മകന്‍ പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ!
'രാമന്‍ ജഗത്സത്തമനാണു' പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!
വള്ളത്തോള്‍(ശിഷ്യനും മകനും)
മികവുടയ കുബേരപത്തനത്തിന്‍
സുകനകമാകിയ താഴികക്കുടങ്ങള്‍
പകല്‍ പകുതി കടന്ന ഭാസ്കരന്‍ തന്‍
പ്രകടമരീചികളാല്‍ത്തിളങ്ങി മിന്നി
വള്ളത്തോള്‍(ശിഷ്യനും മകനും)
മുകളില്‍ കളനാദമാര്‍ന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകില്‍പോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടില്‍ മൃഗങ്ങള്‍ തുള്ളിടും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)
മുദാകരാത്തമോദകം സദാ വിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം
മുന്നാളങ്ങുപവാസമോടു യമരാജാവെ പ്രതീക്ഷിച്ചവൻ;
മൂന്നാണേകി വരം പ്രസാദമൊടവന്നായ് മൃത്യു; രണ്ടിങ്ങനെ
തന്നാവശ്യമുരച്ചവൻ പിതൃസുഖം, ജ്ഞാനാഗ്നിയാം സ്വർഗവും;
മൂന്നാം വട്ടമിരന്നു വിദ്യ,- മൃതിതൻ ഗൂഢം പൊരുൾക്കാഴ്ചകൾ.
ജോയ് വാഴയില്‍(മണൽവരകൾ)
മേഘം മദ്ദളമാക്കിടും കഥകളീരംഗത്തു വെണ്‍ചേങ്കില-
ത്താളം കേളികള്‍ കൊട്ടിയെന്നുമുണരും സോപാനസംഗീതമായ്,
ആകാശത്തു ചുവന്ന സന്ധ്യ തിരപൊക്കുമ്പോള്‍ കൊളുത്തുന്നിതാ
കാലം കേളിവിള, ക്കൊരുങ്ങി നിശയും വന്നൂപുറപ്പാടിനായ്.
ബാലേന്ദു
മുച്ചാണ്‍ പൊക്കം കലര്‍ന്നാമുരരിപു ഭഗവാന്‍, മൂന്നടിബ്ഭൂമി വാങ്ങി-
സ്സ്വച്ഛന്ദം രണ്ടുകാല്‍ വെച്ചുലകു മുഴുവനും നേടി നേരിട്ടിടുമ്പോള്‍,
വെച്ചാലും കാലു മൂന്നാമതു മമ തലയില്‍ തന്നെ,യെന്നങ്ങു ധൈര്യം
വെച്ചോതും, വീര വൈരോചനി വചനമതോര്‍ത്തത്ഭുതപ്പെട്ടിടുന്നേന്‍!
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
മുടി ദൂരെയെറിഞ്ഞുതെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ തന്‍
തടികാത്തൂഴി ഭരിക്ക ദുഷ്കരം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ-
പ്പാടത്തുന്നു വരുന്ന നിന്‍ വരവുകണ്ടേറെക്കൊതിക്കുന്നു ഞാന്‍.
പൂന്തോട്ടത്തു നമ്പൂതിരി
മൂടിക്കെട്ടിയ മൌനമല്ല, നിഴലിന്‍ നീലത്തടാകങ്ങളില്‍
വാടിക്കൂമ്പിയ മോഹഭംഗമലരിന്‍ മൊട്ടല്ല, മുത്തല്ല ഞാന്‍
കാടിന്നുള്ളിലരിച്ചു വീണ വെയില,ല്ലന്തര്‍മുഖദ്ധ്യാനമാം
കൂടിന്നുള്ളിലെ നിദ്രയല്ല, പുലര്‍കാലത്തിന്‍ ചുവപ്പാണു ഞാന്‍.
വയലാർ(സർഗ്ഗസംഗീതം)
മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ!
കേട്ടാലുമെന്തു ബത കാട്ടാന തന്‍റെ തുകല്‍ കെട്ടാനരയ്ക്കു കുതുകം
പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു കെട്ടാന്‍ തുനിഞ്ഞതു വശാല്‍
മട്ടായതെന്നുമയി കാട്ടാനിതെന്തു കൊതി, പട്ടാങ്ങതാരുമറിയാ.
