നികടത്തില്‍ മദീയമാശ്രമം
മകളേ! പോരികതോര്‍ക്ക നിന്‍ഗൃഹം,
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയന്‍ മുനി.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന കരോതി ഭാരം
വ്യയേകൃതേ വര്‍ധത ഏവ നിത്യം
വിദ്യാധനം സര്‍വധനാത്‌പ്രധാനം.
ഭാമിനി(സഭാതരംഗിണി)

നെടിയ മല കിഴക്കും, നേരെഴാത്താഴി മേക്കും,
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാ, മബ്ധികാഞ്ചിക്കു നീയേ
മുടിനടുവില്‍ വിളങ്ങും മുഖ്യമാണിക്യരത്നം.
ഉള്ളൂര്‍(ഉമാകേരളം)

"നാടാം നാടുകളൊന്നിലും കഴിവതില്ലെന്നോടു പോരാടി നേ-
ടീടാനാര്‍ക്കു,മതോര്‍ത്തിടാതെയിവനാരെത്തീ വിനാശോന്മുഖന്‍?
കീടാഭിന്ന,നരിഷ്ടദുഷ്ടമതിയാം കള്ളപ്പരുന്തേ, യിനി-
കൂടാര്‍ന്നീടുകയില്ല നീ", കഠിനമാക്രോശിക്കയായ് രാവണന്‍.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

നാട്യപ്രധാനം നഗരം ദരിദ്രം,
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം,
കാട്ടിന്നകത്തോ കടലിന്നകത്തോ
കാട്ടിത്തരുന്നൂ വിധി രത്നമെല്ലാം.
കുറ്റിപ്പുറത്തു കേശവന്‍ നായര്‍(ഗ്രാമീണകന്യക)

നാട്ടാരെല്ലാം വിഷൂചീലഹളയിലുതിരും കാല, മദ്ദീനമായ്‌ത്തന്‍
കൂട്ടാളയ്യോ കഴിഞ്ഞീടിന കഥ, വലുതായുള്ള വര്‍ഷാനിശീഥം,
കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമാ വേളയില്‍ക്കഷ്ടമായാള്‍
നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിളക്കിന്‍റെ നേരിട്ടിരുന്നു.
വി.സി.ബാലകൃഷ്ണപണിക്കര്‍(ഒരു വിലാപം)

നെടുനാള്‍ വിപിനത്തില്‍ വാഴുവാ-
നിടയായ് ഞങ്ങളതെന്‍റെ കുറ്റമോ?
പടുരാക്ഷസചക്രവര്‍ത്തിയെ-
ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നിത്യഭാസുരനഭശ്ചരങ്ങളേ!
ക്ഷിത്യവസ്ഥ, ബത, നിങ്ങളോര്‍ത്തിടാ,
അത്യനര്‍ഘവശ ഞാന്‍, ക്ഷമിക്കുകീ
കൃത്യമെന്നുമവയോടിരന്നു ഞാന്‍.
കുമാരനാശാന്‍(നളിനി)

നാദത്താലുലകം ചമച്ചു, നിതരാം പാലിച്ചു കല്പാന്ത നിര്‍-
ഭേദത്താലുപസംഹരിച്ചതിലെഴും ബീജാക്ഷരത്താല്‍ ക്രമാല്‍
സാദം വിട്ടുലകങ്ങള്‍ തീര്‍ത്തരുളലാമീയക്ഷരശ്ലോക സം-
വാദത്തില്‍ ശിവശക്തികള്‍ക്കിയലുമാഹ്ലാദം നമുക്കാശ്രയം.
വൈലോപ്പിള്ളി

നാനാജന്മങ്ങളാകും പടവുകളിലൊടുക്കത്തതാണെന്നു കേള്‍പ്പൂ
മാനാധിക്യം പെടും മാനവജനി, യിനി കാല്‍വെപ്പു മേല്‍ത്തട്ടിലേക്കാം;
ഊനാപേതം കടന്നാല്‍ ജനിമൃതിരഹിതാവസ്ഥ നേടാം, പിഴച്ചാല്‍
ഞാനാദ്യം തൊട്ടു വീണ്ടും കയറണ,മതിനാല്‍ വീഴ്ത്തൊലാ വിശ്വനാഥേ!
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

