ഞെട്ടറ്റു നീ മുകളില്‍ നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭൂവിലടിയുന്നൊരു ജീവനെന്നോ.
കുമാരനാശാന്‍(വീണപൂവ്)
ഞാനോ മാനിനിമാർക്കു മന്മഥനഹോ!ശാസ്ത്രത്തിലെന്നോടെതിർ-
പ്പാനോ പാരിലൊരുത്തനില്ല കവിതയ്ക്കൊന്നാമനാകുന്നു ഞാൻ.
താനോരോന്നിവയോർത്തുകൊണ്ടു ഞെളിയേണ്ടെൻ ചിത്തമേ! നിശ്ചയം
താനോ ജീവനൊരസ്ഥിരത്വമതിനാൽ നിസ്സാരമാണൊക്കെയും.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടുവീര്‍ത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്‍റെ മേനി വേര്‍-
പെട്ടിടാഞ്ഞു ബത! ശങ്ക തേടിനാന്‍.
കുമാരനാശാന്‍(നളിനി)
ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു-
നീരില്‍ പിടിപ്പിച്ചൊരു കോട്ട കെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ;
പ്രപഞ്ചമേ, നീയിതുതന്നെയെന്നും!
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)
ഞാനോ നീർക്കെട്ടി മൂടുന്നൊരു നയനതടം വിങ്ങിമങ്ങിക്കുഴങ്ങി-
പ്പീനോൽകണ്ഠാപരീതൻ വിരഹവിധുരതാധൂസരാംഗങ്ങളോടേ
മാനോടും കണ്ണി! മുള്ളും ചരലുമിടകലർന്നുള്ള മാർഗ്ഗം ചവിട്ടി-
ത്താനോരോ ജീവിതായോധനമുറിവുകളേറ്റോടി വാടേണ്ടി വന്നൂ.
വി.സി.ബാലകൃഷ്ണപ്പണിക്കർ(ഒരുവിലാപം)
ഞാനാളയച്ചിഹ വരുത്തിയതാണു കയ്യേ-
റാനായ് സ്വയം വരികയല്ല മമാര്യപുത്രൻ;
നാനാതരത്തിലപരാധമൊരാൾക്കു ബന്ധ-
സ്ഥാനാപ്തിയന്യനുമിതോ ബലിവംശ ധര്‍മ്മം?
വള്ളത്തോൾ
ഞാനാണമ്മേ ഭയത്താ,ലവനെയറിയുകില്ലെന്നുതാന്‍ മൂന്നുവട്ടം
ഈ നാവാല്‍ച്ചൊല്ലിയോ,നെങ്കിലുമവനിവനും സ്നേഹമാണേകിയിന്നും.
നാനാക്ലേശാതുരര്‍ക്കാശ്വസനമരുളിയും, മോചനം നിന്ദിതര്‍ക്കും
ദീനാര്‍ത്തര്‍ക്കും പകര്‍ന്നും, ജഗദധിപഹിതം സ്നേഹമെന്നോതി ദേവന്‍.
ജോയ് വാഴയില്‍(മാതൃവിലാപം)