ബത! ബഹുതരഭാഗ്യമഗ്നയാം
സുത ഹതദൈവയിവണ്ണമായിതേ!
ഹിതജനക, ഭവാനെ ഹേതുവായ്
സ്ഥിതിയിതിനോര്‍പ്പതുമോര്‍ത്തുമില്ലിവള്‍.
കുമാരനാശാന്‍(ലീല)

ബോധിപ്പിക്കാം സുഖമൊടറിവില്ലാതെയുള്ളോരെ നന്നായ്‌
ബോധിപ്പിക്കാമതിസുഖമൊടേ നല്ല സാരജ്ഞരേയും
ബോധം കെട്ടുള്ളതിലതിമദം ചേര്‍ന്ന ദുര്‍ബുദ്ധിതന്നെ-
ബ്ബോധിപ്പിക്കുന്നതിനു വിധിയും തെല്ലുമാളല്ല നൂനം.
കെ. സി. കേശവപിള്ള(സുഭാഷിതരത്നാകരം)

ബോധം സൂക്ഷ്മകണങ്ങളായവനിയില്‍ പൊട്ടിക്കിളിര്‍ത്തൂ, ചിരാല്‍
വേധസ്സിന്‍ കരവൈഭവം മനുജനില്‍ക്കാണായ്, മഹാവിസ്മയം.
ഭൂ ധന്യാചരിതാര്‍ത്ഥയായ്, മുദിതയായ് വാഴ്കേ, നിരായാസ നിര്‍-
ബ്ബാധം തേരു തെളിച്ചു മര്‍ത്ത്യധിഷണാസങ്കല്പ സംഭൂതികള്‍.
ജോയ് വാഴയില്‍(നിമിഷജാലകം)

ബ്രഹ്മര്‍ഷിമാര്‍മുഖ്യനെ മുക്കുവത്തി
പെറ്റോരു പുണ്യക്ഷിതിമണ്ഡലത്തില്‍
അഹോ മനുഷ്യന്നു മനുഷ്യനോടു
സാമിപ്യസമ്പര്‍ക്കമധര്‍മ്മമായി.
വള്ളത്തോള്‍(ഒരു തോണിയാത്ര)

ബോധദീപിതമമൂല്യമോ ജനി,
വ്യാധപീഡിതമപാര്‍ത്ഥമോ ജനി?
സാധനയ്ക്കിതു വിധേയ,മെന്തു താന്‍
സാധനീയമിരുളാര്‍ന്ന യാത്രയില്‍.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ബാലാദിത്യന്‍ കരത്താലരുമയൊടു തലോടീടവേ പാടലശ്രീ-
ലീലാരംഗം പ്രഭാതപ്രകൃതിയുടെ മൃദുസ്നിഗ്ദ്ധഗണ്ഡം കണക്കേ
മേലാലെത്തും വിപത്തിന്‍ വിപുലതയെ വിചാരിച്ചു നോക്കുന്നതിന്നും
മേലാതേ നിന്നൊടുക്കം പടുചുടല പനീര്‍പ്പൂവു ചുംബിച്ചിടുന്നു.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

ബാലാര്‍ക്കന്‍ പുഞ്ചിരിക്കെക്കരുണയൊടു കരം മെല്ലെയാ ശിഷ്യവര്യന്‍
മേലാഹ്ളാദത്തൊടേറ്റിജ്ജനനിയവനെയാശിര്‍വദിക്കാനണയ്ക്കേ,
നീലാഭ്രത്തിന്‍ പ്രഹര്‍ഷം വിസൃതസലിലബിന്ദുക്കളാ,യര്‍ദ്ധവൃത്തം
കാലാതീതന്‍ പ്രസാദിച്ചരുളിയ മൃദുഹാസം കണക്കേ വിരിഞ്ഞു.
ജോയ് വാഴയില്‍(മാതൃവിലാപം)

ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം,
നിലയറ്റൊരു നീര്‍ക്കയത്തിനു-
ള്ളലയേക്കാള്‍ ചുഴിയാം ഭയങ്കരം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ബഹുജനമൊരു കിംവദന്തിയാല്‍
കുഹരമതില്‍ പുക വിന്യസിക്കവേ,
അഹിയുതിഫണനായി ദംശനം
ഗൃഹിണിയെ നിഷ്കൃപമാഞ്ഞു ചെയ്തുവോ?
ജോയ് വാഴയില്‍(രാമാനുതാപം)