ഉക്തി നല്ലതു സംസ്‌കൃതം പര, മില്ല സംശയമെങ്കിലും
വ്യക്തമായി മനസ്സിലാക്കുവതിന്നു മിക്കതുമാളുകള്‍
ശക്തികെട്ടു ചമഞ്ഞിടുന്നതുകൊണ്ടു കേരളഭാഷയായ്‌
മുക്തിമാര്‍ഗ്ഗമതായ സല്‍ക്കഥയൊന്നുടന്‍ പറയുന്നു ഞാന്‍.
വെണ്മണി മഹന്‍(ഒരു പറയന്‍ ഗണപതി)

ഉള്‍ച്ചേര്‍ന്ന രത്നങ്ങളെടുത്തു നോക്കീ-
ലളുക്കിലെബ്ഭംഗിയില്‍ മോഹിതന്‍ ഞാന്‍;
അല്ലെങ്കില്‍ മര്‍ത്യന്‍ നിഴല്‍കൊണ്ടു തൃപ്തന്‍;
സാക്ഷാല്‍ സ്വരൂപത്തെ നിനയ്ക്കലുണ്ടോ?
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഉടല്‍മൂടിയിരുന്നു ദേവി ത-
ന്നുടയാടത്തളിരൊന്നുകൊണ്ടുതാന്‍;
വിടപങ്ങളൊടൊത്ത കൈകള്‍ തന്‍
തുടമേല്‍ വച്ചുമിരുന്നു സുന്ദരി.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഉടന്‍ മഹാദേവിയിടത്തു കയ്യാ-
ലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി-
പ്പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു.
വള്ളത്തോള്‍ (ശിഷ്യനും മകനും)

ഉടന്‍ ചെവിക്കെന്നതുപോലെ കണ്ണിനും
കിടച്ചു കൈലാസചരര്‍ക്കൊരുത്സവം;
ഇടംപെടും വാനിലുദാരമോഹനം
പടര്‍ന്നുകാണായൊരു ദീപ്തിമണ്ഡലം.
വള്ളത്തോള്‍(ശിഷ്യനും മകനും)

ഉടയാടകള്‍ പങ്കു വെയ്ക്കയായ്,
ഭടരന്നാസുരഗൃദ്ധ്രവൃത്തികള്‍;
കടുരോഹിതമായൊരങ്കി ത-
ന്നുടമയ്ക്കായവരിട്ടു ചീട്ടിനെ.
ജോയ് വാഴയില്‍(മാതൃവിലാപം)

ഉടനുള്ളിലെരിഞ്ഞ തീയില്‍ നി-
ന്നിടറിപ്പൊങ്ങിയ ധര്‍മ്മശൂരത
സ്ഫുടമോതിയ കര്‍മ്മമമ്മഹാന്‍
തുടരാം - മാനി വിപത്തു ചിന്തിയാ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഉടനൊട്ടൊരു ശാന്തിയാര്‍ന്നുതേ
പിടയും ചിത്തമവന്നരക്ഷണം;
പുടമാര്‍ന്നു തപിച്ചു വീണ്ടു,മുല്‍-
ക്കടവിഭ്രാന്തിയകന്നു പോകയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും, പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ.
ഉണ്ണായിവാര്യര്‍(നളചരിതം)

ഉണങ്ങി ഗണ്ഡക്ഷതമായവന്നു തല്‍-
ക്ഷണം, ഹൃദന്തക്ഷതമദ്രിമാതിനും;
ഗുണം തികഞ്ഞീടിന രാധതന്‍ കരം
പ്രണമ്രദേയാമൃതശീതമല്ലയോ?
വള്ളത്തോള്‍(ശിഷ്യനും മകനും)
 

ഉണ്ണിഗ്ഗണേശ്വരനു പമ്പരമായ് ചമഞ്ഞു
വിണ്ണില്‍ക്കിടന്നു തിരിയുന്ന മുനിക്കകാണ്ഡേ,
മണ്ണിന്‍ ചുവട്ടിലമരും ഭുവനങ്ങള്‍ കൂടി
കണ്ണില്‍പ്പതിഞ്ഞു പലവട്ടമിതെന്തു മായം?
വള്ളത്തോള്‍(ശിഷ്യനും മകനും)