എ.ആര്‍. രാജരാജവര്‍മ്മ
മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും പിച്ച തെണ്ടുന്നവന്നും
പ്രൌഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും കണ്ട നായ്ക്കും നരിക്കും
ബാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും ലോകമോര്‍ക്കാതെ മായാ-
ഗൂഢക്കയ്യാല്‍ മയക്കും മഹിതമരണമേ! നിന്‍റെ ഘോഷം വിശേഷം.
കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍
മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാതെ താഴത്തെറിഞ്ഞാന്‍ കുരങ്ങന്‍
മണിശ്രേഷ്ഠ! മാഴ്കൊല്ല, നിന്നുള്ളു കാണ്മാന്‍
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്‍റെ ഭാഗ്യം!
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയെ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പ്പതിയും മട്ടരുള്‍ ചെയ്തു മാമുനി
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)
മതിതീക്ഷണശരങ്ങളേ! ശ്രമം
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോകചക്രമേ!
ഹതയാം സീതയെയിങ്ങുതള്ളുക.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)
മതിയിലൊരു മയക്കമേറിടുമ്പോള്‍,
സ്മൃതിയതിശോഷണമാര്‍ന്നു മങ്ങിടും പോല്‍,
മതികിരണകദംബമങ്ങുമിങ്ങും
ലതികകളില്‍ ചെറുവൃത്തമാരചിച്ചൂ.
ജോയ് വാഴയില്‍(രാമാനുതാപം)
മൃതിവശഗതനായ് പ്രസേനവീരന്‍
കുതിരയോടൊത്തവിടെക്കിടന്നിരുന്നു,
വിധിമഹിമയലംഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്ന വണ്ണം.
കെ.സി.കേശവപിള്ള(കേശവീയം)
മത്സ്യ, കൂര്‍മ്മ, വരാഹമായ്, നരസിംഹ, വാമനമൂര്‍ത്തിയായ്,
വത്സലപ്രിയരാമനായ്, ഭൃഗുരാമനായ്, ബലരാമനായ്
ഉത്സവത്തിനു കൃഷ്ണനായ്, കലിമത്സരത്തിനു കല്‍ക്കിയായ്,
ചിത്സുഖം തരുമെന്‍റെ കൃഷ്ണ! ഭവാന്‍റെ ലീലകളത്ഭുതം!
എസ്.രമേശന്‍ നായര്‍(കുന്നിമണികള്‍)
മിഥിലാത്മജ, നിന്‍റെയോര്‍മ്മ തന്‍
വ്യഥയില്‍ മുങ്ങി മദീയനാളുകള്‍,
മഥിതാന്തരനെങ്കിലും കുല-
പ്രഥ കാത്തേന്‍ ഭുവി മംഗളത്തിനായ്.
ജോയ് വാഴയില്‍(രാമാനുതാപം)
മദവൃഷഗതിയാമവന്‍റെയോരോ
പദതലവിന്യസനത്തിലും വിളങ്ങീ,
സദഭിജനത, കൃത്യനിഷ്ഠ, ധൈര്യം
ഹൃദയസമുന്നതി, ശൗര്യമെന്നിതെല്ലാം.
വള്ളത്തോള്‍(ശിഷ്യനും മകനും)
മധുദൂതമണഞ്ഞു പാടിടും
മധുഘോഷം മമ ജീവിതേശ്വരി.
വിധിയാല്‍ പരിണാമിയായി നീ,
വിധുരാലാപിനിയായ് മറഞ്ഞുപോയ്.
ജോയ് വാഴയില്‍(രാമാനുതാപം)
മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം
താനായതും ധരനദീനാരിയും നരനുമാനാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണി, യഹോ! നാടകം നിഖിലവും.
ശ്രീനാരായണ ഗുരു(ജനനീനവരത്നമഞ്ജരി)
മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും,
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ച്ചായുന്ന കണ്‍കോണിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍-
സ്ഥാനത്തും, നിഴലിച്ചുകാണ്മു കവിതേ, നിന്‍ മഞ്ജുരൂപത്തെ ഞാന്‍.
