;
കുവലയനയനങ്ങള്‍ മെല്ലെ നോക്കീ
പ്രവസനകാലമണഞ്ഞ പോലെ ചുറ്റും.
ജോയ് വാഴയില്‍(രാമാനുതാപം)

അശങ്കമാ മാനി വൃഷാങ്കശിഷ്യ-
നമര്‍ഷവേഗത്തിനധീനനായി,
അച്ഛന്‍ കൊടുത്തോരു കൊടും കുഠാരം
മകന്‍റെ നേര്‍ക്കക്ഷണമാഞ്ഞുവിട്ടു.
വള്ളത്തോള്‍(ശിഷ്യനും മകനും)

ആസക്താശയ കേണു മാധവി കിടന്നേവം നിരാലംബയായ്‌;
ഭൂസംശ്ലേഷമിയന്നുറങ്ങി ശിശുപോൽ; ജൃംഭിച്ചു മുമ്പിൽ സദാ
ഹാ! സിക്താംഗ,രതീവസുന്ദരർ, യുവസ്ത്രീപുംസചിഹ്നം പരം
ഭാസിക്കും, പരിവേഷമാർന്ന വദനശ്രീപൂണ്ട രണ്ടാളുകൾ.
കുമാരനാശാൻ(ലീല)

ആഹാ, രചിച്ചു ചെറുലൂതകളാശു നിന്‍റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.
കുമാരനാശാന്‍(വീണപൂവ്)

ആളീടും പ്രേമമോടെക്കടമിഴിമുനകൊണ്ടാഞ്ഞു നീയൊന്നുതല്ലു-
മ്പോളിക്കല്ലും കുലുങ്ങും, മൃദുലഹൃദയനാം ശര്‍വ്വനിങ്ങെന്തുപിന്നെ?
ആളീവാക്കീവിധം കേ,ട്ടളവവളെയുടന്‍ പുഞ്ചിരിക്കൊണ്ടു കേളീ-
നാളീകത്താലടിയ്ക്കും നഗതനയ, ശുഭം നല്‍കണം നാളില്‍ നാളില്‍!
ജി. ശങ്കരക്കുറുപ്പു്‌

ആളും മര്‍ത്ത്യമനീഷ തന്നശനി,യല്ലുന്മാദ താളങ്ങളില്‍-
ക്കാളും പോര്‍വിരുതല്ല, മൃത്യു പകരം നല്കും കരുത്തല്ലഹോ,
നീളും രാവുകളശ്രു വാര്‍ത്തു വിലപിച്ചീടും വിയോഗാര്‍ത്തിയെ-
ക്കാളും ദീനതയാര്‍ന്ന മൗനനിറവല്ലമ്മയ്ക്കു ചേതോഹരം.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

അളിപടലികള്‍ മൂളി; രന്ധ്രമേലും
മുളകള്‍ മരുത്തിലുലഞ്ഞു മെല്ലെയൂതി;
തളിര്‍നിര മൃദുതാളമേകി;യേവം
കളകളമായതിമോഹനം വനത്തില്‍.
കുമാരനാശാന്‍(ലീല)

അഴലിന്നു മൃഗാദിജന്തുവില്‍
പഴുതേറീടിലുമെത്തിയാല്‍ ദ്രുതം
കഴിയാമതു, മാനഹേതുവാല്‍
ഒഴിയാത്താര്‍ത്തി മനുഷ്യനേ വരൂ.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ആഴത്തില്‍ മണ്ണിന്നടിയില്‍ക്കിനിഞ്ഞു-
മരണ്യമാര്‍ഗ്ഗത്തിലൊളിഞ്ഞലഞ്ഞും
അദൃശ്യയായിപ്പലനാള്‍ കഴിഞ്ഞാ-
ണാറിങ്ങു നമ്മള്‍ക്കമൃതേകിടുന്നു.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

അഴലേകിയ വേനല്‍ പോമുടന്‍
മഴയാം ഭൂമിയിലാണ്ടുതോറുമേ;
പൊഴിയും തരുപത്രമാകവേ
വഴിയേ പല്ലവമാര്‍ന്നുപൂത്തിടും.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

അഴല്‍പെരുകിയുഴന്നു, ധാരയായ്
മിഴികളിലശ്രുവുതിര്‍ത്തു ലക്ഷ്മണന്‍
തൊഴുകരമൊടു നില്ക്കെ, സാദ്ധ്വിയീ-
മൊഴികളുരച്ചതിശാന്തമോഹനം.
ജോയ് വാഴയില്‍(രാമാനുതാപം)

ആറും നാലും കിടന്നാടിയ മഹിതമണിച്ചെപ്പില്‍ നിന്നൂറിയൂറി-
ച്ചോരും ചൊല്‍ക്കൊണ്ട നാദാമൃതമൃദുലഹരീസംഗസഞ്ജാതമോദാല്‍,
ചേരും ചേലൊത്ത പുത്തന്‍ പുളകമുളകളായ്‌ മാറുമീയൂഴിയില്‍ക്കൈ-
മാറും തോറും തുടിക്കും കവിയുടെ കരളേ, വെല്‍ക തുഞ്ചന്‍പറമ്പേ!
വൈലോപ്പിള്ളി

അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളില്‍ കുഴമ്പുപോ-
ലുറയും ശീതളമൂര്‍ച്ഛയോര്‍പ്പു ഞാന്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

അറിയുക,യിതു മാപ്പിനര്‍ഹത
ചെറുതുമെഴാത്തൊരു കശ്മലത്വമാം;
മറുവഴി മനമോര്‍പ്പതില്ല, നീ
പറയു,കിതിച്ഛിതയാത്രയെന്നു താന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

അറ്റം വിട്ട ധനാര്‍ജ്ജനത്വരയിലും കറ്റക്കരിം പൂങ്കുഴല്‍-
ക്കറ്റത്തും നിലയെന്നിയേ പലവിധം ചുറ്റപ്പെടും നാള്‍കളില്‍
തെറ്റത്രയ്ക്കു പൊറുത്തിടാത്ത വിധമായ് ചെറ്റല്ല ചെയ്തെങ്കിലെ-
ന്തൊറ്റക്കൊമ്പഭയം വെടിഞ്ഞു തവ കാലറ്റത്തു നില്‍ക്കുന്നു ഞാന്‍.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താൻ,
മദ്യാഖ്യയെന്നിയെ മദത്തിനു കാരണം താൻ,
കാമന്നു പൂമലരൊഴിഞ്ഞൊരു സായകം താൻ,
ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാൾ.
ഏ.ആര്‍.രാജരാജവര്‍മ്മ