ദ്രുതമതിലഥ നോക്കി നിശ്വസിച്ച-
സ്സമരുചിയാര്‍ന്ന മനോജ്ഞഹസ്തതാരാല്‍
സുമമലിവൊടിറുത്തു മുത്തി, മാറില്‍
കമനിയണച്ചഥ ചൂടി ചൂഡതന്നില്‍.
കുമാരനാശാന്‍(ലീല)
ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്‍ക്കിലത്യന്ത മോശം
പറകില്‍ നഹി കലാശം, പാര്‍ക്കിലിന്നേകദേശം
സുമുഖി! നരകദേശം തന്നെയാണാപ്രദേശം.
വെണ്മണി മഹന്‍
ദയയരുളിയെനിക്കു ദേവി നീ,
പ്രിയമൊടണച്ചു മഹത്വമെന്നിലും.
സ്വയമതിതപനം സഹിക്കിലും
ലയമരുളും മഹി തന്‍ സുപുത്രി നീ.
ജോയ് വാഴയില്‍(രാമാനുതാപം)
ദ്രോണാചാര്യമഹാനുഭാവനവിടുന്നേകട്ടെ രാധേയന-
ബ്ബാണാഭ്യാസനവിദ്യയെന്നുകരുതീട്ടങ്ങോട്ടപേക്ഷിക്കവേ
ബാണം കയ്യിലെടുക്കുവാനതുതൊടുക്കാനെന്‍റെ സൂതാത്മജാ,
വേണം ക്ഷത്രിയജന്മമെന്നു പരിഹാസത്തോടെയന്നോതിനാൻ.
മായന്നൂർ ചിത്രൻ
ദയിതയ്ക്കു വരം കൊടുത്തുപോയ്
ദയയോടെന്‍റെ പിതാവു സത്യവാന്‍,
പ്രിയമെന്നില്‍ നിറഞ്ഞവന്‍ വ്യഥാ-
ത്യയമാര്‍ന്നെന്‍റെ വിയോഗനാള്‍കളില്‍.
ജോയ് വാഴയില്‍(രാമാനുതാപം)
ദയയൊടവള്‍ തലോടിയുമ്മവെച്ചാള്‍
ദയിതനെ, രാഗമിരുന്ന ഹൃത്തടത്തില്‍;
നിയതമഴല്‍ ചുടുന്ന നെറ്റിമേലും
പ്രിയതമ പൈതലെയമ്മയെന്നപോലെ.
കുമാരനാശാന്‍(ലീല)
'ദയിതനെവിടെയങ്ങു ദേഹവും
നിയതമസുക്കളു'മെന്നുരച്ചവള്‍
ഭയമൊരു ചെറുതാര്‍ന്നിടാതെയെന്‍
പ്രിയ പിറകേ നടകൊള്‍വതോര്‍പ്പു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)
ദയിതനവിടെ സൗഖ്യമല്ലി, നീ
നിയതമണച്ചതിമോദമന്തരാ.
ജയമൊടനുകനിങ്ങണഞ്ഞിടാന്‍
പ്രിയയിവളെത്ര കൊതിപ്പു നാള്‍ക്കുനാള്‍.
ജോയ് വാഴയില്‍(രാമാനുതാപം)
ദാരിദ്ര്യമില്ല, രുജയില്ല, ജനങ്ങൾ തമ്മിൽ-
പ്പോരിട്ടു നീളെ വിഷവായു പൊഴിക്കലില്ല,
ഭൂരിപ്രശാന്തഗുണമിങ്ങനെയുള്ളൊരേടം
ചാരിത്രശാലിനിയണഞ്ഞു കഴിഞ്ഞു താൻതാൻ.
വള്ളത്തോൾ
ദൂരെനിന്ന യമി തന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവള്‍,
പാരമിഷ്ടജനരൂപമോരുവാന്‍
നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം.
കുമാരനാശാന്‍(നളിനി)
ദേവാരിവീരഭടശസ്ത്രശതങ്ങളേറ്റ
നോവാകെയിപ്പൊഴുതിലാണറിയുന്നതീ ഞാന്‍;
മാല്‍വായ്ച്ചുഴന്നു കൃപണാകൃതി പൂണ്ടു വാസു-
ദേവാത്മജസ്നുഷ തുറുങ്കിലണഞ്ഞുവല്ലോ.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
ദേവാരിവീരഭടശസ്ത്രശതങ്ങളേറ്റ
നോവാകെയിപ്പൊഴുതിലാണറിയുന്നതീ ഞാന്‍;
മാല്‍വായ്ച്ചുഴന്നു കൃപണാകൃതി പൂണ്ടു വാസു-
ദേവാത്മജസ്നുഷ തുറുങ്കിലണഞ്ഞുവല്ലോ.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
ദേവന്മാരുള്ള നാടും നരകവുമിവിടെത്തന്നെയാണെന്നു വന്നാ-
ലാവട്ടേ, നാം നയിച്ചൂ പ്രണയമസൃണമീ ജീവിതം സ്വര്‍ഗതുല്യം
ജീവന്‍ മേലില്‍ സുശീലേ, ജനനമണയുമെന്നാകിലിന്നാമൊരേമ-
ട്ടേവം താന്‍ ചേരുമപ്പോളമിതപരചിദാനന്ദകന്ദം ഭുജിക്കാം.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)
ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍;
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ-
യൂഴിക്കരയ്ക്കളവുചങ്ങലയെന്ന പോലെ.
ഏ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)
ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്‍റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ
ചങ്ങനാശ്ശേരി രവിവര്‍മ്മ
ദശരഥവരമേകിയന്നെനി-
ക്കശനി, സതീമണിയൊപ്പമെത്തി മേ;
ഭൃശഹതിയവളാര്‍ന്നു, കൂടെ ദുര്‍-
ദ്ദശയിലവള്‍ക്കു തുണച്ചതില്ല ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)
ദുഷ്ക്കര്‍മ്മം ചെയ്തിരിക്കാമഹ, മതുമുഴുവന്‍ ചിത്രഗുപ്തന്‍ കണക്കിന്‍-
ബുക്കില്‍ കൊള്ളിച്ചിരിക്കാം, യമനുമതിനു കണ്ടോട്ടെയെന്നായിരിക്കാം,
മുക്കണ്ണപ്രാണനാഥേ! ഭഗവതി! തവ തൃക്കാലെഴും കാലമാരും
മുഷ്ക്കെന്നില്‍ ചെയ്യുമെന്നുള്ളൊരു ഭയമടിയന്നില്ല പുല്ലാണതെല്ലാം.
ഒറവങ്കര
ദൈവം വന്നതു തത്ത്വചിന്തകൾ തെളിച്ചെത്തിച്ച തേർത്തട്ടിലോ?
ഭാവങ്ങൾക്കഭിരാമരൂപമരുളും ശില്പീന്ദ്രശില്പത്തിലോ?
പൂവർപ്പിച്ച പുരോഹിതന്റെ ഭജനപ്പാട്ടിന്റെ മാറാപ്പിലോ?
പാവം മിഥ്യ പണിഞ്ഞുയർത്തിയ തമോരൂപപ്രപഞ്ചത്തിലോ?
വയലാർ രാമവർമ്മ
ദുഹിതൃപരിണയോത്സവം യഥാ-
വിഹിതമൊരുക്കി വഴിക്കു വര്‍ത്തകന്‍;
അഹഹ! പിതൃനിയോഗഖിന്ന, ദു-
സ്സഹമഴലപ്പൊഴറിഞ്ഞു ബാലിക.
കുമാരനാശാന്‍(ലീല)