വള്ളത്തോള്‍
മാനം, മര്യാദ, മാന്യപ്രണയമധുരമാം ശീല, മൊക്കുന്ന മട്ടില്‍
ദാനം തൊട്ടുള്ള നാനാഗുണവിഭവമിണങ്ങീടുമെന്‍ പ്രാണനാഡി!
ജ്ഞാനധ്യാനൈകരൂപാമൃതമണയുവതിന്നുള്ള നിന്നന്ത്യയാത്ര-
യ്ക്കാനന്ദം കൈവരട്ടേ, തവ വിമല കഥാവസ്തു ശേഷിച്ചിടട്ടെ!
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)
മനുവംശകുലാധിനായകര്‍
മനനം ചെയ്തൊരു ധര്‍മ്മപാതയില്‍,
മനമൂന്നി വളര്‍ന്നു വന്നു ഞാന്‍,
ജനനം തൊട്ടപഭംഗമെന്നിയേ.
ജോയ് വാഴയില്‍(രാമാനുതാപം)
മന്ദം നല്‍ക്കാറൊഴിഞ്ഞൂ, മണമെഴുമണിതാരങ്ങള്‍ താഴെക്കൊഴിഞ്ഞൂ,
ചന്ദ്രന്‍ മുത്തങ്ങണിഞ്ഞൂ, ചെറുതിര രസമോടാടിയാടിക്കുഴഞ്ഞൂ,
ചിന്നിച്ചിന്നിച്ചമഞ്ഞൂ ചിതമൊടളിക, ളിന്ദീവരം തെല്ലടഞ്ഞൂ,
നന്ദ്യാവാതം കുറഞ്ഞൂ, നളിനമഥ, നിലാവങ്ങുകോരിച്ചൊരിഞ്ഞൂ.
ശീവൊള്ളി(മദനകേതനചരിതം)
മന്നില്‍ക്കോളാര്‍ന്നിരമ്പും ജലനിധി, മുകളില്‍ ചാരുതാരാ സമൂഹം,
ചിന്നിക്കാണും നഭോമണ്ഡല, മതിനു നടുക്കുജ്ജ്വലിക്കുന്ന ചന്ദ്രന്‍,
എന്നിസ്സര്‍വ്വേശസൃഷ്ടിക്രമമഹിമ കുറിക്കുന്ന വസ്തുക്കളെല്ലാ-
മൊന്നിച്ചാഹന്ത കാണ്‍കെക്കരളിടയിലഹംബുദ്ധി നില്‍ക്കുന്നതാണോ?
സി.ബാലകൃഷ്ണപ്പണിക്കര്‍(വിശ്വരൂപം)
മുന്നേ ഞാന്‍ നിരുപിച്ചപോല്‍ സദൃശനായുള്ളോരു ഭര്‍ത്താവിനെ-
ത്തന്നേ ഭാഗ്യവശേന മല്‍പ്രിയസുതേ പ്രാപിച്ചു നീ സാമ്പ്രതം;
ഔന്നത്യം കലരും രസാലവരനമ്മുല്ലയ്ക്കുമായ് വല്ലഭന്‍
നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനി, യ്ക്കിമ്മുല്ലയെച്ചൊല്ലിയും.
വലിയകോയിത്തമ്പുരാന്‍(ഭാഷാശാകുന്തളം)
മുന്നില്‍ നില്ക്കുമദമ്യകാന്തിനിവഹം കണ്ടേറെ ഭക്ത്യാദരാല്‍
തന്നിര്‍മ്മാല്യമനസ്സു നിമ്നഗ,യവന്‍മുമ്പില്‍ സമര്‍പ്പിക്കവേ,
വന്നിര്‍ഘോഷമുയര്‍ന്നു വിണ്ണി,ലവനെധ്യാനിച്ചു വന്ദിക്കയായ്
മന്നില്‍ മാമരജാലവും മൃഗഗണത്തോടൊത്തു പക്ഷങ്ങളും.
ജോയ് വാഴയില്‍(രാമാനുതാപം)
മൂന്നാണങ്ങേക്കു പണ്ടേ ദയിതക, ളവരില്‍ സ്വസ്ഥയായേക കഷ്ടം!
