ഗഗനതടമിടിഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി! പറകയെന്തിതാര്‍ന്നതിങ്ങീ-
യഗണിതദിവ്യവിഭൂതി മര്‍ത്യലോകം.
കുമാരനാശാൻ(ലീല)

ഗഗനതടമണഞ്ഞ താരകള്‍,
പ്രഗതകളത്രവിദീര്‍ണ്ണചിത്തനെ,
അഗണിതസഹതാപമാര്‍ന്നു ക-
ണ്ടഗദമതിന്നറിയാതെ മാഴ്കിനാര്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ഗുണചിന്തകളാല്‍ ജഗത്രയം
തൃണമാക്കും മതിമാന്‍ മഹാകവി
ഇണചേര്‍ന്നു രമിച്ച കൊറ്റിയില്‍
ഘൃണതേടാനിതുതാന്‍ നിമിത്തമാം.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഗണപതി ഭഗവാനുമബ്ജയോനി-
പ്രണയിനിയാകിയ ദേവി വാണി താനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യബന്ധനാര്‍ത്ഥം.
കുഞ്ചന്‍ നമ്പ്യാര്‍(ശ്രീകൃഷ്ണചരിതം)

ഗുണശാലിനി, നിന്നിലോര്‍ത്തതി-
ല്ലണുവും സംശയമുള്ളിലെങ്കിലും,
വ്രണിതാന്തരനായതോര്‍പ്പു ഞാന്‍
പ്രണിധീനായകഭാഷണത്തിനാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

ഗുണമാണു വിധിക്കു ലാക്കതില്‍
പിണയാം പൂരുഷദോഷമീവിധം
ക്ഷണമാ വിപരീതവൃത്തിയാല്‍
തുണയെന്യേ ശ്രുതിയപ്രമാണമാം.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഗദകബളിതമെന്‍റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്‌ ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിന്‍
പദസരസീരുഹദാസനല്ലയോ ഞാന്‍?
വള്ളത്തോൾ(ബധിരവിലാപം)

ഗതിമുട്ടിയുഴന്നുകാഞ്ഞൊരെന്‍
മതിയുന്മാദവുമാര്‍ന്നതില്ല, ഞാന്‍
അതിനാലഴലിന്‍റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാന്‍ കൊതിക്കിലും.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഗാത്രത്തെ നല്പൊന്മയമാക്കിയാലും
കൊക്കിങ്കല്‍ മാണിക്യമമഴ്ത്തിയാലും
പത്രങ്ങള്‍ തോറും മണി കെട്ടിയാലും
കാകന്നു ഹംസപ്രഭ സംഭവിക്കാ.

ഗദമേകിയവര്‍ക്കരുന്തുദം,
വിദയം ഞാന്‍ രഘുധര്‍മ്മഭൂപതി,
വിദയാലതിനാം സമര്‍ത്ഥനം,-
ഹൃദയത്തിന്‍ മുറിവേല്ക്കുമോ ശമം?
ജോയ് വാഴയില്‍(രാമാനുതാപം)

ഗാനത്താലവനീപതേ, മധുരമാം ചെമ്മുന്തിരിച്ചാറിനാ-
ലാനന്ദക്കതിര്‍ വീശിടുന്നു നിയതം ഹര്‍മ്മ്യാന്തരത്തില്‍ ഭവാന്‍;
ആ നല്‍ച്ചെമ്പനിനീരലര്‍പ്പുതു വികാരത്തില്‍പ്പുഴുക്കുത്തിയ-
റ്റാനല്ലാതുതകുന്നതില്ലണുവുമെന്‍ ദുര്‍വ്വാരഗര്‍വ്വാങ്കുരം!
ചങ്ങമ്പുഴ(സ്വരരാഗസുധ)

ഗിരികാനനഭംഗി ഞങ്ങള്‍ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാള്‍,
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാല്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഗുരുജനവചനം, കുലക്രമം
തരുണികള്‍ തന്നുടെയസ്വതന്ത്രത,
കരുതിയിവ മറച്ചു കാമിതം
കരുമന പൂണ്ടിവള്‍ കാട്ടി ലൗകികം.
കുമാരനാശാൻ(ലീല)

ഗിരികടകമണഞ്ഞു മഞ്ജുരേവാ-
പരിസരമാര്‍ന്നവള്‍ കണ്ടു വിസ്മയിച്ചാള്‍
ഉരുകുസുമമുദാരശോഭമാരാ-
ലൊരു വനഭാഗമുഷസ്സുപോല്‍ മനോജ്ഞം.
കുമാരനാശാൻ(ലീല)

ഗിരിനിര്‍ഝരശാന്തിഗാനമ-
ദ്ദരിയില്‍ക്കേട്ടു ശയിക്കുമങ്ങു ഞാന്‍;
അരികില്‍ തരുഗുല്മസഞ്ചയം
ചൊരിയും പൂനിര നിത്യമെന്‍റെമേല്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

ഗഹനതടമതിങ്കലെന്‍പ്രിയാ-
വിഹിതവിഹാരിയതായ നാളുകള്‍
രഹണരുജയില്‍ നാകരമ്യമായ്,
ഗ്രഹണതമസ്സിനു പൂര്‍ണ്ണമാസി പോല്‍.
ജോയ് വാഴയില്‍(രാമാനുതാപം)