നിനക്കണം പുത്രരില്‍ മീതെയായിയും
കനത്ത വാല്‍സല്യമൊടിക്കുലീനനെ
നിനക്കു ഗര്‍ഭപ്രസവാദിപീഡയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും)

നന്നായുള്ളോരലങ്കാരവുമകലെ വെടിഞ്ഞര്‍ത്ഥമെല്ലാമുപേക്ഷി-
ച്ചൊന്നായ്പ്പാകാദി കൈവിട്ടിഹ പരമപദം ചേരുവാന്‍ മോഹമാര്‍ന്നു
ഇന്നിക്കാണുന്ന ഭാഷാകവികുലമഖിലം താപസപ്രായമാകു-
ന്നെന്നാല്‍ മൗനവ്രതം താനിനിയിവര്‍ തുടരുന്നാകില്‍ നന്നായിരിക്കും.
രവിവര്‍മ്മകോയിത്തമ്പുരാന്‍

'നന്നോ മെയ്യണിവാനുമേ ഫണി?', 'രമേ, മെത്തയ്ക്കു കൊള്ളാം!'; 'കണ-
ക്കെന്നോ കാളയിതേറുവാനനുദിനം?', 'മേച്ചീടുവാനുത്തമം!';
'എന്നാലെന്നുമിരന്നിടുന്നതഴകോ?', 'കക്കുന്നതില്‍ ഭേദമാ'-
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!
കാത്തുള്ളില്‍ അച്യുതമേനോന്‍

നിന്‍നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്‌,
നിന്നാസ്യപ്രഭ തേടുമമ്പിളിയൊളിക്കപ്പെട്ടു കാര്‍കൊണ്ടലാല്‍;
അന്നത്തന്വികള്‍ നിന്നൊടൊത്ത നടയുള്ളോരങ്ങുമണ്ടീടിനാര്‍,
നിന്നൌപമ്യവുമിന്നുകാണ്‍മതു പൊറുക്കുന്നില്ലഹോ ദുര്‍വിധി.
ഏ.ആര്‍. രാജരാജവര്‍മ്മ

നില്ക്കട്ടേ പേറ്റുനോവിൻ കഥ, രുചികുറയും കാലമേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരുകൊല്ലം കിടക്കും കിടപ്പും.
നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടുക്കുന്നതിൻ കൂലി പോലും
തീർക്കാവല്ലെത്ര യോഗ്യൻ മകനു,മതു നിലയ്ക്കുള്ളൊരമ്മേ! തൊഴുന്നേൻ.
ശങ്കരാചാര്യർ(മാതൃഭക്തി)

നീലാകാശമതാ നിരാഭരണയായ് വിങ്ങുന്നു, വിൺപുഷ്പകം
മേലാവിഷ്ടനൊരാള്‍, ദരാകൃതി ദശാസ്യം ചേർന്നരക്കാരചൻ,
ശ്രീലാനർഘ നവാംഗി വിശ്ലഥവപുസ്സുണ്ടന്തികേ,വമ്പെഴും
ജ്വാലാരുഷ്ടിയൊടെത്തി ഗൃദ്ധ്രവരനേകീടുന്നവസ്കന്ദനം.
ജോയ് വാഴയില്‍(നിലാനിർഝരി)

നിമേഷമഞ്ചാറിനിടയ്ക്കമംഗള-
പ്രമേയമാ രംഗമതാ മറഞ്ഞുപോയ്‌.
ക്രമേണ സംഗീതമരന്ദസാന്ദ്രമാ-
യുമേശശൈലോപരി വായുമണ്ഡലം.
വള്ളത്തോള്‍(ശിഷ്യനും മകനും)