പിന്നീടുള്ളോള്‍ പുകള്‍പ്പെ, ണ്ണവളപരപുരാന്തങ്ങളില്‍ സഞ്ചരിപ്പൂ,
ഭാഷായോഷിത്തുപെറ്റിപ്രജകള്‍ വളരെയാ, യങ്ങനര്‍ത്ഥത്തിലായീ,
ദാരിദ്ര്യം കൊണ്ടവറ്റില്‍ ചിലതിനു ചിലവേകാനുമാകാതെയായോ?
വി.സി.ബാലകൃഷ്ണപ്പണിക്കര്‍
മോഹിക്കേണ്ടുമഖണ്ഡകീർത്യുഡുനിരയ്കോക്മൽത്രിയാമാഗമം,
ദാഹിക്കും മതിചാതകിക്കു പുതുതാം കാദംബിനീകന്ദളം,
സാഹിത്യത്തിരുമാറിടത്തിനു മഹാനീലപ്പതക്കം, ജഗൽ-
സൗഹിത്യത്തിനു ലാലസിപ്പു കവിതാലക്മീപ്കടാക്ഷാഞ്ചലം.
വള്ളത്തോൾ(കവിത)
മുമ്പേ ഗമിച്ചീടിന ഗോവു തന്‍റെ
പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം
ഒരുത്തനുണ്ടാക്കിന ദുഷ്‌പ്രവാദം
പരത്തുവാനാളുകളുണ്ടസംഖ്യം.
കുഞ്ചന്‍ നമ്പ്യാര്‍(ശ്രീകൃഷ്ണചരിതം)
മായാരണത്തില്‍ വളരെബ്‌ഭടര്‍ ചേര്‍ന്നു തീവ്ര-
വ്യായാമനാകുമനിരുദ്ധനെ വെന്നശേഷം
ധീയാര്‍ന്ന ബാണസചിവേന്ദ്രനുഷാഗൃഹത്തില്‍-
പ്പോയാന്‍, തദീയസഖി ചെന്നറിയിക്ക മൂലം.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
മായാകല്പിതമിപ്രപഞ്ചമിതിനെസൃഷ്ടിച്ച വിശ്വേശ! നീ
മായാവേഷമെടുത്തു മായ പലതും കാട്ടുന്ന മായാമയൻ;
മായാസൃഷ്ടിവിശേഷമാനുഷജനുസ്സാർന്നുള്ള നിൻ ഭക്തരോ
മായാവാദികൾ മായതന്റെ മകളാം നിൻ മായയും മായയോ?
പ്രേംജി
മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി മിഥിലസുതാ രാമനെക്കേട്ടു മാര-
ത്തീയില്‍ച്ചാടിച്ചിരം വെന്തഴലൊടുമൊരുനാളുച്ചയായോരു നേരം
പയ്യെപ്പയ്യെപ്പതുങ്ങീ രഘുവരഭവനം തേടിയൊടീയിടത്തേ-
ക്കയ്യില്‍ ത്രൈയംബകം മറ്റതിലൊരുമഴുവും കൊണ്ടയോദ്ധ്യയ്ക്കുനേരേ.
രാമക്കുറുപ്പു മുന്‍ഷി(ചക്കീചങ്കരം)
മെയ്യില്‍ പാര്‍വ്വതി പാതി, പാതി ഹരിയും പങ്കിട്ടെടുത്തീടവേ
പോയല്ലോ ഹരനെന്നു ഗംഗയുടനേ ചെന്നങ്ങു ചേര്‍ന്നാഴിയില്‍
വാനത്തമ്പിളിലേഖ, പാമ്പു കുഴിയില്‍, സര്‍വജ്ഞതാധീശതാ-
സ്ഥാനം രണ്ടു ഭവാങ്ക, ലെങ്കലുമഹോ ഭിക്ഷാടനം ഭൂപതേ!
എ. ആര്‍. രാജരാജവര്‍മ്മ
മരുവുമൊരുവനമ്മേ! മാതൃഭൂവെന്നുവന്നാല്‍
പെരുകുമവനതിങ്കല്‍ പ്രേമമെന്നാപ്തവാക്യം
കരുണയൊടനിശം നീ കാക്കിലും നന്ദിയെന്യേ
മരുവുകപതിവാം നിന്‍ മക്കള്‍ കാര്‍ക്കോടകന്മാര്‍.
