,


താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
ത്താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്കലകണ്‌ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.
കുറ്റിപ്പുറത്തു കേശവന്‍നായര്‍(ഗ്രാമീണകന്യക)

തൃക്കാല്‍ക്കല്‍ വീണീടിന ശിഷ്യനേയും
കൃത്താംഗനായ്‌ത്തീര്‍ന്ന തനൂജനേയും
കാരുണ്യവാല്‍സല്യകഷായമായ
കണ്ണാല്‍ നിരീക്ഷിച്ചു കലേശചൂഡന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും)

തടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോല്‍
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ! ദ്യോവിലുയര്‍ന്ന ദീപമാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തടമതിലുപലത്തിലൊന്നിലാ
സ്ഫുടവിമനസ്കനിരുന്നു നിശ്ചലം.
വിടപികളകലത്തിലാമയ-
ച്ചുടുനെടുവീര്‍പ്പുകള്‍ വാര്‍ത്തു നില്ക്കവേ.
ജോയ് വാഴയില്‍(രാമാനുതാപം)

തെണ്ടീട്ടാണശനം, തുണിയ്ക്കു പകരം തോലാണുടുത്തീടുവാന്‍,
പണ്ടം പന്നഗമാണു, കണ്ട ചുടലക്കാടാണിരുന്നീടുവാന്‍,
തണ്ടാര്‍സായകവൈരിയാണു ഭഗവന്‍! സര്‍വ്വജ്ഞനാണെങ്കിലും
രണ്ടാളുണ്ടു കളത്രമെന്‍റെ ശിവനേ! ചിത്രം ചരിത്രം തവ!

തന്‍കാര്യത്തെ വെടിഞ്ഞുമന്യനുതകുന്നോനെത്രയും സത്തമന്‍,
തന്‍കാര്യത്തെ വിടാതെയന്യനുതകുന്നോനിങ്ങു സാമാന്യനാം,
തന്‍കാര്യത്തിനിഹാന്യകാര്യഹനനം ചെയ്യുന്നവന്‍ രാക്ഷസന്‍,
വ്യര്‍ത്ഥം ഹന്ത! പരാര്‍ത്ഥനാശകനു പേരെന്തെന്നറിഞ്ഞീല ഞാന്‍.
കെ. സി. കേശവപിള്ള(സുഭാഷിതരത്നാകരം)

തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ; ക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു;
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണം കൊണ്ടമ്മ കാണാതടവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കല്യാണപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?
കാത്തുള്ളില്‍ അച്യുതമേനോന്‍

തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വ മല്ലിടാം;
ജനവാദമപാര്‍ത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തനിയേ നിജശയ്യയില്‍ ഭവാ-
നനിവാര്യാര്‍ത്തി കലര്‍ന്നുരുണ്ടിടാം,
കനിവാര്‍ന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തെന്നിത്തെന്നിപ്പറക്കും, ചിലസമയമവന്‍ തീക്കനല്‍ പോലെമിന്നും,
ചൊന്നാല്‍ കേള്‍ക്കില്ലയൊട്ടും പലപലദിശയില്‍ ലക്ഷ്യമില്ലാതെയോടും,
നന്നായ്പൊട്ടന്‍ കളിയ്ക്കും ചിരികളു,മിടയില്‍ ശോകവും ദേഷ്യമായും
വന്നേയ്ക്കും, ചിട്ടയില്ലാത്തിവനെയറിയുമോ? മാനവന്‍ തന്‍ മനം താന്‍!
ദേവദാസ്‌

തേനില്ലാ, മണമില്ല, തെല്ലൊരഴകില്ലാരാമഭംഗിയ്ക്കുമി-
ങ്ങാരും നിന്നെ വളർത്തുകില്ല, മധുപന്മാരും വരില്ലെങ്കിലും,
ദേവൻ തന്‍റെ ശിരസ്സിലും സുകൃതമാണ്ടുള്ളോരു ഗേഹത്തിലും
നീ രാജിപ്പു വിശുദ്ധയായ തുളസീ! വിഷ്ണുപ്രിയേ! മംഗളം.
കല്ലൂർ സരള അന്തർജ്ജനം

തനയരിരുവരും ജനിച്ചതും
വനശിബിരത്തില്‍ വളര്‍ന്നുവന്നതും
ജനഹിതപരിപാലനോല്‍ക്കനായ്
ദിനമകലുമ്പൊളറിഞ്ഞതില്ല ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