നയമായ് ചിരവന്ധ്യയെന്നുതാന്‍
പ്രിയമെന്നില്‍പെടുമഭ്യസൂയകള്‍
സ്വയമേയപവാദശസ്ത്രമാര്‍-
ന്നുയരാമെന്നതു വന്നുകൂടയോ?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നിയതം വനവാസവേളയില്‍
പ്രിയനന്യാദൃശഹാര്‍ദ്ദമാര്‍ന്നുതാന്‍;
സ്വയമിങ്ങു വിഭുത്വമേറിയാല്‍
ക്ഷയമേലാം പരമാര്‍ത്ഥസൗഹൃദം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നിയമങ്ങള്‍ കഴിഞ്ഞു നിത്യമാ
പ്രിയഗോദാവരി തന്‍ തടങ്ങളില്‍
പ്രിയനൊത്തു വസിപ്പതോര്‍പ്പു ഞാന്‍
പ്രിയയായും പ്രിയശിഷ്യയായുമേ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നയമാര്‍ഗ്ഗചരര്‍ക്കു ദീപമാ-
യുയരും നിന്‍പ്രഭ നാകമേറുവാന്‍;
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നരലോകമിതില്‍ പെടാവതാം
നരകം സര്‍വമടുത്തറിഞ്ഞ ഞാന്‍
പരമാര്‍ത്ഥമതോരിലഞ്ചുവാന്‍
തരമില്ലെന്തിനൊളിച്ചു മന്നവന്‍?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നീലക്കാർ മൂടി മങ്ങുന്നിതു മതി, കൊടുതാം മിന്നൽ പായുന്നു നാഡീ-
ജാലത്തിൽക്കൂടി, ദീർഘശ്വസനനിളകവേ, ബാഷ്പവർഷം വരുന്നൂ.
പാലഞ്ചും വാണിയാളേ! തവവിരഹവിചാരാംബുധിക്കോളിളക്കം
കാലത്തിന്നൊത്തിരിപ്പൂ കണവനുടെ കരൾക്കെട്ടിതാ പൊട്ടിയല്ലോ.
വി. സി. ബാലകൃഷ്ണപ്പണിക്കർ

നൂറ്റാണ്ടെത്ര കഴിഞ്ഞുപോകിലു,മുയർന്നീടും ചരിത്രത്തില-
ന്നൊറ്റാൽ നെഞ്ചിലമർന്ന തോക്കലറി സമ്മാനിച്ചൊരാത്മാഹുതി.
മാറ്റാർനായകനായ‘ബാബറു’മുരച്ചീ ധീരനന്യാദൃശൻ,
തോറ്റാലും ജയമാർന്നവൻ,രിപുവിനും സമ്മാന്യനാം നായകൻ.
ജോയ് വാഴയില്‍(ഋതുഭേദങ്ങൾ)

നീരന്ധ്രനീലജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളര്‍വില്ലുവരച്ചുമായ്ച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം.
ജി. ശങ്കരക്കുറുപ്പ്‌(ഓടക്കുഴല്‍)

നേരിൻ മർമ്മം പകർന്നാനുപമകളിലവൻ, കേട്ടു ഞങ്ങൾ മഹത്താം
ഗീരിൻ സംവിഷ്ടസംവി,ത്തകനിറവുണരാനക്ഷരം നേടിടാത്തോർ.
നീരിൻ സൗഭാഗ്യമേകും ഹൃദയമലിവൊടാ കാട്ടുകൂപത്തിനും, പൊൽ-
ത്താരിൻ സുസ്മേരസമ്മോഹനമൊരുപവനത്തിന്നുമാകാശമേഘം.
ജോയ് വാഴയില്‍(മാതൃവിലാപം)

നാകം ചേരുവതെങ്ങു? നന്മ വിടരും ഹൃത്തിന്റെ പൂവാടിയിൽ,
ലോകത്തെങ്ങുമതേവിധം നരകവും ചേരുന്നു ചിത്തങ്ങളില്‍.
ഹാ, കണ്ണീർക്കണമൊപ്പുവാനെവിടെയെല്ലാമിന്നു നീളുന്നുവോ,
കൈകള്‍, സ്വർഗ്ഗമിറങ്ങിവന്നവിടെയാവാസം ദ്രുതംചെയ്തിടും.
ജോയ് വാഴയില്‍(നിമിഷജാലകം)

നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോർത്താലുമിന്നെൻ
വേദാന്തക്കൺവെളിച്ചം വിരഹമഷി പിടിച്ചൊന്നു മങ്ങുന്നുവെങ്കിൽ
പാദാർത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടുഗ്രസംഗ-
ത്തീദാഹം കൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാൾ മൂടിവെയ്ക്കും?
വി. സി. ബാലകൃഷ്ണപ്പണിക്കർ

നന്നാണേവർക്കുമായിട്ടൊരുവനു മൃതി നാമേകിടുന്നെന്നുവന്നാൽ
എന്നാണോതീ ദുരാത്മാവകമവസഥമായ് തീർത്ത കയ്യാഫസന്നാൾ.
എന്നാലാച്ചൊല്ലുപോലും മൃതിയിലൊരു മഹൽസത്യമായ് മാറ്റി ദേവൻ
നന്നായ് നിദ്രാബ്ദിയിങ്കൽ വിധി തപനമഹാബോധമുൾച്ചേർത്തിടുന്നു.
ജോയ് വാഴയിൽ(മാതൃവിലാപം)

നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
അല്ലേ ശശാങ്കനിതു സങ്കുചിതന്‍ ഫണീന്ദ്രന്‍;
അല്ലേ കളങ്കമിതു തല്‍പഗതന്‍ മുരാരി.
എ. ആര്‍. രാജരാജവര്‍മ്മ

നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിന്‍ പാദം തലോടീ ചിരം,
പാലഞ്ചും മൊഴി തന്നപാംഗവലയില്‍പ്പെട്ടേനുഴന്നേന്‍ ചിരം
കോലം കെട്ടുക കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി-
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ!
കുഞ്ചന്‍ നമ്പ്യാര്‍

നിലയറ്റ സുഖാസുഖങ്ങളാ-
മലയില്‍ത്താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പൊള്‍ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നിലയെന്നിയെ ദേവിയാള്‍ക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടല്‍
പലഭാവമണച്ചു മെല്ലെ നിര്‍-
മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നീലനിശീഥിനിയുണരുകയായി
വിണ്ണിനു താരകള്‍ നിറകതിരായി
ചന്ദ്രികതൂകിയ മലര്‍‌വനിതന്നില്‍
നീയൊരു മാദകമധുമലരായി.
ശ്രീലകം

നില പിതൃവരമാം വചസ്സുകള്‍-
ക്കലഘുതരം ഭുവി ലഭ്യമാക്കി ഞാന്‍;
വില ചെറുതുമെഴാത്തൊരെച്ചിലി-
ന്നിലയൊടു തുല്യമെറിഞ്ഞു സാദ്ധ്വിയെ.
ജോയ് വാഴയില്‍(രാമാനുതാപം)

നല്ല ഹൈമവതഭൂവില്‍ - ഏറെയായ്‌-
ക്കൊല്ലം - അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗിയേകനുത്‌-
ഫുല്ലബാലരവിപോലെ കാന്തിമാന്‍.
കുമാരനാശാന്‍(നളിനി)

നളിനങ്ങളിറുത്തു നീന്തിയും
കുളിരേലും കയമാര്‍ന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോല്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

നാളല്പം, വെറുമര്‍ത്ഥശൂന്യസുഖദു:ഖോന്മാദ ദുര്‍നാടകം,
മേളം മിഥ്യ,യതോര്‍ത്തിടാതെ ശലഭക്കൂട്ടങ്ങള്‍ തീ കായവേ,
വാളല്ലാതെ ശമത്തിനില്ല വഴിയെന്നോരും കുതന്ത്രങ്ങളില്‍
താളം തെറ്റിയുഴന്നിടുന്നു, യുഗസംസ്കാരങ്ങള്‍, ഹാ, കഷ്ടമേ!
ജോയ് വാഴയില്‍(നിമിഷജാലകം)

നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന്‍ ശിരസ്സിങ്കലും,
ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി-
യ്ക്കാറും പിന്നെയൊരാറുമെന്നിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.
വെണ്മണി മഹൻ