ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൌവര്‍ണ്ണപിണ്ഡമതുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ തപനമണ്ഡലകൈതവത്താല്‍.
വി.സി.ബാലകൃഷ്ണപ്പണിക്കർ(വിശ്വരൂപം)
ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടി യമമൂര്‍ത്തി ഭീകരം
ഏകയായവിടെ നിന്നു, സൂചിയേ-
റ്റാകിലെന്നുടലറിഞ്ഞിടാതെ ഞാന്‍.
കുമാരനാശാന്‍(നളിനി)
ലോകം ശാശ്വതമല്ല, ജീവിതസുഖസ്വപ്നങ്ങള്‍ മായും, വരും
ശോകം, മായികബുദ്ബുദങ്ങള്‍ മറയും, പായും സരിത്സഞ്ചയം,
നാകം കാല്‌പനികോത്സവാങ്കിതലസത്ക്കാനല്‍ജലം - പിന്നെയെ-
ന്തേകം, സത്യ, മനശ്വരം? മൃതി - അതേ, മൃത്യോ, ജയിക്കുന്നു നീ!
ചങ്ങമ്പുഴ
ലോകം ശാശ്വതധര്‍മ്മബന്ധുരമലര്‍ക്കാവായ് ലസിപ്പാന്‍, മഹാ-
ശോകം ജീവനിലേറ്റിടുമ്പൊഴുമകക്കാലുഷ്യമേതും വിനാ,
ശ്രീകസ്വച്ഛമനോജ്ഞമായി വിലസും രാമാനനം മുത്തുവാ-
നാകമ്പ്രാനിലവീചിയായരികിലേയ്ക്കെത്തീടിനാള്‍ മൈഥിലി.
ജോയ് വാഴയില്‍(രാമാനുതാപം)
ലീലാരസത്തിനിടയില്ലധുനാ വിളംബ-
മേലാതുണര്‍ത്തുവതിനുണ്ടൊരു കാര്യമെന്നായ്
കാലാരിശിഷ്യനഗജാതനയന്‍റെ കൈക-
ളാലാഞ്ഞു പുല്കിയ പിടുത്തമുടന്‍ വിടുര്‍ത്തീ.
വള്ളത്തോൾ(ശിഷ്യനും മകനും)
ലാവണ്യോല്ലാസശോഭാദികളിഹ പകലിൻ പക്കലാണൊക്കെ രാവേ!
നീ വന്നാലെത്തുമോരോ കരുമനയിരുളിന്നൊത്ത നിൻ വൃത്തിയാലേ
ഈവണ്ണം പേടിപൂണ്ടോരിവനു തവ സുവർണ്ണോല്ലസദ്ദിവ്യലോകം
കൈവന്നൂ ജീവിതത്തിൻ മറുവശവുമിതേ മാതിരിക്കായിരിക്കും.
പി. ശങ്കരൻ നമ്പ്യാർ
ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക, മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.
കുമാരനാശാന്‍(നളിനി)
ലലിതലലിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം.
കുമാരനാശാന്‍(ലീല)
ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?
വലിയകോയിത്തമ്പുരാൻ(മയൂരസന്ദേശം)
ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സത്‌കീര്‍ത്തി, വിദ്വല്‍-
ഭാവം കൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാം വന്‍പ്രതാപം
ഈവണ്ണം വര്‍ണനീയം ഗുണമഖിലമൊരേ വാതിലില്‍ തട്ടിമുട്ടി-
ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവില്‍ ചെന്നുചേരുന്നുവല്ലോ.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)
ലവകുശരെ വളര്‍ത്തി ജാനകി,
വിവിധകലാവിധിശാസ്ത്രശസ്ത്രരായ്,
അവര്‍ മുനിയൊടുമൊത്തു വന്നിതെന്‍
സ്തവകസുകാവ്യസുഗേയവിശ്രുതര്‍.
ജോയ് വാഴയില്‍(രാമാനുതാപം)
ലോകത്തിൻ കൺമയക്കും തവ തിമിരമണിപ്പിഞ്ഛികാചാലനത്താ-
ലാകമ്രസ്വപ്നസൗധോത്സവകലവി പുലർത്തും മഹാമായികേ! നീ
ശോകപ്രേതാളിബാധയ്ക്കറുതിയരുളിയെൻ ചേതനയ്ക്കേകിയാലും
പാകം പോൽ നിത്യമാദ്ധ്യാത്മികബലമുലകിൻ തോഷസംപോഷണാർത്ഥം.
പി. ശങ്കരൻ നമ്പ്യാർ