തന്നതില്ല പരനുള്ളു കാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍;
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍.
കുമാരനാശാന്‍(നളിനി)

തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്ചേറിലമര്‍ന്നിരിക്കേ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?
ഉള്ളൂര്‍(സുഖം സുഖം)

തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും
ആകാരമൊത്തളവിലും ലഭിയാതെ പോയീ
തന്വംഗി തന്‍റെ തുടകള്‍ക്കുപമാനഭാവം.
ഏ.ആർ.രാജരാജവർമ്മ (കുമാരസംഭവം പരിഭാഷ)

തിരികെയണയുമെന്നെ നോക്കിയ-
ന്നരുമയൊടെത്തിയതില്ല മല്‍സഖി.
പരിഹതനിനദം പികം കണ-
ക്കരളുകയായ് മനമുഗ്രപീഡയില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

താരാനായകനെത്തരത്തിലണിയാന്‍ താരാക്കിടാം ,ചാമ്പലായ്-
ത്തീരാമക്ഷിമുനയ്ക്കു നേര്‍ക്കണയുകില്‍സ്സൂരാത്മജന്‍ താനുമേ;
പോരാടാം ദനുജാരിനാഥസുതനായ് ഘോരാഹി കോപ്പാക്കിടാം,
മാരാരേ! തവ നാട്യവൈഭവമറിഞ്ഞാരാധനം ചെയ് വു ഞാന്‍.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

തരളാക്ഷി തുടര്‍ന്നു ചിന്തയെ-
ത്തരസാ ധാര മുറിഞ്ഞിടാതെ താന്‍;
ഉരപേറുമൊഴുക്കു നില്ക്കുമോ
തിരയാല്‍ വായു ചമച്ച സേതുവില്‍?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തിരികെയവനണഞ്ഞു ചൊല്കയായ്
കരുണയൊടശ്രുവുതിര്‍ത്തു വാര്‍ത്തകള്‍.
നിരഘ, വിധിയറിഞ്ഞു തല്‍ക്ഷണം
കുരരി കണക്കതിദൂനയായവള്‍.
ജോയ് വാഴയില്‍(രാമാനുതാപം)

തരുണിയുടെ ബലം വിശുദ്ധി, വേ-
റൊരു പൊരുളല്ലബലയ്ക്കതേ ബലം,
പരമതിനിഹ ഭംഗമേകുവാന്‍
കരുതിയൊരെന്‍ വിധിയെത്ര ഘോരനാം!
കുമാരനാശാന്‍(ലീല)

താരാഹാരമലങ്കരിച്ചു, തിമിരപ്പൂഞ്ചായല്‍ പിന്നോക്കമി-
ട്ടാ രാകേന്ദുമുഖത്തില്‍ നിന്നു കിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമല്‍ കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ-
ടാരാലംഗനയെന്ന പോലെ നിശയും വന്നാളതന്നാളഹോ!
വെണ്മണി മഹന്‍

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.
പുനം നമ്പൂതിരി

താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍
പിന്നിട്ടിടുന്നൂ പുരുഷവ്രജത്തെ;
മരം തളിര്‍ക്കാന്‍ തുടരുമ്പൊഴേയ്ക്കു-
മൊപ്പം മുളച്ചീടിന വല്ലി പൂത്തു!
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

താരുണ്യത്തള്ളലാലോ, തരുണമനമിളക്കുന്ന ഗാനങ്ങളാലോ,
പേരുണ്ടാക്കാന്‍ തുനിഞ്ഞി, ല്ലിവനിലകമലിഞ്ഞുള്ള നീയെന്ന മൂലം,
ആരും വാഴ്ത്തില്ല, യെന്നാകിലുമൊരു സമയത്തത്ഭുതപ്രേമസാരം
ചേരും നിന്‍ ജീവവൃത്തപ്പുതുമ പുതിയപാഠത്തിലൊന്നായിരിക്കും.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

തരുനിരകള്‍ പൊഴിച്ചു കണ്ണുനീര്‍,
അരുമസഖിയ്ക്കു പിണഞ്ഞൊരാര്‍ത്തിയാല്‍.
പരമഗഹനതത്ത്വദര്‍ശിയാം
പെരുശില കണ്ണുമടച്ചിരിക്കയായ്.
ജോയ് വാഴയില്‍(രാമാനുതാപം)