ഉള്ളൂര്‍(ഉമാകേരളം)
മരണമതവനിന്ദനത്തിലും
വരണസമര്‍ഹതയാര്‍ന്നതെന്നുതാന്‍
കരുതി മനുകുലേശരെന്നുമേ
നിരുപമനിസ്തുലരെന്‍റെ പൂര്‍വികര്‍.
ജോയ് വാഴയില്‍(രാമാനുതാപം)
മര്‍ത്യാകാരേണ ഗോപീവസനനിര കവര്‍ന്നോരു ദൈത്യാരിയെത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
പൊല്‍ത്താര്‍മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!
ഒറവങ്കര
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതു താന്‍ സ്വഭാവമാം
ആറ്റൂര്‍ കൃഷ്ണപ്പിഷാരടി(കേരളശാകുന്തളം)
“മൌലിക്കെട്ടിലൊളിപ്പതാർ?“ “അതുവെറും വെള്ളം“, മുഖം? “പങ്കജം
ബാലേ“, “വാക്കുഴലെന്ത്?“ “വണ്ട്“,“ പുരികം?“ “വെള്ളത്തിലോളങ്ങളാം”
“നീലക്കണ്ണുകളെന്തു കാന്ത?“ “കരിമീൻ”, “മാറോ?“ “രഥാംഗങ്ങ”ളി-
ച്ചേലിൽപ്പാർവ്വതിയെച്ചതിച്ചരുളിടും ഗംഗാധരൻ കാക്കണം.
അരിയന്നൂർ ഉണ്ണികൃഷ്ണൻ
മുല്ലായുധത്തഴ കണക്കു തഴച്ച കൂന്ത-
ലെല്ലാമഴിഞ്ഞഴകിലീ മണിവേദി തന്മേല്‍
മല്ലാക്ഷി തന്‍ പിറകിലായ് ചിതറിക്കിടപ്പൂ
നല്ലാശ്ശരന്നഭസി കാര്‍മുകില്‍ മാല പോലേ.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
മെല്ലെന്നു സൌരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും.
കുമാരനാശാന്‍(വീണപൂവ്)
മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി-
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?
ഇക്കാവമ്മ(സുഭദ്രാധനഞ്ജയം)
മാവും പിലാവും പുളിയും കവുങ്ങും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നില്‍ വിളങ്ങിടുന്നു.
കുറ്റിപ്പുറത്തുകേശവന്‍നായര്‍(ഗ്രാമീണകന്യക)
മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.
രാമപുരത്തു വാര്യര്‍
മിഴിപൂട്ടിശയിച്ചു പിന്നെ,യുള്‍-
മിഴിയില്‍ ജാനകിയുജ്ജ്വലിക്കയായ്
മിഴിവാര്‍ന്നരികത്തു, സൗമ്യമീ
മൊഴി വൈദേഹിയൊടോതി രാഘവന്‍.
ജോയ് വാഴയില്‍(രാമാനുതാപം)
മല്ലാർപൂങ്കാവിലയ്യാ! മൃദുലപവനമേറ്റൂയലാടിക്കളിക്കും
മല്ലാക്ഷീണാം മദോദഞ്ചിതസുലളിതസംഗീതഭംഗീമനോജ്ഞാ.
ഉല്ലാസം പൂണ്ടു പൊന്നിൻ കൊടിമരമുകളിൽ കാറ്റലച്ചംബുദാളീം
മെല്ലേമെല്ലേ മുകയ്ക്കും കനകമയപതാകാവലീ ലാളനീയാ.
പുനം നമ്പൂതിരി(രാമായണം ചമ്പു)
മേഴത്തോളഗ്നിഹോത്രീ രജകനുളിയനൂർത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതലമരുവും നായർ കാരയ്ക്കൽ മാതാ
ചെമ്മേകേളുപ്പുകൂറ്റൻ പെരിയതിരുവരങ്കത്തെഴും പാണനാരും
നേരേ നാരായണബ്ഭ്രാന്തനുമുടനമകവൂർ ചാത്തനും പാക്കനാരും.
കൊട്ടാരത്തിൽ ശങ്കുണ്ണി