ഘടന, പതി വിലാസി ചെയ്കിലും
പിടമൃഗനേത്ര കൃപാര്‍ദ്രയാകിലും
സ്ഫുടമകമലിയാതെ മേവിനാള്‍
തടശിലപോലെ തരംഗലീലയില്‍.
കുമാരനാശാൻ(ലീല)

ഘടദീപിക പോലെ, നീ മന-
സ്തടമേറ്റീ പ്രജയായി നിര്‍വൃതി.
ഇടരറ്റവളോര്‍ത്തു പോയി ഞാന്‍:
'സ്ഫുടഭാഗ്യം നിറവായി ജീവനില്‍.'
ജോയ് വാഴയില്‍(മാതൃവിലാപം)

ഘനമാമനുകമ്പയില്‍ത്തട-
ഞ്ഞനതിവ്യാകുലമായി നിന്നുടന്‍
ജനകാത്മജ തന്‍റെ ചിന്തയാം
വനകല്ലോലിനി പാഞ്ഞുവീണ്ടുമേ.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഘൃണയൊടുമവളശ്രു വാര്‍ത്തുതേ,
തണല്‍മരമങ്ങു പൊഴിച്ചു പൂക്കളെ.
പ്രണയവിധുര, രോഹിതാംശു, ഭൂ-
ഷണഗണമെന്നിയിരുന്നു നിശ്ചലം.
ജോയ് വാഴയില്‍(രാമാനുതാപം)

ഘനരുജയൊടു യാത്രകൂട്ടുമാ
ജനകവിയോഗമറിഞ്ഞതില്ലവള്‍,
മനമഭിഹതമസ്തരാഗമാം,
സ്വനമിയലില്ല തകര്‍ന്ന വീണയില്‍.
കുമാരനാശാൻ(ലീല)

ഘനനിവഹവിവര്‍ണ്ണമാം വിധൂ-
ഘനവരമാര്‍ന്നവനങ്ങു നിന്നിതേ,
അനുസരമതിപീഡ, ധിക്കൃതി
അനുചിതമെന്തിതിനുണ്ടു പോംവഴി?
ജോയ് വാഴയില്‍(രാമാനുതാപം)

ഘോരായുധവ്രണിതകാന്തകളേബരം കൈ-
ത്താരാല്‍ക്കനിഞ്ഞഹഹ, തൊട്ടുതലോടിടുമ്പോള്‍
ശ്രീരാജകന്യകള്‍ കൊതിച്ചുവരുന്ന വീര-
ദാരാസ്പദത്തിലുമുഷയ്ക്കു വിരക്തി തോന്നി!
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)