തരുപക്ഷിമൃഗങ്ങളോടുമി-
ന്നരരോടും സുരരോടുമെന്നുമേ,
ഒരുമട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാന്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തരുമനുമതി താത,നിങ്ങു കാലം
വരുമതിനെന്നിവള്‍ നാഥ,കാത്തിരുന്നേന്‍,
ഗുരുജനഭയപഞ്ജരസ്ഥ കഷ്ടം!
പരനഥ പൈങ്കിളിപോലെ ദത്തയായേന്‍.
കുമാരനാശാന്‍(ലീല)

തരുനികരമൊടൊത്തു വല്ലി തന്‍
നിരകള്‍ നിരന്നിതിളക്കമെന്നിയേ.
തരളത തിരയാലുണര്‍ത്തുവാന്‍
സരയുവില്‍ വന്നതുമില്ല മാരുതന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരു വിട്ടു നിലത്തു നിന്‍റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു.
കുമാരനാശാൻ(വീണപൂവ്‌)

തേരില്‍ വാനപഥങ്ങളില്‍ ചടുലമായ് പാഞ്ഞും, ചിലപ്പോള്‍ മുകില്‍-
പ്പോരില്‍ വാള്‍ത്തല വീശിയും, ദിനകരന്‍ ശോഭിച്ചു സംസേവിതന്‍.
ഭൂരിപ്രേമമവന്നു ചിത്തമരുളി ധ്യാനിച്ചു ദേവീ, ധരാ-
നാരീരത്ന,മനര്‍ഘദിവ്യഗുണയാം നീലോല്‍പ്പലാകാരിണീ.
ജോയ് വാഴയില്‍(നിമിഷജാലകം)

താവല്‍ക്ഷണാലുലകിലൊക്കെയുമൊന്നു ചുറ്റി-
ച്ചാ വര്‍ണ്ണ്യപൗരുഷനെ മുന്‍നിലയിങ്കല്‍ നിര്‍ത്തി;
ദേവന്‍ മദാപഹരണത്തിനു ചെയ്തതുര്‍വീ-
ദേവങ്കലിഷ്ടഫലമല്ലുളവാക്കി വിട്ടൂ.
വള്ളത്തോള്‍(ശിഷ്യനും മകനും)
 

തെളിയുന്നു മനോനഭസ്സെനി-
ക്കൊളി വീശുന്നിതു ബുദ്ധി മേല്ക്കുമേല്‍;
വെളിവായ് വിലസുന്നു സിന്ധുവില്‍
കളിയായ് ചെന്നണയുന്നൊരീ നദി.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

തളിരുപോലധരം സുമനോഹരം,
ലളിത ശാഖകള്‍ പോലെ ഭുജദ്വയം,
കിളിമൊഴിക്കുടലില്‍ കുസുമോപമം,
മിളിതമുജ്ജ്വലമാം നവയൌവനം.
വലിയകോയിത്തമ്പുരാന്‍(മണിപ്രവാളശാകുന്തളം)

തുള്ളിച്ചാടിക്കളിച്ചും, തുടുതുടെ വിലസും ദേഹമിട്ടൊന്നുലച്ചും,
വെള്ളച്ചൂട്ടുള്ള നെറ്റിത്തടമുടയ മുഖം നീര്‍ത്തിനീര്‍ത്തിപ്പിടിച്ചും,
ഉള്ളില്‍ച്ചാഞ്ചല്യമില്ലാതുരുതരസുഖമായ്പ്പൈക്കളോടൊത്തിണങ്ങി-
ത്തള്ളിച്ചാഞ്ചാടി നേരിട്ടൊരു വൃഷഭമിതാ മത്തനായെത്തിടുന്നു.
കൊച്ചുണ്ണിത്തമ്പുരാന്‍(സോമതിലകം ഭാണം)

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ-
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ.
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ-
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി.
മേരി ബനീഞ്ജ(ലോകമേ യാത്ര)

തെറ്റെന്നെങ്ങനെ മാഞ്ഞകന്നു, മഴവില്‍ത്തൂമന്ദഹാസം? കൊടും-
കാറ്റെന്തിന്നു തകര്‍ത്തെറിഞ്ഞു കുടിലും, കാടും കരള്‍ത്തൊട്ടിലും?
മറ്റെങ്ങോ ദ്രുതമായ് മറഞ്ഞു കനവിന്‍ ഖദ്യോതജാലം, നിറം
പറ്റെപ്പോയ് വിളറീ സുധാംശു, കടലിന്നുള്‍ക്ഷോഭമുന്മാദമായ്.
ജോയ് വാഴയില്‍(നിമിഷജാലകം)

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
കുമാരനാശാന്‍(വീണപൂവ്‌)