രുജയാല്‍ പരിപക്വസത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

രാമന്‍ സത്തമനെത്തുമിങ്ങു വിധുരൻ വൈകാതെ,യാപൽഗതി
ശ്രീമന്‍ നിൻപതിയോടുരച്ചിടുവതിന്നെൻ ജീവനായീടുമോ?
ഈ മന്നിൽ കൊതിയൊന്നു മാത്രമവനോടെല്ലാം ധരിപ്പിച്ചു ത-
ന്നോമൽ വാണിയതൊന്നു കേട്ടുയിരു തൃക്കയ്യിൽ സമർപ്പിക്കുവാൻ."
ജോയ് വാഴയില്‍(നിലാനിർഝരി)

രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‌പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ
കൊണ്ടാടുമാറൊരു നിരര്‍ഗള വാഗ്‌വിലാസം.
ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍

രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടുംകൊണ്ടച്ചെറുപുഴകള്‍ തന്‍ തീരമാര്‍ഗ്ഗേണപോക.
വലിയ കോയിത്തമ്പുരാന്‍(മയൂരസന്ദേശം)

രണമതിലിരുഭാഗവും കൊടും
കണകളയയ്ക്കുവതിന്നൊരുങ്ങവേ,
അണ നടുവിലണച്ചു സീത,- "എന്‍
ചുണയരിവര്‍,- രഘുരാമനന്ദനര്‍."
ജോയ് വാഴയില്‍(രാമാനുതാപം)

രണനിലമതിലാണിയൂര്‍ന്നതും,
പ്രണയിനി തന്‍വിരലാണിയായതും,
തുണ ജനകജ വന്നതും, പ്രരിം-
ഖണമൊഴിയാന്‍ വിധി ചെയ്തതല്ലയോ?
ജോയ് വാഴയില്‍(രാമാനുതാപം)

രാമായുധം ഭീമസുതന്റെ വാമ-
ഗണ്ഡസ്ഥലത്തില്‍ സഹസാ പതിച്ചു;
അക്കുംഭിവക്ത്രന്‍റെയിടത്തുകൊമ്പോ
നിര്‍ഗ്ഘാതഘോരാരവമായ് നിലത്തും.
വള്ളത്തോള്‍(ശിഷ്യനും മകനും)


രമണീയവനങ്ങളേ, രണല്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ,
ക്രമമെന്നി രസിച്ചു നിങ്ങളില്‍
പ്രമദം പൂണ്ടവള്‍ യാത്രചൊല്‍വു ഞാന്‍.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

രാമാനുജപ്പൈങ്കിളി പാടിയോരു
രാമായണത്തിന്‍ മധുരപ്രവാഹാല്‍
ആ വെണ്ണിലാവങ്ങൊരു പാല്‍ക്കുഴമ്പോ-
ടാമേളനം ചെയ്തതുപോലെയായി.
വള്ളത്തോള്‍(ഒരു തോണിയാത്ര)

രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല പോ-
ന്നവിടെത്താന്‍ തനിയേയിരിപ്പതും.
കുമാരനാശാൻ(ചിന്താവിഷ്ടയായ സീത)

രാവിൽ സ്വൈരമനിദ്രയായ് ത്വയി ലയിച്ചാ നീലപത്രാഭമാം
ദ്യോവിൽപ്പൊന്മഷി കൊണ്ടുതന്നെ പലതും കുത്തിക്കുറിക്കുന്നു താൻ.
ആവില്ലെന്നഥ മായ് ചിടുന്നു, കുതുകാൽ വീണ്ടും തുടങ്ങുന്നു പേർ-
ത്തീ വിശ്വപ്രകൃതിക്കുമത്ര വശയായിട്ടില്ല ദുഷ് പ്രാപ നീ.
വള്ളത്തോള്‍(കവിത)

"രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു, മുഷസ്സെങ്ങും പ്രകാശിച്ചിടും,
ദേവന്‍ സൂര്യനുദിക്കു, മിക്കമലവും കാലേ വിടര്‍ന്നീടുമേ"
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ,
ദൈവത്തിന്‍ മനമാരു കണ്ടു? പിഴുതാന്‍ ദന്തീന്ദ്രനപ്പത്മിനീം.
എ. ആര്‍ രാജരാജവര്‍മ്മ