ഉണ്ടായിരിക്കാമിനിയും പിറപ്പു;
രണ്ടാളുമീ ഞങ്ങളടുത്തുകൂടാം;
ഇതേനിലയ്ക്കുള്ളൊരു സൗഭഗത്തെ
വീണ്ടും ചമപ്പാന്‍ വിധി ശക്തനാമോ?
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഉണ്ണാനമ്മ വിളിച്ചിടുന്ന സമയം മണ്ണാഹരിക്കുന്നതായ്
കണ്ണാല്‍ കണ്ടുപിടിക്കെ,യശ്രു നിറയും കണ്ണാല്‍ കടാക്ഷിച്ചുടന്‍
അണ്ണാക്കോളമകത്തി വായിലുലകും വിണ്ണാകെയും കാട്ടിടും
കണ്ണാ!വിസ്മിതയായി നിന്ന ജനനിക്കെണ്ണാവതോ നിന്‍ പൊരുള്‍?
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

"ഉത്‌പന്നമായതു നശിക്കും; അണുക്കള്‍ നില്‌ക്കും;
ഉത്‌പന്നനാമുടല്‍വെടിഞ്ഞൊരു ദേഹി വീണ്ടും;
ഉത്‌പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍"
കല്‌പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങള്‍.
കുമാരനാശാന്‍(വീണപൂവ്‌)

ഉത്തമേ, വിഗതരാഗമാകുമെ-
ന്നുള്‍ത്തടത്തെയുമുലച്ചു ശാന്ത നീ;
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.
കുമാരനാശാന്‍(നളിനി)

ഉദയാരുണസന്നിഭോജ്ജ്വലം
വദനം ശാന്തവിശുദ്ധമെങ്കിലും,
ഗദലാഞ്ഛനയാര്‍ന്നിരുന്നു, ദുര്‍-
മ്മദലോകാംബുദരുദ്ധമാകയാല്‍.
ജോയ് വാഴയില്‍(മാതൃവിലാപം)

ഉദയാസ്തമയങ്ങളെന്നിയെന്‍
ഹൃദയാകാശമതിങ്കലെപ്പൊഴും
കതിര്‍വീശി വിളങ്ങി നിന്ന വെണ്‍-
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഉപരതഗതിയാര്‍ന്നൊരെന്മനം തല്‍-
ചപലത വിട്ടതിശാന്തരമ്യമായി;
അപഘനനിറമംബരം കണക്കേ,
അപവനശാന്തത ചൂഴ്ന്നതാം വനം പോല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ഉയരങ്ങളെ വെന്ന ധര്‍മ്മമാം
നിയമഖ്യാതിയൊടൊപ്പമെത്തിടാം,
അയശസ്സുമസൂയയാ,ലസി-
യ്ക്കിയലാം മൂര്‍ച്ച തലയ്ക്കല്‍ രണ്ടിലും.
ജോയ് വാഴയില്‍(രാമാനുതാപം)

ഉയരങ്ങളിലേയ്ക്കു വിങ്ങലാ-
യുയരും യാചനയാല്‍ പ്രമീലിതം,
പ്രിയപുത്രനിലശ്രു വാര്‍ക്കയാല്‍
ദയനീയാകൃതിയാര്‍ന്നു, കണ്ണുകള്‍.
ജോയ് വാഴയില്‍(മാതൃവിലാപം)

ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മവൈഭവം;
ചിരബന്ധനമാര്‍ന്ന പക്ഷി തന്‍
ചിറകിന്‍ ശക്തി മറന്നുപോയിടാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഉരുക്കിടുന്നൂ മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭുവനൈകശില്പി;
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍.
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഉല്ലാസിതഭ്രുകുടിയായ് ഭൃഗുമുഖ്യനെന്തെ-
ന്നില്ലാത്തൊരാ പ്രഥമമായ പരാഭവത്താല്‍;
വല്ലായ്മ ദേവകള്‍ പെടുത്തുവതും ക്ഷമിപ്പൊ-
ന്നല്ലായിരുന്നു ഹഹ! ഭാരതപൂര്‍വരക്തം.
വള്ളത്തോള്‍(ശിഷ്യനും മകനും)

ഉള്ളത്തില്‍ സുഖമേകുമാറുദിതനാം നിന്നെപ്പടിഞ്ഞാറെഴും
വെള്ളക്കാര്‍ പിടിപെട്ടു ഗോനിര തടുത്തയ്യോ! കുഴക്കുന്നിതേ.
കൊള്ളക്കാരിവരസ്തമിക്കുമൊരു നാളന്നദ്ഭുതശ്രീരസം
തള്ളട്ടേ നവതാത! ഭാരതമഹീസൗഭാഗ്യഭാഗ്യപ്പടി.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍

ഉഴലും മനതാരടക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ
മൊഴിയോരോന്നു മഹാമനസ്വിനി.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)